എറണാകുളം ലോ കോളജില്‍ വിദ്യാര്‍ഥി അപമര്യാദയായി പെരുമാറിയതില്‍ പ്രതികരിച്ച് നടി അപര്‍ണ ബാലമുരളി. കോളജ് അധികൃതരുടെ ഭാഗത്തുനിന്നു വേണ്ട നടപടികൾ സ്വീകരിച്ചതില്‍ തൃപ്തിയുണ്ടെന്ന് അപര്‍ണ പറഞ്ഞു. തങ്കം സിനിമയുടെ പ്രമോഷന്റെ ഭാഗമായുള്ള വാർത്താസമ്മേളനത്തിലായിരുന്നു നടിയുടെ പ്രതികരണം.
‘‘തോളിൽ കയ്യിടാൻ വന്നപ്പോൾ ഞാൻ കംഫർട്ടബിൾ ആയിരുന്നില്ല. എനിക്ക് അറിയാത്ത ആളായിരുന്നു. അതുകൊണ്ടു മാറിപ്പോകുകയാണ് ചെയ്തത്. അത് ശരിക്കും മോശം അവസ്ഥയായിരുന്നു. അവിടെയുള്ള എല്ലാ വിദ്യാർഥികളും മാപ്പു പറഞ്ഞു. അതുതന്നെ അവരുടെ ഭാഗത്തുനിന്നുള്ള വലിയ മുന്നേറ്റമായിരുന്നു.
അതുകൊണ്ടുതന്നെ അവിടെനിന്നു വരുമ്പോൾ എനിക്ക് പരാതിയുണ്ടായിരുന്നില്ല. കോളജ് അധികൃതര്‍ വേണ്ട നടപടികൾ സ്വീകരിച്ചിട്ടുണ്ട്. അക്കാര്യത്തില്‍ ഞാൻ സന്തോഷവതിയാണ്. കോളജിനെ ബഹുമാനിക്കുന്നു.’’- അപർണ പറഞ്ഞു.
കോളജ് യൂണിയൻ ഉദ്ഘാടനത്തിന്റെയും സിനിമയുടെ പ്രചാരണ പരിപാടിയുടെയും ഭാഗമായി ലോ കോളജിൽ എത്തിയതായിരുന്ന് അപർണ. നടിക്ക് പൂ നൽകി സ്വീകരിക്കാൻ വേദിയിൽ കയറിയ വിദ്യാർഥി നടിയുടെ കയ്യിൽ പിടിച്ച് വലിക്കുകയും തോളിൽ കയ്യിടാനും സെൽഫിയെടുക്കാനും ശ്രമിച്ചിരുന്നു. എറണാകുളം ലോ കോളജിലെ മൂന്നാം വർഷ എൽഎൽബി വിദ്യാർഥി വിഷ്ണുദാസിനെ ഏഴു ദിവസത്തേക്കു സസ്പെൻഡ് ചെയ്തിരുന്നു.