പോച്ചര്‍, റോക്കറ്ററി, കണ്ണൂര്‍ സ്ക്വാഡ് എന്നീ പ്രോജക്ടുകളിലൂടെ പ്രേക്ഷകര്‍ക്ക് പരിചിതനായ അങ്കിത് മാധവ് സംസാരിക്കുന്നു...
തുടക്കം ബോംബെയില്‍ നിന്ന്
ചെറുപ്പത്തില്‍ സിനിമാനടന്‍ ആകണം എന്ന ആഗ്രഹം ഉണ്ടായിരുന്നോ എന്ന് സത്യത്തില്‍ എനിക്ക് നിശ്ചയം ഇല്ല. എന്നിരുന്നാലും, നാലാളു കൂടുന്ന വേദികളില്‍ എല്ലാ പരിപാടിക്കും ആദ്യം ഞാന്‍ ഉണ്ടാകും. കലാപരമായ പാരമ്പര്യം ഇല്ലാത്തതുകൊണ്ടുതന്നെ ഈ മേഖല കരിയര്‍ ആക്കണം എന്ന ചിന്ത ഉണ്ടായിരുന്നില്ല. അച്ഛനും അമ്മയും ഗവണ്‍മെന്‍റ് ഉദ്യോഗസ്ഥര്‍ ആയതുകൊണ്ട് പഠനത്തിന് ആയിരുന്നു മുന്‍തൂക്കം.
പ്രീഡിഗ്രി കഴിഞ്ഞ് നില്‍ക്കുന്ന സമയത്ത് ഏഷ്യാനെറ്റ് സ്റ്റാര്‍ ട്രാക്ക് എന്നൊരു റിയാലിറ്റി ഷോയില്‍ ഒരു എപ്പിസോഡില്‍ ബെസ്റ്റ് ആക്ടര്‍ ആയി വിജയിച്ചത് വലിയ പ്രതീക്ഷ നല്‍കി. എന്നിരുന്നാലും, എഞ്ചിനീയറിംഗ് പൂര്‍ത്തിയാക്കി, ബോംബെയില്‍ ജോലിക്ക് കയറുക എന്നതായിരുന്നു പ്രാഥമിക ഉത്തരവാദിത്വം. ബോംബെ എന്നാല്‍ അന്ന് എനിക്ക് ബോളിവുഡ്ഡിന്‍റെ പര്യായം ആയിരുന്നു. ബോംബെയില്‍ സ്ഥിരം ഓഡിഷന്‍ നടക്കുന്ന സ്ഥലങ്ങളില്‍ ഞാന്‍ നിത്യസന്ദര്‍ശകന്‍ ആയിരുന്നു. ബോംബെയില്‍ ഓഡിഷനില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കുന്നത് തന്നെ വലിയ ഭാഗ്യം ആണ്. അത്ര തിരക്കുള്ള തെരഞ്ഞെടുപ്പ് ആണ് അവിടെ. ക്രൂവില്‍ ഒരാള്‍ വന്ന്, നിരയില്‍ ഉള്ള ആളുകളില്‍ തന്നെ ഫിറ്റ് ആന്‍റ് മിസ്ഫിറ്റ് എന്ന നിലയില്‍ തിരഞ്ഞെടുക്കും.
അതില്‍ ഫിറ്റ്ലിസ്റ്റില്‍ ആദ്യഘട്ടത്തില്‍ കയറുക എന്നത് തന്നെ ബാലികേറാമലയാണ്. ഏതാണ്ട് 60 ന് മുകളില്‍ ഓഡിഷനുകളില്‍ തിരസ്ക്കരിക്കപ്പെട്ട ശേഷമാണ് ആദ്യമായിട്ട് ഒരു പരസ്യത്തില്‍ മുഖം കാണിക്കുന്നത്. ആ തുടക്കം രാശിയുള്ളതായിരുന്നു. പിന്നീട് എച്ച്.ഡി.എഫ്.സി, ഏഷ്യന്‍ പെയിന്‍റ്സ്, റോയല്‍ എന്‍ഫീല്‍ഡ് തുടങ്ങി പല അന്താരാഷ്ട്ര ബ്രാന്‍ഡുകളുടെയും പരസ്യങ്ങളില്‍ അഭിനയിക്കാന്‍ ഭാഗ്യം ലഭിച്ചു. ആമിര്‍ഖാന്‍ മുതലായ അഭിനേതാക്കള്‍ അണിനിരന്ന നിരവധി പരസ്യങ്ങളില്‍ ശബ്ദം കൊണ്ട് സാന്നിദ്ധ്യം ആകാന്‍ എനിക്ക് സാധിച്ചിട്ടുണ്ട്.
