തമിഴ് സിനിമയിലെ മുൻനിര സംവിധായകന്മാരിൽ ഒരാളായ എ.ആർ.മുരുകദാസ് ഇപ്പോൾ ശിവകാർത്തികേയൻ നായകനാകുന്ന ഒരു ചിത്രമാണ് സംവിധാനം ചെയ്തു വരുന്നത്. ശിവകാർത്തികേയനും, എ.ആർ.മുരുകദാസും ആദ്യമായി ഒന്നിക്കുന്ന ഈ ചിത്രത്തിൽ രുക്മിണി വസന്താണ് നായികയായി അഭിനയിക്കുന്നത്. ബോളിവുഡ് താരം വിദ്യുത് ജംവാലാണ് വില്ലനായി എത്തുന്നത്. എ.ആർ.മുരുകദാസ് സംവിധാനം ചെയ്ത വിജയ് ചിത്രമായ 'തുപ്പാക്കി'യിൽ വിദ്യുത് ജംവാലായിരുന്നു വില്ലനായി അഭിനയിച്ചത്.
ഇനിയും പേരിടാത്ത ഈ ചിത്രം ഒരു പാൻ ഇന്ത്യൻ ചിത്രമായിട്ടാണ് ശിവകർത്തികേയൻ ഒരുക്കുന്നത്. അതിനാൽ ഈ ചിത്രത്തിൽ വരുന്ന ഒരു പ്രധാന കഥാപാത്രം അവതരിപ്പിക്കാൻ മോഹൻലാലുമായി ശിവകാർത്തികേയൻ ഈയിടെ ചർച്ച നടത്തിയത്രെ! എന്നാൽ കാൾഷീറ്റ് പ്രശ്നത്തെ തുടർന്ന് മോഹൻലാൽ ഈ ചിത്രത്തിൽ അഭിനയിക്കുന്നില്ലത്രേ! ഇതിനെ തുടർന്ന് ശിവകർത്തികേയൻ സുരേഷ് ഗോപിയുമായും ചർച്ചകൾ നടത്തിയാത്രെ! എന്നാൽ സുരേഷ് ഗോപി ഇപ്പോൾ ലോകസഭാ തിരഞ്ഞെടുപ്പിൽ തൃശൂരിൽ ഒരു സ്ഥാനാർത്ഥിയായി മത്സരിക്കുന്നതിനാൽ അഭിനയിക്കുവാൻ സാധിക്കുകയില്ലെന്ന് പറഞ്ഞുവത്രേ! മുൻപ് എ.ആർ.മുരുകദാസ് സംവിധാനം ചെയ്തു സൂപ്പർഹിറ്റായ അജിത്ത് ചിത്രമായ 'ദീന'യിൽ സുരേഷ്ഗോപി ഒരു പ്രധാന കഥാപാത്രം അവതരിപ്പിക്കുകയും, ആ കഥാപാത്രം ചിത്രത്തിന്റെ വിജയത്തിന് ഒരു കാരണമാകുകയും ചെയ്തിരുന്നു. മോഹൻലാലും, സുരേഷ് ഗോപിയും ഈ പുതിയ ചിത്രത്തിൽ അഭിനയിക്കാൻ വിസമ്മതിച്ചതിനാൽ എ.ആർ.മുരുകദാസ് ഇപ്പോൾ നടൻ ജയറാമുമായി സംസാരിച്ചു വരികയാണെന്നുള്ള വാർത്തയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ജയറാം എങ്ങിനെയെങ്കിലും ഈ ചിത്രത്തിൽ അഭിനയിക്കാൻ സമ്മതിക്കും എന്നുതന്നെയാണ് പ്രതീക്ഷിക്കുന്നത്. കാരണം വൻ ബഡ്ജറ്റിൽ ഒരുങ്ങുന്ന ഒരു ചിത്രം, എ.ആർ.മുരുകദാസും, ശിവകാർത്തികേയനും ആദ്യമായി ഒന്നിക്കുന്ന ചിത്രം, അനിരുദ്ധ് സംഗീതം നൽകുന്ന ചിത്രം എന്നീ നിലകളിൽ ആരാധകർക്കിടയിൽ വളരെ പ്രതീക്ഷ ഉണ്ടാക്കിയിരിക്കുന്ന ഒരു ചിത്രമാണ് ഇത്. .