ഓണവുമായി ബന്ധപ്പെട്ടുള്ള ഒ.എന്‍.വി സാറിന്‍റെ ഗാനങ്ങള്‍... അല്ലെങ്കില്‍ കവിതകള്‍...? അപര്‍ണ്ണയുടെ ഓര്‍മ്മകളിലുള്ള ഓണപ്പാട്ടുകളെക്കുറിച്ച് പറയാമോ?
മുത്തച്ഛന്‍റെ ഒരുപാട് ഓണപ്പാട്ടുകള്‍ എന്‍റെ മനസ്സിലുണ്ട്..., എന്‍റെ ഓര്‍മ്മകളിലുണ്ട്. സിനിമയിലെ ഓണപ്പാട്ടുകളെക്കുറിച്ച് പറഞ്ഞാല്‍ ആദ്യം മനസ്സിലെത്തുന്നത് പൂവേണം... പൂപ്പട വേണം.. , അത്തപ്പൂവും നുള്ളി.. തൃത്താപ്പൂവും നുള്ളി..., അത്തപ്പൂ ചിത്തിരപ്പൂ... ഇങ്ങനെ മുത്തച്ഛന്‍റെ നല്ല നല്ല ഓണപ്പാട്ടുകളുണ്ട്.
'ഒരു ചിങ്ങം കൂടി....
ഒരു തിരുവോണം കൂടി....' ഇത് മുത്തച്ഛന്‍റെ ഒരു ഓണക്കവിതയാണ്. ഇത് ഞാന്‍ പഠിച്ചിട്ടുണ്ട്. എന്‍റെ അച്ഛനാണ് ഈ കവിതയ്ക്ക് മ്യൂസിക് നല്‍കിയത്. ഞാന്‍ ഈ കവിത ചൊല്ലിയിട്ടുമുണ്ട്. ഓണക്കാലത്ത് അല്ലാതെയും ഈ പാട്ടുകളും കവിതയുമൊക്കെ മിക്കവാറും കേള്‍ക്കാറുള്ളതുമാണല്ലോ.
അപര്‍ണ്ണ ഓണപ്പാട്ടുകള്‍ പാടിയിട്ടുള്ള അനുഭവം പങ്കുവയ്ക്കാമോ...?
ഓണക്കാലത്ത് പാട്ടും സംഗീതവുമായി ബന്ധപ്പെട്ട പല പ്രോഗ്രാമുകളിലും പങ്കെടുക്കാറുണ്ട്. ഓണം നമുക്കെല്ലാവര്‍ക്കും ഒരു സന്തോഷം നല്‍കുന്ന സമയവുമാണല്ലോ. കുട്ടിക്കാലത്ത് പൂക്കള്‍ പറിച്ച് അത്തപ്പൂക്കളമിടാനുമൊക്കെ നല്ല ഉത്സാഹമായിരുന്നു. ഇപ്പോള്‍ എന്‍റെ കുട്ടികള്‍ അത് ചെയ്യുമ്പോള്‍ ഞാന്‍ എന്‍റെ കുട്ടിക്കാലത്തെ ഓണനാളുകളിലേയ്ക്ക് മടങ്ങിപ്പോകുന്നുണ്ട്. അത് വലിയ സന്തോഷവും നല്‍കുന്നുണ്ട്. അപര്‍ണ്ണ തുടര്‍ന്നു...
ഓണക്കാലത്ത് വീട്ടിലിരിക്കാന്‍ കഴിയാറില്ല. കാരണം, പരിപാടികളുണ്ടാകും. ഒരാര്‍ട്ടിസ്റ്റിനെ സംബന്ധിച്ചിടത്തോളം പ്രോഗ്രാം ഉണ്ടാവുക എന്നുള്ളതാണ് വലിയ സന്തോഷം നല്‍കുന്നത്.
അപര്‍ണ്ണയ്ക്ക് ഇഷ്ടമുള്ള ഓണപ്പാട്ടുകള്‍ ഏതൊക്കെയാണെന്ന് പറയാമോ?
എനിക്കിഷ്ടമുള്ള ഒരുപാട് ഓണപ്പാട്ടുകളുണ്ട്. അതില്‍ പ്രധാനം പൂവേണം പൂപ്പട വേണം.. ഉത്രാടപൂനിലാവേ വാ.., പൂവിളി പൂവിളി... പൊന്നോണമായി... അത്തപ്പൂവും നുള്ളി... ഇതൊക്കെ എന്‍റെ ഫേവറിംഗ് ഗാനങ്ങളാണ്. കേള്‍ക്കാനായാലും പാടാനായാലും ഇതെല്ലാം ഞാനിഷ്ടപ്പെടുന്ന ഓണപ്പാട്ടുകളാണ്. വളരെ എന്‍ജോയ് ചെയ്ത് പാടുന്ന പാട്ടുകളുമാണ് ഇതെല്ലാം.
മുത്തച്ഛന്‍ എഴുതിയ സിനിമാപ്പാട്ടുകളില്‍ ഏതൊക്കെയാണ് മനസ്സില്‍ സൂക്ഷിക്കുന്നത്?
മുത്തച്ഛന്‍ എഴുതിയ ഏതാണ്ട് എല്ലാ പാട്ടുകളും തന്നെ മനസ്സിലുണ്ട്. എല്ലാ ഗാനങ്ങളും എന്‍റെ ഫേവറിറ്റ് തന്നെയാണ്. സത്യം പറഞ്ഞാല്‍ അതില്‍ ഏതാണ് പ്രിയപ്പെട്ടവ എന്നുപറയാന്‍ ബുദ്ധിമുട്ടാണ്. ഒരിക്കലും പുതുമ നഷ്ടപ്പെടാത്ത മുത്തച്ഛന്‍റെ ചില പാട്ടുകളുണ്ട്. അതൊക്കെ കേള്‍ക്കുമ്പോഴും പാടുമ്പോഴും വലിയ സന്തോഷമാണ് നല്‍കുന്നത്.
'അരികില്‍ നീ ഉണ്ടായിരുന്നെങ്കില്‍...', 'ഒരു വട്ടം കൂടി ഓര്‍മ്മകള്‍ മേയുന്ന...', 'കാതില്‍ തേന്‍മഴയായി....', 'കുന്നിമണി ചെപ്പുതുറന്ന്...,' 'മേലെ പൂമല...', 'ശരദിന്ദു മലര്‍ദീപനാളം നീട്ടി...' ഇങ്ങനെ കുറെയുണ്ട്. പെട്ടെന്ന് മനസ്സില്‍ വന്ന ഏതാനും പാട്ടുകളെക്കുറിച്ച് മാത്രമാണ് ഞാനിപ്പോള്‍ ഇവിടെ പറഞ്ഞത്.. ഇനിയുമുണ്ട് മുത്തച്ഛന്‍റെ ഒരുപാട്.. ഒരുപാട് നല്ല ഗാനങ്ങള്‍...!'