'നായകൻ' എന്ന സിനിമയെ തുടർന്ന് 35 വർഷങ്ങൾക്ക് ശേഷം കമൽഹാസനും, മണിരത്‌നവും ചേർന്ന് ഒരുക്കി വരുന്ന ചിത്രമാണ് 'തഗ് ലൈഫ്'. ഒരു ഗ്യാങ്സ്റ്റർ കഥയെ അടിസ്ഥാനമാക്കിയുള്ള ഈ ചിത്രത്തിൽ കമൽഹാസനൊപ്പം തൃഷ, സിമ്പു, ഐശ്വര്യ ലക്ഷ്മി, ജോജു ജോർജ്, അഭിരാമി, നാസ്സർ തുടങ്ങി ഒരുപാട് താരങ്ങൾ അണിനിരക്കുന്നുണ്ട്. എ.ആർ.റഹ്‌മാൻ സംഗീതം നൽകുന്ന ഈ ചിത്രത്തിൽ ഇപ്പോൾ എ.ആർ.റഹ്‌മാന്റെ മകൾ അലീഷയും പ്രവർത്തിച്ചുവരുന്നതായുള്ള വാർത്ത ലഭിച്ചിട്ടുണ്ട്. ചിത്രത്തിൽ മണിരത്നത്തിന്റെ സഹസംവിധായികയായാണ് അലീഷയുടെ സിനിമാ അരങ്ങേറ്റം. അഭിനയരംഗത്തേക്ക് കടക്കണമെന്നായിരുന്നു അലീഷയുടെ ആദ്യമോഹം എങ്കിലും സിനിമയെ കൂടുതൽ ഗൗരവത്തോടെ പഠിക്കണമെന്ന തീരുമാനത്തിന്റെ ഭാഗമായാണത്രെ സഹസംവിധായികയാകാൻ തീരുമാനിച്ചത്. അലീഷയുടെ സിനിമയോടുള്ള ഇഷ്ടം മനസ്സിലാക്കിയ നടിയും, മണിരത്നത്തിന്റെ പത്നിയുമായ സുഹാസിനിയാണത്രെ അലീഷയെ 'തഗ് ലൈഫി'ൽ എത്തിച്ചത് എന്ന റിപ്പോർട്ടും ഉണ്ട്.