പി.എസ്.വിനോദരാജ് സംവിധാനം ചെയ്ത 'കൊട്ടുക്കാളി' എന്ന ചിത്രം മുഖേന തമിഴ് കോളിവുഡിലും പ്രവേശിച്ച മലയാളി നടിയാണ് അന്നബെൻ. പ്രഭാസ്, കമൽഹാസൻ, ദീപിക പദുകോൺ, അമിതാപ് ബച്ചൻ തുടങ്ങിയ താരങ്ങൾ അണിനിരന്ന 'കൽക്കി 2898 എഡി' എന്ന ചിത്രത്തിലും അന്നബെൻ മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു.
'കൊട്ടുക്കാളി' എന്ന സിനിമയെ തുടർന്ന് അന്നബെൻ വീണ്ടും ഒരു തമിഴ് ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ഹരീഷ് ദുരൈരാജ് സംവിധാനം ചെയ്യുന്ന, അർജുൻ ദാസ് പ്രധാന വേഷത്തിൽ അഭിനയിക്കുന്ന ചിത്രത്തിലാണ് അന്നബെൻ അഭിനയിക്കുന്നത്. ഈ ചിത്രത്തിൽ 'യോഗി' ബാബു, വടിവുക്കരശി എന്നിവരും പ്രധാന കഥാപാത്രങ്ങൾ അവതരിപ്പിക്കുന്നുണ്ട്.
ഈ നാലുപേരെ ചുറ്റിപ്പറ്റിയുള്ള കഥയായിട്ടാണത്രെ ചിത്രം ഒരുങ്ങുന്നത്. ഷോൺ റോൾഡനാണ് ചിത്രത്തിന് സംഗീതം നൽകുന്നത്. ഇനിയും പേരിടാത്ത ഈ ചിത്രത്തിന്റെ ഷൂട്ടിങ്ങ് ഉടനെ തുടങ്ങുമെന്നാണ് റിപ്പോർട്ട്. 'കൊട്ടുക്കാളി' എന്ന ചിത്രത്തിലേതുപോലെ ഈ സിനിമയിലും അന്നബെന്നിന് വ്യത്യസ്ത കഥാപാത്രമാണ് നൽകിയിരിക്കുന്നത് എന്നും പറയപ്പെടുന്നുണ്ട്.