അവതാരകയായും ഗായികയായും ഡബ്ബിംഗ് ആർട്ടിസ്റ്റായും അഭിനേത്രിയായും മലയാളി പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് അഞ്ജു എബ്രഹാം. മ്യൂസിക് പരിപാടികളിൽ അവതാരകയായി കരിയർ ആരംഭിച്ച അഞ്ജു ഡബ്ബിംഗ് മേഖലയിലും സിനിമയിലും കഴിവ് തെളിയിച്ചത് വളരെ ചുരുങ്ങിയ കാലം കൊണ്ടാണ്. മലയാളത്തിൽ ഒരുപിടി നല്ല ചിത്രങ്ങളുടെ ഭാഗമാവാൻ അഞ്ജുവിന് സാധിച്ചു. ഏറ്റവും പുതിയ സിനിമാവിശേഷങ്ങളെക്കുറിച്ചും കരിയറിനെക്കുറിച്ചും അഞ്ജു മനസ്സ് തുറക്കുന്നു...
അവതാരകയുടെ റോളിൽ നിന്ന് മാറി എങ്ങനെയായിരുന്നു സിനിമാപ്രവേശനം?
സിനിമയിലേക്കുള്ള പ്രവേശനം ഓഡിഷൻ വഴിയായിരുന്നു. പല സിനിമകളിലും അഭിനേതാക്കളെ തേടുന്ന പരസ്യങ്ങൾ കണ്ടാണ് ഓഡിഷൻ കോളിന് പ്രൊഫൈൽ അയയ്ക്കാൻ തുടങ്ങിയത്. കാസ്റ്റിംഗ് ഗ്രൂപ്പുകളുമായി സഹകരിച്ചും വർക്കുകൾ ചെയ്യാറുണ്ട്. ഓഡിഷനുകൾ അറ്റൻഡ് ചെയ്തുതന്നെയാണ് സിനിമാമേഖലയിൽ എത്തിപ്പെട്ടത്. കാസ്റ്റിംഗ് ഗ്രൂപ്പുകൾ വഴി വരുന്ന ഓഡിഷനുകൾ കാണുമ്പോൾ എനിക്ക് യോജിച്ചതാണെന്ന് തോന്നുകയാണെങ്കിൽ പ്രൊഫൈൽ അയച്ചുകൊടുക്കും. ഡൊമിൻ ഡിസിൽവാ സംവിധാനം ചെയ്ത 'പൈപ്പിൻ ചുവട്ടിലെ പ്രണയം' എന്ന ചിത്രത്തിൽ നായിക റെബയ്ക്ക് വേണ്ടി ഞാൻ ശബ്ദം നൽകിയിരുന്നു. അങ്ങനെയാണ് ഡൊമിനുമായുള്ള സൗഹൃദം. അദ്ദേഹം വഴിയാണ് തമിഴ് സിനിമയായ 'റെജീന'യിലേക്കുള്ള അവസരം വന്നത്.
ഡബ്ബിംഗിൽ കൈവച്ച ആൾക്ക് അഭിനയം എളുപ്പമായിരുന്നോ?
ഡബ്ബിംഗ് ചെയ്യുമ്പോൾ കഥാപാത്രത്തിനോട് നീതി പുലർത്തി അഭിനയിച്ചുകൊണ്ടുതന്നെയാണ് ഞാൻ ചെയ്യാറുള്ളത്. അല്ലെങ്കിൽ കഥാപാത്രത്തിന്റെ പൂർണ്ണതയിലേക്കെത്തിക്കാൻ സാധിക്കില്ല. ഡബ്ബിംഗ് ചെയ്തതുകൊണ്ട് തന്നെ അഭിനയമെനിക്ക് കുറച്ചുകൂടി എളുപ്പമായിരുന്നു.
സംഗീതം ഏറെ ഇഷ്ടപ്പെടുന്ന ആളാണല്ലോ.. പാട്ടുവിശേഷങ്ങൾ എന്തൊക്കെ?
