NEWS

അന്നക്കുട്ടീ... കോടമ്പാക്കം വിളിക്കുന്നു...

News

അവള്‍ അപ്പടി ഒന്‍ട്രും അഴകില്ലേ... 
അവള്ക്ക്യാരും ഇണയില്ലേ... 
അവള്‍ അപ്പടി ഒന്‍ട്രും കളറില്ലേ... 
ആനാല്‍ അത് ഒരു കുറയില്ലേ..

2010 ല്‍ പുറത്തിറങ്ങിയ തമിഴ്ചിത്രം അങ്ങാടിത്തെരുവിലെ ഈ ഗാനം സൂപ്പര്‍ഹിറ്റായിരുന്നു. പ്രസ്തുത ഗാനം കേട്ട തമിഴ്  രസികര്‍ക്കെല്ലാം ചോദിക്കാനുണ്ടായിരുന്നത് ഒറ്റച്ചോദ്യം മാത്രം.  ആരാണ് ഈ വിനീത് ശ്രീനിവാസന്‍? തമിഴ് ഗായകന്‍ ശ്രീനിവാസിന്‍റെ ആരേലും ആണോ എന്ന് ചോദിച്ചവരും നിരവധി. അദ്ദേഹത്തിന്‍റെ മകനാണ് വിനീത് എന്നുപോലും 'കിസ്കിസ് ' കരക്കമ്പികള്‍ അക്കാലത്ത് അടിച്ചിറക്കപ്പെട്ടിരുന്നു!

അത്രയേറെ ഹൃദയഹാരിയായ ഗാനമായിരുന്നു അത്. തമിഴകം അന്നേവരെ കേട്ടിട്ടില്ലാത്ത പേരായിരുന്നു വിനീത് ശ്രീനിവാസന്‍ എന്നത്. വിനീതിന്‍റെ തമിഴ് അരങ്ങേറ്റ ഗാനമായിരുന്നു അത് എന്നതും എടുത്ത് പറയേണ്ട സംഗതിയാണ.് (അന്ന് വിനീത് ശ്രീനിവാസന്‍ ഇന്നത്തെ നിലയില്‍ എത്തിയിട്ടില്ല). പിന്നീട് നിരവധി അവസരങ്ങള്‍ തമിഴില്‍ നിന്നും മലയാളത്തില്‍ നിന്നും വിനീതിന് ലഭിച്ചുവെങ്കിലും അദ്ദേഹം കൂടുതല്‍ ഫോക്കസ് ചെയ്തത് മലയാളത്തിലായിരുന്നെന്ന് മാത്രം. 

ഏതാണ്ട് ഇതേ അവസ്ഥയിലാണ് തമിഴകം വീണ്ടും ചിദംബരം എസ്. പൊതുവാള്‍ ആരാണ് എന്നതാണ് ഇപ്പോള്‍ ഉയരുന്ന ചോദ്യം. മഞ്ഞുമ്മല്‍ ബോയ്സ് എന്ന സൗബിന്‍ ഷാഹിര്‍ചിത്രം (രചന, സംവിധാനം - ചിദംബരം എസ്. പൊതുവാള്‍) ബോക്സ് ഓഫീസ് റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുമ്പോള്‍ ചിദംബരം എന്ന തമിഴ് പേരിന്‍റെ ഉടമയെക്കുറിച്ച് എല്ലാവരും ചോദിക്കുന്നത് സ്വാഭാവികം. ചിദംബരത്തിന് മാത്രമല്ല മലയാളി എഴുത്തുകാര്‍ക്ക് പൊതുവേ ഇപ്പോള്‍ നല്ലകാലമാണ് തമിഴ്നാട്ടില്‍. 
വെള്ളിത്തിരയില്‍ വിസ്മയങ്ങള്‍ തീര്‍ക്കുന്ന ഒരുപിടി നല്ല രചനകള്‍ മലയാളത്തില്‍ പിറവിയെടുക്കുന്നുണ്ട്. ഇതോടെ മലയാളി എഴുത്തുകാരെ തിരഞ്ഞ് നടക്കുകയാണ് കോടമ്പാക്കത്തെ സിനിമാക്കാര്‍ എന്ന് പറഞ്ഞാലും തെറ്റില്ല. 

