കഴിഞ്ഞ 30 വർഷങ്ങളായി ഇന്ത്യൻ സിനിമയിൽ പ്രശസ്ത സംഗീത സംവിധായകനായും, ഗായകനായും പ്രവർത്തിച്ചുവരുന്ന ഓസ്കാർ പുരസ്‌കാര ജേതാവായ എ.ആർ.റഹ്‌മാന്റെ മകൻ അമീനും ഗായകനാണ്. പിതാവിന്റെ സംഗീതത്തിൽ ഗാനങ്ങൾ ആലപിച്ചിട്ടുള്ള അമീൻ സ്വതന്ത്രമായി സംഗീത ആൽബങ്ങളും ഒരുക്കിയിട്ടുണ്ട്. ഇപ്പോൾ മകനെ തുടർന്ന് എ.ആർ.റഹ്മാന്റെ മകൾ ഖദീജയും സംഗീത സംവിധായികയായി അരങ്ങേറ്റം കുറിക്കുവാനിരിക്കുകയാണ്. ഖദീജയും എ.ആർ.റഹ്മാന്റെ സംഗീതത്തിൽ പാടിയിട്ടുണ്ട്. കഴിഞ്ഞ വർഷം സൗണ്ട് എഞ്ചിനീയറായ റിയാസുദ്ദീൻ ഷെയ്ഖിനെ വിവാഹം ചെയ്ത ഖദീജ, 'മിൻമിനി' എന്ന തമിഴ് ചിത്രം മുഖേനയാണ് സംഗീത സംവിധായികയായി അരങ്ങേറ്റം കുറിക്കുന്നത്. 'പൂവരശം പീപ്പി', 'സില്ലുകരുപട്ടി', 'ഏലേ' എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്ത ഹാലിത ഷമീം സംവിധാനം ചെയ്യുന്ന ചിത്രമാണ് 'മിൻമിനി'. 'ദൃശ്യം' ഫെയിം എസ്തർ അനിലാണ് ഇതിൽ കഥാനായകിയായി അഭിനയിക്കുന്നത് എന്നാണു പറയപ്പെടുന്നത്. മറ്റുള്ള പ്രധാന കഥാപത്രങ്ങളെ ഗൗരവ് കലൈയും, പ്രവീൺ കിഷോറൂമാണ് അവതരിപ്പിക്കുന്നത്. ആദ്യമായി തന്നെ ഒരു പെൺ സംവിധായികയുടെ ചിത്രത്തിനായി സംഗീതം ഒരുക്കുന്നതിൽ താൻ വളരെ സന്തോഷവതിയാണെന്നു ഖദീജ പറഞ്ഞിട്ടുണ്ട്.