NEWS

ദേവസേന പോലൊരു വേഷം ചെയ്യണം

News

  മലയാളത്തിൽ തുടങ്ങി ഇപ്പോൾ തെലുങ്കിൽ  തിരക്കുള്ള അഭിനേത്രിയായി മാറിയിരിക്കുകയാണ്  അപർണ്ണ ജനാർദ്ദനൻ

വളരെ യാദൃച്ഛികമായി സിനിമയുടെ ലോകത്ത് വന്ന ചേർന്നൊരാളാണ് അപർണ്ണ. സുജിത് വാസുദേവ് സംവിധാനം ചെയ്ത ഓട്ടർഷ എന്ന ചിത്രത്തിന്റെ ഓഡിഷൻ പങ്കെടുക്കുമ്പോൾ ഒരിക്കലും സിനിമയെന്ന സ്വപ്നം ആ പെൺകുട്ടിയിൽ ഉണ്ടായിരുന്നില്ല. എന്നാൽ ഇന്ന് അന്യഭാഷകളിൽ വലിയ പ്രോജക്ടുകളുടെ ഭാഗമായി മാറുമ്പോൾ താൻ ഇപ്പോൾ സിനിമയെ വളരെയധികം സീരിയസായി കാണുന്നുവെന്ന് കാസർഗോഡുകാരി അപർണ്ണ പറയുന്നു. തന്റെ പുതിയ പ്രതീക്ഷകളെക്കുറിച്ച് അപർണ്ണ ജനാർദ്ദനൻ സംസാരിച്ചുതുടങ്ങി.

ലൗ യു റാമിലെ ദിവ്യയെ എല്ലാവരും സ്വീകരിച്ചല്ലോ?

ഒരുപാട് സന്തോഷമുണ്ട്. ആദ്യ തെലുങ്ക് ചിത്രമായ ലൗ യു റാം തിയേറ്ററുകളിൽ എത്തിയപ്പോൾ പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചു. ദിവ്യ എനിക്ക് വളരെ സ്‌പെഷ്യലായ ഒരു കഥാപാത്രമാണ്. ദിവ്യയുടെ പോയിന്റ് ഓഫ് വ്യൂയിലൂടെയാണ് കഥ പറയുന്നത്. വളരെ സാധാരണക്കാരിയായ, സ്‌നേഹം കൊണ്ട് എന്തും മാറ്റിയെടുക്കാമെന്ന് വിശ്വസിക്കുന്ന ഒരു പാവം പെൺകുട്ടിയാണ് ദിവ്യ. അതുകൊണ്ടുതന്നെ ദിവ്യയെ ഒരുപാടുപേർക്ക് കണക്ട് ചെയ്യാൻ സാധിക്കും. നമ്മുടെയൊക്കെ സൗഹൃദങ്ങളിൽ ദിവ്യയെപ്പോലെ ഒരാൾ എപ്പോഴും ഉണ്ടാകും. മലയാളത്തിൽ നേരത്തെ രണ്ട് സിനിമകൾ ചെയ്തിട്ടുണ്ടെങ്കിലും പെർഫോം ചെയ്യാൻ വലിയ സ്‌പേസ് ഉണ്ടായിരുന്നില്ല. ദിവ്യയുടെ തെലുങ്ക് പ്രേക്ഷകർക്കിടയിലേക്ക് കടന്നുചെല്ലാൻ കഴിഞ്ഞത് സന്തോഷം നൽകുന്ന കാര്യമാണ്.

 

മേപ്പടിയാനിലെ നിഷയെക്കുറിച്ച്?

ഉണ്ണിമുകുന്ദൻ നായകനായി എത്തിയ മേപ്പടിയാനിൽ നിഷ എന്ന കഥാപാത്രം ചെയ്യാൻ സാധിച്ചു. അതിലൂടെ നല്ലൊരു സിനിമയുടെ ഭാഗമാകാനും. സംവിധായകൻ വിഷ്ണുച്ചേട്ടൻ ഒരുപാട് സഹായിച്ചു. ഒരുപാട് സീരിയൽ ആർട്ടിസ്റ്റുമാർക്കൊപ്പം അഭിനയിക്കാൻ സാധിച്ചു. അതെല്ലാം അനുഗൃഹീതമായി കാണുന്നു.

ആദ്യ ഓഡിഷനിൽ തന്നെ സെലക്ട് ചെയ്തു?

