എറണാകുളം ലോ കോളജ് യൂണിയൻ ഉദ്ഘാടന വേദിയിൽ വിദ്യാര്‍ഥിയില്‍ നിന്നുണ്ടായ മോശം പെരുമാറ്റം തന്നെ വേദനിപ്പിച്ചിരുന്നുവെന്ന് നടി അപര്‍ണ ബാലമുരളി. പരിപാടിക്കിടെ വേദിയില്‍ കയറിയ വിദ്യാർത്ഥി നടിയുടെ കയ്യില്‍ പിടിച്ച് എഴുന്നേല്‍പ്പിക്കുകയും തോളില്‍ കയ്യിട്ട് സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പിന്നീട് വൈറലാവുകയും ചെയ്തിരുന്നു.
‘ഒരു സ്ത്രീയുടെ സമ്മതം ചോദിക്കാതെ അവരുടെ ദേഹത്ത് കൈവെക്കുന്നത് ശരിയല്ലെന്ന് ഒരു ലോ കോളേജ് വിദ്യാര്‍ത്ഥി മനസിലാക്കിയില്ലെന്നത് ഗുരുതരമാണ്. കൈപിടിച്ച് എഴുന്നേല്‍പിച്ചത് തന്നെ ശരിയല്ല. പിന്നീടാണ് കൈ ദേഹത്ത് വെച്ച് നിര്‍ത്താന്‍ നോക്കിയത്. ഇതൊന്നും ഒരു സ്ത്രീയോട് കാണിക്കേണ്ട മര്യാദയല്ല. ഞാന്‍ പരാതിപ്പെടുന്നില്ല. പിന്നാലെ പോകാന്‍ സമയമില്ല എന്നതാണ് കാരണം. എന്റെ എതിര്‍പ്പുതന്നെയാണ് ഇപ്പോഴത്തെ മറുപടി,’ അപര്‍ണ പറഞ്ഞു.
പരിപാടിയുടെ സംഘാടകരോട് തനിക്ക് പരിഭവമില്ലെന്നും, സംഭവം നടന്നപ്പോഴും അതിന് ശേഷവും അവര്‍ തന്നോട് മാപ്പ് പറഞ്ഞെന്നും അപര്‍ണ പറഞ്ഞു. അപർണയ്ക്ക് പൂവ് നൽകാനായി വേദിയിൽ എത്തിയ വിദ്യാർത്ഥി, നടിയുടെ കയ്യിൽ പിടിച്ച് എഴുന്നേൽപ്പിക്കുകയും തോളിൽ കയ്യിടാൻ ശ്രമിക്കുകയും ആയിരുന്നു.
യുവാവ് വീണ്ടും തോളിൽ കയ്യിടാൻ ഒരുങ്ങുമ്പോൾ അപർണ വെട്ടിച്ച് മാറുന്നതും ‘എന്താടോ ഇത് ലോ കോളജ് അല്ലേ’യെന്ന് ചോദിക്കുന്നുമുണ്ട്. ശേഷം സംഘാടകരിൽ ഒരാളായ വിദ്യാർത്ഥി അപർണയോട് മാപ്പ് ചോദിച്ചിരുന്നു.
ശേഷം വേദിയിൽ എത്തി വിദ്യാർത്ഥി താൻ വേറൊന്നും ഉദ്ദേശിച്ചല്ല ചെയ്തതെന്നും ഫാൻ ആയതുകൊണ്ട് ഫോട്ടോ എടുക്കാൻ ശ്രമിച്ചതാണെന്നും പറയുന്നുണ്ട്. വീണ്ടും കൈ നീട്ടിയ യുവാവിന് കൈ കൊടുക്കാൻ അപർണ വിസമ്മതിക്കുകയും ചെയ്തു.
യൂണിയൻ ഉദ്ഘാടനത്തോടൊപ്പം 'തങ്കം' സിനിമയുടെ പ്രമോഷന് കൂടിയുമായിരുന്നു അപർണ കോളജിൽ എത്തിയത്. ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ സഹീദ് അറഫാത്ത് സംവിധാനം ചെയ്യുന്ന തങ്കം ജനുവരി 26നാണ് റിലീസ് ചെയ്യുന്നത്.