അഭിനയമാണെങ്കിലും ഡബ്ബിംഗ് ആണെങ്കിലും എനിക്ക് ഏറ്റവും ഇഷ്ടം പാട്ട് തന്നെയാണ്. സിനിമാമേഖലയിലേക്ക് എത്തിപ്പെട്ടതുതന്നെ ഒരു പാട്ടുകാരിയാവാൻ വേണ്ടിയാണ്. ഞാൻ ജനിച്ചതും പഠിച്ചതും വളർന്നതുമൊക്കെ ഇടുക്കിയിലാണ്. ഇടുക്കി പോലൊരു സ്ഥലത്തുനിന്ന് എനിക്ക് ഇൻഡസ്ട്രിയിൽ പിടിച്ചുനിൽക്കുകയെന്നത് ചെറിയ കാര്യമായിരുന്നില്ല. ഈയൊരു മേഖലയിലേക്ക് കടന്നുവരാൻ വേണ്ടിയാണ് ഞാൻ മ്യൂസിക് പ്രോഗ്രാമുകളിൽ അവതാരകയായത്. ഈ വർഷം ഞാൻ കണ്ട പാട്ടുകാരിയെന്ന സ്വപ്നവും നേടിയെടുത്തിരിക്കുകയാണ്. കാളിദാസ് ജയറാം, നമിതാപ്രമോദ്, സൈജുക്കുറുപ്പ് എന്നിവർ കേന്ദ്ര കഥാപാത്രമാകുന്ന രജനി എന്ന ചിത്രത്തിനുവേണ്ടിയാണ് ഞാൻ ആദ്യമായി പ്ലേബാക്ക് സിംഗർ ആയിരിക്കുന്നത്. ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത് ഫോർ മ്യൂസിക് ആണ്.
പുതിയ സിനിമയുടെ വിശേഷങ്ങൾ.. കഥാപാത്രത്തെക്കുറിച്ച്?
'നടന്ന സംഭവം' എന്ന ചിത്രത്തിലാണ് ഒടുവിലായി അഭിനയിച്ചിരിക്കുന്നത്. ബിജു മേനോൻ, സുരാജ് വെഞ്ഞാറമ്മൂട്, ലിജോമോൻ, ശ്രുതി രാമചന്ദ്രൻ, ജോണി ആന്റണി, ലാലു അലക്‌സ് തുടങ്ങി ഒരുപിടി നല്ല താരങ്ങൾക്കൊപ്പം വർക്ക് ചെയ്യാനുള്ള അവസരം ലഭിച്ചു. മായ എന്നാണ് കഥാപാത്രത്തിന്റെ പേര്. എന്റെ മനസ്സിനോട് ഏറ്റവും അടുത്തുനിൽക്കുന്നതും പ്രിയപ്പെട്ടതുമായ കഥാപാത്രമാണ് മായ. ഒരു പോലീസ് കോൺസ്റ്റബിളാണ് മായ.
പല പ്രമുഖ താരങ്ങളെയും ഇന്റർവ്യൂ ചെയ്ത പരിചയവുമായി അവരുടെ ലോകത്തേക്കുതന്നെ അവരിലൊരാളായി കടന്നുചെന്നപ്പോൾ എന്ത് തോന്നി?
ഒരുപാട് പ്രമുഖതാരങ്ങളെ ഇന്റർവ്യൂ ചെയ്യാനുള്ള ഭാഗ്യം ഉണ്ടായിട്ടുണ്ട്. തമിഴ്‌നടൻ ആര്യ, മലയാളത്തിൽ പൃഥ്വിരാജ്, കുഞ്ചാക്കോബോബൻ, ടോവിനോ, നിവിൻപോളി ഇവരെയൊക്കെ ഇന്റർവ്യൂ ചെയ്യാനുള്ള ഭാഗ്യം ലഭിച്ചിരുന്നു. ഇവരൊക്കെ ജീവിതത്തിൽ സക്‌സസ് ഫുൾ ആയാണ് എന്റെ മുന്നിൽ വന്നിരുന്നത്. അതുകൊണ്ടുതന്നെ അവർ പറയുന്ന ഓരോ കാര്യങ്ങളും എനിക്ക് ഏറെ പോസിറ്റീവ് എനർജിയായിരുന്നു തന്നിരുന്നത്.
കുറച്ചധികം കവർ സോംഗുകൾ ചെയ്തിട്ടുണ്ടല്ലോ?
ഇഷ്ടപ്പെട്ട നാലഞ്ച് പാട്ടുകൾ കവർ സോംഗ് പാടിയിട്ടുണ്ട്. കുറച്ചധികം പാട്ടുകൾ നേരത്തെ റെക്കോർഡ് ചെയ്തുവച്ചതുമുണ്ട്. ആരെങ്കിലും ഒരു പാട്ട് പാടുമോയെന്ന് ചോദിച്ചാൽ എന്റെ മനസ്സിലേക്ക് ആദ്യം ഓടിയെത്തുന്ന പാട്ട് 'വരമഞ്ഞളാടിയ രാവിന്റെ മാറിൽ' എന്ന ഗാനമാണ്. ഒരു നീണ്ട ഇടവേള കഴിഞ്ഞ് റിഫ്രഷ് ആകാൻ വേണ്ടി ഞാൻ പാടിയ കവർ സോംഗും അതായിരുന്നു.
വേറെ ഹോബികൾ എന്തൊക്കെയാണ്?