സിനിമയിലേക്ക് ഉള്ള സ്പാര്‍ക്ക് നല്‍കിയത് ടി.കെ. രാജീവ്കുമാര്‍ സാര്‍
പരസ്യങ്ങളില്‍ സ്ഥിരസാന്നിധ്യമായി നിലനില്‍ക്കേ ആണ് മനോരമ സംഘടിപ്പിച്ച മിസ്റ്റര്‍ ഹാന്‍ഡ്സം എന്ന പരിപാടിയിലേക്ക് ഫോട്ടോ അയയ്ക്കുന്നത്. അന്ന് എനിക്ക് ഫൈനലിലേക്ക് സെലക്ഷന്‍ ലഭിച്ചിരുന്നു. ആ അവസരത്തില്‍ വിധി കര്‍ത്താക്കളായും കാണികള്‍ ആയും ഒരുപാട് സംവിധായകര്‍ ഉണ്ടായിരുന്നു. ആ പരിപാടിയില്‍ ഫസ്റ്റ് റണ്ണര്‍ അപ്പ് ആയി തിരഞ്ഞെടുക്കപ്പെട്ടതോടെ ടി.കെ. രാജീവ്കുമാര്‍ സാറാണ് 'താങ്കള്‍ക്ക് സിനിമയില്‍ ശ്രമിച്ചുകൂടെ' എന്നും ആദ്യമായി ആരായുന്നത്. അത് ഉള്ളില്‍ ഒരു വലിയ സ്പാര്‍ക്ക് നല്‍കി. ആ ശ്രമം എന്നെ പല ബന്ധങ്ങള്‍ സൃഷ്ടിക്കാനും ആ ബന്ധങ്ങളിലൂടെ ആദ്യസിനിമയായ ചേകവറില്‍ എം.എല്‍.എയുടെ മകന്‍ റോളിലേക്ക് എന്നെ എത്തിച്ചു. പിന്നീട് ഓര്‍ഡിനറി, കര്‍മ്മയോദ്ധ തുടങ്ങി കുറച്ച് സിനിമകള്‍ ചെയ്തു.

റോക്കറ്ററിയില്‍ മാധവനോടൊപ്പം...
ആ കാലയളവില്‍ ഞാന്‍ ബോംബെ പരസ്യങ്ങളില്‍ ആളുകള്‍ തിരിച്ചറിയുന്ന ഒരു മുഖമായി മാറിയിരുന്നു. ആ സമയത്തുതന്നെയാണ് സോളോ എന്ന പ്രൊജക്ട് ചെയ്യുന്നത്. പിന്നീട് ഏതോ പരസ്യം കണ്ടാണ് എന്നെ റോക്കറ്ററിയിലേക്ക് വിളിക്കുന്നത്. കുഞ്ഞുന്നാള്‍ മുതല്‍ ആരാധിച്ച ഹീറോ മാധവന്‍ അഭിനയിച്ചു സംവിധാനം ചെയ്ത് പല ഭാഷകളില്‍ ഇറങ്ങുന്ന ലെജന്‍ഡ് നമ്പിനാരായണന്‍റെ കഥയായ റോക്കറ്ററിയിലേക്ക് ക്ഷണിക്കപ്പെട്ടതിന്‍റെ സന്തോഷം വാക്കുകള്‍ക്ക് അതീതം ആണ്. മാധവന്‍ സര്‍ 'ബ്രോ' എന്നാണ് എന്നെ അഭിസംബോധനചെയ്തത്. അദ്ദേഹത്തില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ പഠിക്കാന്‍ ഉണ്ടായിരുന്നു. എല്ലാവരോടും ഇടപഴകുന്ന രീതി, ആളുകളോട് അഭിപ്രായം പറയുന്ന ശൈലി, കൃത്യനിഷ്ഠത, എല്ലാം മാതൃകാപരം ആണ്. ഇംഗ്ലീഷ്, മലയാളം, ഹിന്ദി എന്നീ ഭാഷകളിലെ മികവാണ് എന്നെ സത്യത്തില്‍ ഈ പ്രോജക്ടില്‍ സഹായിച്ചത്. അന്നത്തെ ആ അവസരത്തിനോട് എത്ര നന്ദി പറഞ്ഞാലും മതിവരില്ല.

മലയാളികള്‍ക്ക് ഞാന്‍ കണ്ണൂര്‍ സ്ക്വാഡിലെ യോഗേഷ് യാദവ്
കണ്ണൂര്‍ സ്ക്വാഡിന്‍റെ സംവിധായകന്‍ റോബിക്ക് എന്നെ അറിയാമായിരുന്നു. ഞാന്‍ ചെയ്ത പരസ്യങ്ങള്‍ അദ്ദേഹം ശ്രദ്ധിച്ചിട്ടുണ്ട്. കണ്ണൂര്‍ സ്ക്വാഡില്‍ ആ പോലീസ് കൂട്ടത്തെ സഹായിക്കാന്‍ എത്തുന്ന ഹിന്ദി പോലീസ് ഓഫീസര്‍ യോഗേഷ് യാദവ് ആയി എന്നെ റോബി വിളിക്കുമ്പോള്‍ ഞാന്‍ ത്രില്‍ അടിച്ചാണ് നിന്നിരുന്നത്. മമ്മൂക്കയെ പോലെ ഒരു സീനിയര്‍ നടനോടൊപ്പം സ്ക്രീന്‍ ഷെയര്‍ ചെയ്യുക എന്നതില്‍പ്പരം എന്താണ് എന്നെപ്പോലൊരു നടന് ഭാഗ്യം! ആദ്യം ഞങ്ങള്‍ ഷൂട്ട് ചെയ്തത് ക്ലൈമാക്സിലെ തീയൊക്കെ ഉള്ള സീന്‍ ആയിരുന്നു. ഷൂട്ടില്‍ ഉടനീളം എന്‍റെ കണ്ണുകള്‍ മമ്മൂട്ടി എന്ന നടന് മേല്‍ തന്നെയായിരുന്നു. ഓരോ മൂവ്മെന്‍റും ഞാന്‍ അസൂയയോടെയാണ് നോക്കിയിരുന്നത്. ഞങ്ങള്‍ ഇടവേളകളില്‍ അദ്ദേഹത്തോട് ഒരുപാട് കാര്യങ്ങള്‍ സംസാരിക്കുമായിരുന്നു. സിനിമ, രാഷ്ട്രീയം, ഫോട്ടോഗ്രാഫി മുതലായ എന്തിലും അദ്ദേഹത്തിന് അറിവും നിലപാടുകളും ഉണ്ട്.
