കഴിഞ്ഞ ഫെബ്രുവരിയിൽ റിലീസ് ചെയ്ത 'മഞ്ഞുമ്മൽ ബോയ്സ്' എന്ന ചിത്രം കേരളത്തിൽ മാത്രമല്ല തമിഴ്‌നാട്ടിലും വൻ വിജയം കൈവരിക്കുകയുണ്ടായി. മലയാള സിനിമയിൽ ഇതുവരെ 200 കോടി കളക്ഷൻ നേടിയ ആദ്യത്തെ ചിത്രം എന്ന ബഹുമതിയും ഈ ചിത്രത്തിന് ലഭിച്ചു. ഈ സിനിമയിൽ അഭിനയിച്ച പത്തു യുവാക്കളിൽ ഒന്നോ, രണ്ടോ പേരെ മാത്രമേ ചിത്രം റിലീസാകുന്നതിന് മുൻപ് വരെ ആരാധകർക്ക് പരിചയമുണ്ടായിരുന്നുള്ളൂ. എന്നാൽ ബാക്കിയുള്ളവരെല്ലാം ഇപ്പോൾ 'മഞ്ഞുമ്മൽ ബോയ്‌സ്' ചിത്രം മുഖേന വളരെയധികം ശ്രദ്ധ നേടിവരികയാണ്. അതിനാൽ ഈ ചിത്രത്തിൽ അഭിനയിച്ച ചില താരങ്ങൾക്ക് ഇപ്പോൾ തമിഴ് സിനിമകളിൽ അഭിനയിക്കാനും അവസരം വന്നു കൊണ്ടിരിക്കുകയാണ്. ഗുണാ ഗുഹയിൽ വീഴുന്ന കഥാപാത്രം അവതരിപ്പിച്ച ശ്രീനാഥ് ഭാസിക്ക് തമിഴ് സിനിമയിലെ പ്രശസ്ത സംവിധായകനായ പാ. രഞ്ജിത്ത് നിർമ്മിക്കുന്ന, അകിരൺ മോസസ് സംവിധാനം ചെയ്യുന്ന, ജി.വി.പ്രകാശ് നായകനാകുന്ന ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രം അവതരിപ്പിക്കാനുള്ള അവസരം വന്നിട്ടുണ്ട്. ഈ വാർത്ത മുൻപ് നാനയിൽ നൽകിയിരുന്നു. ഇതിനെ തുടർന്ന് ഈ സിനിമയിൽ അഭിനയിച്ച മറ്റൊരു യുവ നടനായ ദീപക് പറമ്പൊളിനും ഒരു തമിഴ് സിനിമയിൽ അഭിനയിക്കാൻ അവസരം വന്നിട്ടുണ്ട്. ആ ചിത്രം നിത്യ മേനോൻ കഥയുടെ നായികയായി അഭിനയിക്കുന്ന 'ഡിയർ എക്സെസ്' എന്ന തമിഴ് ചിത്രമാണ്. ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം അടുത്തുതന്നെ ഉണ്ടാകുമെന്നാണ് പറയപ്പെടുന്നത്.