ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഹൈപ്പർ ആക്റ്റീവ് ആയ ഒരു കുട്ടിയുടെ ജീവിതത്തിൽ വരുത്തുന്ന മാറ്റങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം
കേരളീയരെ മലയാളം പറഞ്ഞ് ഞെട്ടിച്ച അപർണ മുൾബെറി എന്ന വിദേശ വനിതയെ എല്ലാവർക്കും സുപരിചിതമാണ്. അപർണ മുൾബെറിയുടെ 'ഇൻവെർട്ടഡ് കോക്കനട്ട്' എന്ന ചാനലും വളരെ പ്രശസ്തമാണ്. ഇപ്പോഴിതാ അപർണ സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നു എന്ന വാർത്തകളാണ് പുറത്തുവരുന്നത്. ഐ ഐ കഥാപാത്രമായാണ് അപർണയുടെ അരങ്ങേറ്റം.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഹൈപ്പർ ആക്റ്റീവ് ആയ ഒരു കുട്ടിയുടെ ജീവിതത്തിൽ വരുത്തുന്ന മാറ്റങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. സംവിധായകൻ ഇഎംഎഷ്‌റഫ് സാറാണ് 'മോണിക്ക-ആൻ എഐ സ്റ്റോറി'യുടെ കഥ തന്നോട് പറയുന്നതെന്നും അപർണ്ണ പറയുന്നു. കുടുംബത്തിന് ഒന്നിച്ച് കാണാൻ കഴിയുന്ന ചിത്രം നവംബർ അവസാനത്തോടെയാണ് റിലീസ്.
സിനിമയിൽ നിർമ്മാതാവ് മൻസൂർ പള്ളൂർ എഴുതിയ ഒരു ഗാനവും അപർണ പാടുകയും ആ പട്ടിൽ നൃത്തവും ചെയ്തിട്ടുണ്ട്. വർഷങ്ങൾക്ക് ശേഷമാണ് നൃത്തം കളിക്കുന്നതെന്നും അപർണ പറയുന്നു. ഇനിയൊരു സിനിമ ചെയ്യുമോ എന്ന് തനിക്കറിയില്ലെന്നും പക്ഷേ ഈ സിനിമ അപർണയ്ക്ക് പൂർണത നൽകിയെന്നും പറയുന്നു.
"എനിക്ക് മൂന്ന് വയസ്സുള്ളപ്പോഴാണ് ഞാൻ കേരളത്തിലെത്തിയത്. 15 വയസ്സുവരെ കൊല്ലത്തെ മാതാ അമൃതാനന്ദമയിയുടെ ആശ്രമത്തിൽ താമസിച്ചു. ശേഷം അമേരിക്കയിലേക്ക് മടങ്ങി. മാർക്കറ്റിംഗിൽ ജോലി ചെയ്തു. തുടർന്ന് ഇംഗ്ലീഷ് പഠിപ്പിക്കാൻ തുടങ്ങി. തായ്‌ലൻഡ്, ചൈന തുടങ്ങിയ രാജ്യങ്ങളിൽ ഭാഷകൾ പഠിപ്പിക്കാനും പോയി. കൊവിഡ് കാലത്ത് കേരളത്തിൽ ഓൺലൈൻ സെഷനുകൾ ആരംഭിച്ചു. അതിന്റെ വിജയത്തോടെ, കൂടുതൽ ഗൗരവമായി എടുത്തു. അടുത്ത വർഷം ഇംഗ്ലീഷ് ഉച്ചാരണത്തിന് മാത്രമായി ഒരു പുതിയ കോഴ്‌സ് ആരംഭിക്കും" അപർണ പറഞ്ഞു.