വായന ഒരുപാട് ഇഷ്ടമുള്ള കാര്യമാണ്. പുതിയ ബുക്കുകൾ വാങ്ങാനും വായിക്കാനും ശ്രമിക്കാറുണ്ട്. കയ്യിൽ എപ്പോഴും ഒരു ബുക്ക് കാണും. വായനകഴിഞ്ഞാൽ ഏറ്റവുമധികം ചെയ്യുന്നത് സിനിമ കാണുക എന്നതാണ്. പല ഭാഷകളിലുമുള്ള പല ജോണറിലുമുള്ള സിനിമകൾ കാണാൻ ഇഷ്ടമാണ്. സിനിമാഗ്രൂപ്പുകളിൽ ചർച്ച ചെയ്യപ്പെടുന്ന ചിത്രങ്ങൾ തെരഞ്ഞുപിടിച്ച് കാണാനും ശ്രമിക്കാറുണ്ട്.
ആഗ്രഹങ്ങളും പ്രതീക്ഷകളും?
ഒരു ആർട്ടിസ്റ്റിനെ സംബന്ധിച്ചിടത്തോളം മറ്റുള്ളവർ തങ്ങളെ തിരിച്ചറിയുകയെന്നത് വലിയ കാര്യമാണ്. 'എവിടെയോ കണ്ടിട്ടുണ്ടല്ലോ' എന്ന് ചോദിക്കുന്നതിന് പകരം പേര് വിളിച്ച് അവർ എന്റടുത്തേക്ക് വരുന്ന ആ നിമിഷമാണ് ഏറ്റവുമധികം ആഗ്രഹിക്കുന്നത്.
പുതിയ പ്രോജക്ടുകൾ?
റിലീസ് ചെയ്ത ചിത്രങ്ങൾ കൊറോണ പേപ്പേഴ്‌സും റെജീനയും ആണ്. വിഷ്ണു നാരായണൻ സംവിധാനം ചെയ്ത നടന്ന സംഭവം, രാജേഷ് മോഹൻ സംവിധാനം ചെയ്യുന്ന തീപ്പൊരി ബെന്നി (ചിത്രത്തിൽ ഒരു യൂ ട്യൂബറിന്റെ വേഷമാണെനിക്ക്), വിഷ്ണു ഭരതന്റെ സംവിധാനത്തിലൊരുങ്ങുന്ന ഫിനീക്‌സ്, ഇവയൊക്കെയാണ് ഇനി പുറത്തിറങ്ങാനിരിക്കുന്ന പ്രോജക്ടുകൾ മറ്റുചിത്രങ്ങളുടെ കഥകൾ കേൾക്കുന്നു. ചർച്ചകൾ പുരോഗമിക്കുന്നു.
ചെയ്യാൻ ഏറെ ആഗ്രഹിക്കുന്ന കഥാപാത്രങ്ങൾ?
ഒരു അഭിനേത്രിയെന്ന നിലയിൽ കാമ്പുള്ള കഥാപാത്രങ്ങൾ ചെയ്യാനാണ് ഏറ്റവും താൽപ്പര്യം. സ്റ്റെഫി മാഞ്ഞൂരാൻ സംവിധാനം ചെയ്ത 'കോടമഞ്ഞ്' എന്ന ഷോർട്ട് ഫിലിമിൽ ഏലത്തോട്ടിൽ പണിയെടുക്കുന്ന ഒരു സാധാരണ വീട്ടമ്മയുടെ കഥാപാത്രമായിരുന്നു ഞാൻ ചെയ്തത്. ഇത്തരത്തിൽ കാമ്പുള്ള കഥാപാത്രങ്ങൾ ചെയ്യാനാണ് കാത്തിരിക്കുന്നത്. ഒരു പോലീസുകാരി ആവണമെന്ന ആഗ്രഹമുണ്ടായിരുന്നു. ഒരു ഷോർട്ട് ഫിലിമിലൂടെയും ഒരു സിനിമയിലൂടെയും ആ ആഗ്രഹവും സാധിച്ചു. വാണിവിശ്വാനാഥിന്റെ ചിത്രങ്ങൾ കുഞ്ഞിലെ കണ്ട് ഇഷ്ടപ്പെട്ടതുകൊണ്ട് ആക്ഷൻ കഥാപാത്രങ്ങൾ ചെയ്യാൻ ഏറെ താൽപ്പര്യമാണ്. മാത്രമല്ല നമ്മുടെ പ്രിയപ്പെട്ട താരങ്ങൾക്കൊപ്പമെല്ലാം അഭിനയിക്കാനും ഏറെ ആഗ്രഹിക്കുന്നു.
അപ്പൂസ് കെ.എസ്