കേരളത്തില്‍ നിന്നും ഒരുകൂട്ടം ചെറുപ്പക്കാര്‍ വിനോദയാത്രയ്ക്ക് കൊടൈക്കനാലില്‍ എത്തുന്നതും അവിടെ ഗുണാകേവില്‍ അകപ്പെടുന്ന കൂട്ടുകാരനെ സാഹസികമായി രക്ഷിക്കുന്നതുമാണ് മഞ്ഞുമ്മല്‍ ബോയ്സിന്‍റെ ഇതിവൃത്തം. അതുകൊണ്ടുതന്നെ മഞ്ഞുമ്മല്‍ ബോയ്സ് മലയാളക്കരയേക്കാള്‍കൂടുതല്‍ കളക്ഷന്‍ നേടുന്നത് തമിഴ്നാട്ടിലാണ്. ചിത്രം റിലീസായി ആഴ്ചകള്‍ പിന്നിടുമ്പോഴും മഞ്ഞുമ്മല്‍ തമിഴകത്ത് നിറഞ്ഞ സദസ്സിലാണ് ഓടിക്കൊണ്ടിരിക്കുന്നത്. അതുപോലെതന്നെയാണ് ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത പ്രേമലുവും. കാര്യമായകഥയോ ത്രില്ലിംഗ് എലമെന്‍റ്സോ ഒന്നുമില്ലാത്ത ചിത്രമാണ് പ്രേമലു. പക്ഷേ, വളരെ സിമ്പിള്‍ ആയ ഒരു ടോപിക് അതിലേറെ സിമ്പിളായി നര്‍മ്മത്തിന്‍റെ മേമ്പൊടി ചാലിച്ച് അവതരിപ്പിച്ചപ്പോള്‍ അത്  വേറിട്ടൊരു ദൃശ്യവിരുന്നായി മാറുകയായിരുന്നു. ഇത്തരം ക്രാഫ്റ്റുകള്‍ അധികവും ഇപ്പോള്‍ പിറക്കുന്നത് മലയാളത്തിലാണ് എന്നതാണ് മലയാളി എഴുത്തുകാര്‍ക്ക് നല്ലകാലമായി മാറിയിരിക്കുന്നത്. 

ഒരുകാലത്ത് തട്ടുപൊളിപ്പന്‍ കച്ചവടസിനിമയുടെ മാത്രം കേദാരമായിരുന്ന ചെന്നൈ 2008 ലാണ് ഒരു പൊളിച്ചെഴുത്തിന് സാക്ഷ്യംവഹിച്ചത്. എം. ശശികുമാറിന്‍റെ തിരക്കഥയില്‍ പുറത്തിറങ്ങിയ സുബ്രഹ്മണ്യപുരമായിരുന്നു അന്ന് വിപ്ലവകരമായ മാറ്റത്തിന് തുടക്കംകുറിച്ചത്. തുടര്‍ന്ന് ശശികുമാര്‍- സമുദ്രക്കനി (സംവിധാനം) കോമ്പോയില്‍ പുറത്തിറങ്ങിയ നാടോടികള്‍ 2009 ല്‍ തീയേറ്ററുകളില്‍ തരംഗമായി. 2010 ല്‍ പ്രഭു സോളമന്‍റെ മൈനകൂടി തീയേറ്ററിലെത്തിയതോടെ തമിഴകത്ത് ഒരു പുത്തന്‍ ട്രെന്‍റ്തന്നെ സൃഷ്ടിക്കപ്പെട്ടു. അന്ന് തമിഴകം സാക്ഷ്യം വഹിച്ച ആ മാറ്റത്തെക്കുറിച്ച് ഉലകനായകന്‍ കമല്‍ഹാസന്‍ പറഞ്ഞത് ഇങ്ങിനെയാണ്  ആ... നമുക്ക് ഇനി ആശ്വസിക്കാം. ഈ പുതുതലമുറ തമിഴ്സിനിമയെ നല്ലനിലയ്ക്കുതന്നെ മുന്നോട്ടുകൊണ്ടുപോകും. ഉലകനായകന്‍റെ വാക്കുകള്‍ പ്രത്യാശയുടെ പുത്തന്‍ ഉണര്‍വാണ് സിനിമാപ്രവര്‍ത്തകര്‍ക്ക് പകര്‍ന്നു നല്‍കിയത്. 