വളരെ യാദൃച്ഛികമായി സിനിമയിൽ എത്തിയ ഒരാളാണ് ഞാൻ. സുജിത്ത് സാറിന്റെ അനുശ്രീചേച്ചി നായികയായി അഭിനയിക്കുന്ന ഓട്ടർഷ എന്ന ചിത്രത്തിന്റെ ഓഡിഷന് ഒരു കൗതുകത്തിന്റെ പുറത്ത് അറ്റൻഡ് ചെയ്തതാണ്. എന്റെ ലൈഫിലെ ആദ്യ ഓഡിഷനായിരുന്നു അത്. അത് കിട്ടുകയും ചെയ്തു. അപർണ്ണ എന്ന് തന്നെയായിരുന്നു കഥാപാത്രത്തിന്റെ പേര്. അത്യാവശ്യം ശ്രദ്ധ കിട്ടിയ കഥാപാത്രമായിരുന്നു. ആ വഴി തന്നെയാണ് തമിഴിലേക്കും അവസരം ലഭിച്ചത്. അത് നല്ലൊരു തുടക്കമായാണ് കാണുന്നത്. സത്യം പറഞ്ഞാൽ എന്നെ അറിയുന്ന എല്ലാവർക്കും എന്റെ മുഖം സ്‌ക്രീനിൽ കണ്ടപ്പോൾ സർപ്രൈസായിരുന്നു. ഒരിക്കൽപോലും അഭിനയമോഹം ഉണ്ടെന്ന് ഞാൻ എവിടെയും പറഞ്ഞിട്ടില്ല. ഞാനും ചിന്തിച്ചിട്ടില്ല. എന്റെ സ്വപ്നങ്ങളിൽ പോലും ഇല്ലാത്ത ഒരു ജീവിതമാണ് ഞാനിപ്പോൾ ജീവിച്ചുകൊണ്ടിരിക്കുന്നത്.

 

 

അന്യഭാഷയിലേക്ക് എത്തിയപ്പോൾ നേരിട്ട പ്രതിസന്ധികൾ?

അന്യഭാഷകളിലായാലും മലയാളത്തിലായാലും അഭിനയിക്കുന്ന കാര്യങ്ങളിൽ വലിയ മാറ്റങ്ങളൊന്നുമില്ല. പക്ഷേ ഭാഷ വലിയ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. തെലുങ്ക് ഭാഷ ഒരു തടസ്സമായി തോന്നുന്നില്ല. നല്ല കഥാപാത്രങ്ങൾ ഏത് ഇൻഡസ്ട്രിയിൽ നിന്ന് വന്നാലും അഭിനയിക്കണം. തെലുങ്കിൽ ചെയ്ത രണ്ട് സിനിമകളിലും നായികാ വേഷമായതുകൊണ്ടുതന്നെ കൂടുതൽ അവസരങ്ങൾ വരുന്നത് അവിടെ നിന്നാണ്.

ഡ്രീം ക്യാരക്ടർ ഏതാണ്?

ബാഹുബലിയിൽ അനുഷ്‌ക്ക അവതരിപ്പിച്ച ദേവസേന എന്ന കഥാപാത്രമാണ് എന്റെ സ്വപ്നവേഷം  വളരെ പവർഫുള്ളായ ആ സ്ത്രീകഥാപാത്രം എനിക്കൊരുപാട് ഇഷ്ടപ്പെട്ടിരുന്നു. അത്തരത്തിലൊരു വേഷം ചെയ്യാൻ ആഗ്രഹമുണ്ട്.

 

മറ്റ് പ്രോജക്ടുകൾ?

രക്ഷിത് നായകനായി എത്തുന്ന നരകാസുര എന്ന ചിത്രത്തിൽ നായികാവേഷത്തിൽ അഭിനയിക്കുന്നുണ്ട്. മീനാക്ഷി എന്നാണ് കഥാപാത്രത്തിന്റെ പേര്. തെലുങ്ക്, തമിഴ്, ഹിന്ദി, കന്നഡ, മലയാളം തുടങ്ങിയ ഭാഷകളിലാണ്  നരകാസുര റിലീസിന് എത്തുന്നത.് ഒട്ടേറെ സീനിയർ ആർട്ടിസ്റ്റുമാർ സിനിമയിൽ അഭിനയിക്കുന്നുണ്ട്. ഒരുപാട് പ്രതീക്ഷകളോടെയാണ് സിനിമയെ കാത്തിരിക്കുന്നത്. സിബി മടിയറയിൽ സംവിധാനം ചെയ്ത മുകൾപരപ്പ് എന്ന ചിത്രമാണ് മറ്റൊരു ചിത്രം. ഫെസ്റ്റിവൽ മൂവിയാണ്. നായികാവേഷമാണ്. തിങ്കളാഴ്ച നിശ്ചയം ഫെയിം സുനിൽ സൂര്യയാണ് നായകനായി എത്തുന്നത്.

ഫാമിലിയുടെ പിന്തുണ?

എന്റെ ഫാമിലിക്ക് സിനിമ എന്ന മേഖല വളരെ അപരിചിതമായ ഒരിടമാണ്. എന്നാൽ ഇപ്പോൾ എന്റെയൊപ്പം സിനിമയിലെ ഓരോ കാര്യങ്ങളും മനസ്സിലാക്കിയ അവർ പൂർണ്ണ പിന്തുണയോടെ ഒപ്പമുണ്ട്. അച്ഛൻ ജനാർദ്ദനൻ കാസർഗോഡ് സബ് ഇൻസ്‌പെക്ടറാണ്. അമ്മ ഇന്ദു ഹൈസ്‌ക്കൂൾ ടീച്ചറാണ്.

 


LATEST VIDEOS

Interviews