മൂന്നുവർഷം വിദേശത്ത് ജോലി ചെയ്തു. അതിനിടയിലാണ് ഒരു സിനിമയിൽ അഭിനയിച്ചത്. സത്യൻ അന്തിക്കാടിന്റെ ഞാൻ പ്രകാശനായിരുന്നു ചിത്രം. സിനിമയിൽ പുതിയ അവസരങ്ങൾ വന്നതോടെ ജോലി ഉപേക്ഷിച്ച് നാട്ടിലെത്തി.
സിനിമയിൽ നായികയായി അഭിനയിച്ചു. കഴിഞ്ഞ നാലു വർഷമായി സിനിമയിൽ ജോലി ചെയ്യുന്നു. ശമ്പളം വാങ്ങുന്നു. കുറച്ച് സമ്പാദ്യം വന്നപ്പോൾ ഒരു വീട് സ്വന്തമാക്കണമെന്നൊരു ആശ തോന്നി.
അതെ, അതിപ്പോൾ സാദ്ധ്യമായിരിക്കുന്നു. ഈ വരുന്ന വിഷുവിന് പുതിയ വീട്ടിലായിരിക്കും താമസം. ഇത്തവണ വിഷുക്കാലത്തെ എന്റെ പുതിയ വിശേഷമെന്നത് ഇതുതന്നെയാണെന്ന് നടി അപർണ്ണ ദാസ് സന്തോഷത്തോടെ പറയുന്നു.
കോട്ടയത്ത് ''സീക്രട്ട് ഹോം'' എന്ന സിനിമയുടെ സെറ്റിൽ വച്ചാണ് അപർണ്ണ ഈ വിശേഷം ''നാന''യുമായി പങ്കുവച്ചത്.
എവിടെയാണ് പുതിയ വീട്?
കൊച്ചിയിൽ തന്നെ. മുപ്പത്തടം എന്ന സ്ഥലത്ത്.
പുതിയ വീടിന് പേരിട്ടോ?
ഇല്ല. ഇതുവരെ പേര് തീരുമാനമായിട്ടില്ല. ചിന്തിച്ചു കൊണ്ടിരിക്കുന്നു. നല്ലൊരു പേര് കണ്ടെത്തി പുതിയ വീടിന് നൽകണമെന്ന് വിചാരിക്കുന്നു.
പേരന്റസാണോ വീട് പണിത് തരുന്നത്?
അല്ല. അവർ മസ്‌ക്കറ്റിൽ തന്നെയാണുളളത്. എന്റെ സ്വന്തം വീട്ടിന്റെ കല്ലിടീൽ ചടങ്ങു മുതൽ എല്ലാം ഞാൻ തന്നെയാണ് നോക്കുന്നത്. ഈ വീടുപണി എന്നെ സംബന്ധിച്ചിടത്തോളം ഒരു സ്‌പെഷ്യൽ ഫീലാണുളളത്. ഒരു വില്ല പ്രൊജക്ടാണ്.
വിഷുക്കാലത്ത് പുതിയ വീടിന്റെ ഗൃഹപ്രവേശ ചടങ്ങുനടക്കുന്നതിൽ എനിക്ക് വലിയ സന്തോഷമാണുളളത്.
വിഷുവിന് അപർണ്ണ തന്നെ അപർണ്ണക്ക് നൽകുന്ന കൈനീട്ടമാണല്ലെ ഈ പുതിയ വീട്...?
ഈ ചോദ്യം കേട്ടപ്പോഴും അപർണ്ണ നന്നായി ചിരിക്കുകയായിരുന്നു.
.