തുടര്‍ന്നുള്ള നാളുകളില്‍ തമിഴ് സിനിമയില്‍ പലതരത്തിലുള്ള ക്ലാസിക്കുകളും പിറന്നു. കുംകി, കയല്‍ എന്നിവയൊക്കെ അത്തരത്തില്‍ പുറത്തുവന്ന് ശ്രദ്ധിക്കപ്പെട്ട വ്യത്യസ്തമായ ചിത്രങ്ങളായിരുന്നു. അവയില്‍ പലതും ലോകോത്തര നിലവാരം പുലര്‍ത്തുന്നതും അംഗീകാരങ്ങള്‍ വാരിക്കൂട്ടിയവയുമായിമാറി. ചിലപ്പോഴെങ്കിലും ചില ചിത്രങ്ങള്‍ സാമ്പത്തികമായി പരാജയപ്പെട്ടെങ്കിലും ആസ്വാദനനിലവാരത്തില്‍ ഉന്നതസ്ഥാനം പുലര്‍ത്തിയിരുന്നു എന്നതും ശ്രദ്ധേയമാണ്. എന്നാല്‍ കാലാന്തരത്തില്‍ തമിഴകത്തെ ആ ട്രെന്‍റ് വീണ്ടും കച്ചവടസിനിമകളിലേക്ക് മടങ്ങുകയാണ് ചെയ്തത്. ഇന്ന് തമിഴ്, തെലുങ്ക് സിനിമ ഇന്‍ഡസ്ട്രികള്‍ സംസാരിക്കുന്നത് ക്ലാസിക്കുകളെക്കുറിച്ചോ പ്രമേയങ്ങളെകുറിച്ചോ അല്ല. എല്ലാവര്‍ക്കും അറിയേണ്ടത് എത്രകോടി ഇറക്കിയാല്‍ എത്രകോടി വാരാം എന്നത് മാത്രമാണ്. 

കണക്കുകൂട്ടലുകള്‍ അങ്ങനെ തകൃതിയാണെങ്കിലും കാശുവാരുന്ന ചിത്രങ്ങള്‍ തുലോം കുറവാണ് എന്നതാണ് സമകാലിക യാഥാര്‍ത്ഥ്യം. ഈ സാഹചര്യത്തിലാണ് ജനപ്രിയ ക്ലാസിക് ഹിറ്റുകളുടെ ആവശ്യകത വീണ്ടും തമിഴകത്ത് സജീവമാകുന്നത്.  എന്നാല്‍ തമിഴകത്തിന്‍റെ ഈ ആവശ്യം അവിടെ സാര്‍ത്ഥമാകുന്നില്ല. അതേസമയം, മലയാളക്കരയില്‍ അത്തരം സബ്ജക്ടുകള്‍ ആവോളം ഉണ്ടാകുന്നുമുണ്ട്. തമിഴ്നാട്ടുകാരുടെ സ്വന്തം സിംഗം സൂര്യയുടെ പ്രിയപത്നി ജ്യോതിക നമ്മുടെ മെഗാതാരം മമ്മൂട്ടിയോടൊപ്പം തകര്‍ത്താടിയ കാതല്‍ തമിഴ്നാട്ടിലും ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് പ്രേമലുവും മഞ്ഞുമ്മല്‍ ബോയ്സുമൊക്കെ എത്തുന്നത്. 

അതോടെയാണ് കോടമ്പാക്കത്തെ സിനിമാക്കാര്‍ മലയാളക്കരയിലെ സൃഷ്ടികള്‍ക്കായി ചുവന്ന പരവതാനി വിരിച്ചിരിക്കുന്നത്. സ്ഥിതിഗതികള്‍ ഇങ്ങിനെ തുടരുമ്പോള്‍ മനസ്സില്‍ ഓര്‍മ്മ വരുന്നത് നമ്മുടെ ഹാസ്യസാമ്രാട്ട് ജഗതി ശ്രീകുമാര്‍ സംവിധാനം ചെയ്ത ആ പഴയ മലയാള ചലച്ചിത്രത്തിന്‍റെ പേരാണ് - അന്നക്കുട്ടീ കോടമ്പാക്കം വിളിക്കുന്നു. 
   


LATEST VIDEOS

Latest