സിനിമ ഇറങ്ങിയതോടെ മറ്റൊരു രസം എന്തെന്നാല്‍, മലയാളികള്‍ എല്ലാം വിശ്വസിച്ചത്
ഞാന്‍ ഹിന്ദി നടന്‍ ആണെന്നാണ്. പല സ്ഥലത്തും ആളുകള്‍ പരിചയപ്പെടാന്‍ വരുമ്പോള്‍ ഞാന്‍ മലയാളത്തില്‍ സംസാരിക്കുന്നത് കേള്‍ക്കുമ്പോള്‍ അവര്‍ക്ക് അത്ഭുതം ആണ്. പല നാഷണല്‍ ആഡുകളിലും കണ്ടതോടെ എല്ലാവരും ആ വിശ്വാസം ശരിയെന്നു ഉറപ്പിച്ചു. അതുകൊണ്ട് മലയാളത്തില്‍ നിരവധി അവസരങ്ങള്‍ നഷ്ടപ്പെട്ടുപോയിട്ടുമുണ്ട്. മലയാളിയാണോ എന്ന് അത്ഭുതത്തോടെ ചോദിക്കുന്നവരോട് ലൂസിഫറില്‍ ടൊവിനോ പറയുന്നതുപോലെ 'എനിക്ക് മുണ്ട് ഉടുക്കാനും അറിയാം. വേണെങ്കില്‍ മടക്കിക്കുത്താനും അറിയാം.. എനിക്ക് മലയാളവും നന്നായി അറിയാം. ഞാന്‍ തൃപ്പൂണിത്തുറ സ്വദേശി ആണ്.' ഇനിയെങ്കിലും ആ ധാരണ എനിക്ക് പൊളിച്ചുമാറ്റണം എന്നുണ്ട്. എന്നിരുന്നാലും ആ കഥാപാത്രം ഹിന്ദിക്കാരന്‍ തന്നെയാണെന്ന് ആളുകള്‍ വിശ്വസിച്ചത് ഒരു വലിയ വിജയം ആണെന്ന ബോധവും ഒരു വശത്തുണ്ട് കേട്ടോ.

പോച്ചര്‍ മറ്റൊരു പൊന്‍തൂവല്‍
കരിയറിലെ മറ്റൊരു പൊന്‍തൂവല്‍ ആണ് പോച്ചര്‍. സത്യത്തില്‍ പോച്ചര്‍ ഷൂട്ട് കഴിഞ്ഞാണ് ഞാന്‍ കണ്ണൂര്‍ സ്ക്വാഡ് ചെയ്യുന്നത്. മുകേഷ് എന്ന പ്രശസ്തനായ കാസ്റ്റിംഗ് ഡയറക്ടര്‍ ആണ് എന്നെ പോച്ചറിലേക്ക് ക്ഷണിക്കുന്നത്. വിജയ്ബാബു എന്ന നിമിഷ സജയന്‍റെ കാമുകന്‍ ആയ വേഷം എനിക്ക് ലഭിച്ചു. ഇന്ന് എയര്‍പോര്‍ട്ടിലും മറ്റും പോകുമ്പോള്‍ ആളുകള്‍ തിരിച്ചറിയുന്നത് വിജയബാബുവിന്‍റെ പേരില്‍ ആണ്.
വരാനിരിക്കുന്നത് അണലി
ഇനി വരാന്‍ ഇരിക്കുന്ന പ്രോജക്ട് ജനപ്രിയ സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത അണലി എന്നൊരു വെബ് സീരീസ് ആണ്. ഒരുപാട് പ്രതീക്ഷകളോടെ ആണ് ഞാന്‍ ആ പ്രോജക്ട് റിലീസ് ആവാന്‍ കാത്തിരിക്കുന്നത്. അതിനോടൊപ്പം നിരവധി പരസ്യങ്ങളും, അന്യഭാഷാ പ്രോജക്ടുകളും മുന്നിലുണ്ട്.