"മലയാള സിനിമയിൽ പുതുമുഖ നടിമാരെ എടുക്കുന്നതിന് പകരം ആർട്ടിഫിഷ്യൽ ഇൻ്റലിജെൻസിൻ്റെ സഹായത്തോടെ ഡിജിറ്റൽ നായികമാരെ അഭിനയിപ്പിക്കേണ്ട അവസ്ഥയാണ്. Al നായികയെ പീഡിപ്പിച്ചു എന്ന ആരോപണം വരില്ലല്ലോ." സിനിമാ രംഗത്ത് പ്രവർത്തിക്കുന്ന ഒരാളുടെ പ്രതികരണമാണ്. ചിപ്പോൾ പ്രമുഖ നടന്മാർക്കെതിരെ Al നായികയെ ചേർത്ത് വച്ചും അസ്ലീല കഥകൾ വാർത്തകൾ എന്ന ലേബലിൽ പടച്ചു വിടുന്ന ഞരമ്പ് രോഗികളായവരെയും പ്രതീക്ഷിക്കാം എന്നും അദ്ദേഹം രോഷത്തോടെ പറയുന്നു. കൊറോണയുടെ ദുരിതകാലം കഴിഞ്ഞ് നല്ല ചിത്രങ്ങൾ വന്നു ജനങ്ങൾ തീയേറ്ററുകളിലേക്ക് കയറുവാൻ തുടങ്ങിയപ്പോൾ വലിയ ഒരു ആശ്വാസമായിരുന്നു. ഈ വിവാദങ്ങൾ മൂലം പല പ്രൊഡ്യൂസർമാരും തൽക്കാലം സിനിമ ചെയ്യേണ്ട എന്ന തീരുമാനത്തിലേക്ക് എത്തി. "അവരെ കുറ്റം പറയുവാൻ സാധിക്കില്ല ഒരു ഓഡിഷൻ വച്ചിട്ട് അവസരം ലഭിച്ചില്ലെങ്കിൽ പുറത്ത് വന്ന് കാസ്റ്റിംഗ് കൗച്ച് എന്ന് മാധ്യമങ്ങൾക്ക് മുമ്പിൽ പറഞ്ഞാൽ നിർമ്മാതാവിൻ്റെയും നടൻ്റെയും മറ്റും മാനം പോകുന്ന അവസ്ഥയാണ്. " "എനിക്ക് ഒരു പ്രമുഖനിൽ നിന്നും മോശം അനുഭവം ഉണ്ടായി. പക്ഷെ ഞാൻ കേസിന് ഒന്നും പോകുന്നില്ല. " ഇതാണിപ്പോഴത്തെ സ്ഥിരം ക്യാപ്ഷൻ. മാധ്യമങ്ങൾക്ക് ഇത്രയും കിട്ടിയാൽ ധാരാളം ബാക്കി അവർ എരിവും പുളിയും നീലയും മഞ്ഞയും ചേർത്ത് സമൂഹത്തിലേക്ക് വിളമ്പി കൊള്ളും. പീഡന ആരോപണങ്ങളും വെളിപ്പെടുത്തലുകളും മലയാള സിനിമയെ ആകെ പിടിച്ച് ഉലച്ചിരിയ്ക്കുകയാണ്. അക്ഷരാർത്ഥത്തിൽ മലയാള സിനിമ ഇൻ്റസ്ട്രി കൂപ്പ് കുത്തി. സിനിമയിൽ ചെറിയ വേഷം ചെയ്തവരോ വർഷങ്ങൾക്ക് മുമ്പേ ഫീൽഡ് ഔട്ട് ആയവരോ ഒക്കെയാണ് ആരോപണങ്ങളുമായി കളം നിറഞ്ഞത്. മാധ്യമങ്ങളാകട്ടെ ഇതിൽ സത്യമെന്തെന്ന് പോലും അന്വേഷിക്കാതെ ന്യൂസ് ബ്രേക്ക് ചെയ്യുകയും വെളിപ്പെടുത്തലുകാർക്ക് വൻ പ്രാധാന്യം നൽകുകയും ചെയ്യുന്നു. ആരോപണ വിധേയരായ പുരുഷന്മാരുടെ ചിത്രം സഹിതം വാർത്താ ശകലങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപക പ്രചരിക്കുന്നു. യുവ നടൻ നിവിൻ പോളിയെ താറടിച്ച് മുന്നേറിയ വെളിപ്പെടുത്തലിൽ നടൻ പരസ്യമായി രംഗത്തെത്തി. ആരോപണങ്ങൾ വസ്തുതാ വിരുദ്ധമാണ് എന്ന് തെളിയിക്കുന്ന ഡിജിറ്റൽ തെളിവുകൾ വിനീത് ശ്രീനിവാസൻ പുറത്ത് വിട്ടു. നിവിൻ പോളിക്ക് എതിരെ ആരോപണം ഉന്നയിച്ച സ്ത്രീ പറഞ്ഞത് ദുബായിൽ വച്ചാണ് തന്നെ പീഡിപ്പിച്ചത് എന്നായിരുന്നു. അവർ പറഞ്ഞ തിയതികളിൽ നിവിൻ പോളി വിനീത് ശ്രീനിവാസൻ്റെ ഒരു സിനിമയുടെ ഷൂട്ടിംഗിൽ ആയിരുന്നു. തെളിവ് സഹിതം വിനീതും നിവിനും പൊളിച്ചടുക്കി എങ്കിലും ഒരു വിഭാഗം ആളുകൾ നേരത്തെ വന്ന പീഡന വാർത്ത വിശ്വസിച്ചു. ആരോപണം ഉന്നയിച്ചവർ തൊടുന്യായങ്ങൾ പറഞ്ഞ് എങ്ങോ പോയി. മലയാള സിനിമയ്ക്ക് സംഭവിച്ചുകൊണ്ട് ഇരിക്കുന്ന ദുരവസ്ഥയെ കൂടെയാണ് ഇതിലൂടെ പുറത്ത് വരുന്നത്. എൺപതുകളിൽ സൂപ്പർ ഹിറ്റായ വൈശാലിയിലെ നായിക മുപ്പത് വർഷങ്ങൾക്ക് ശേഷം വെളിപ്പെടുത്തലുകളുമായി രംഗത്ത് വരുന്നു, അവർ ആരെയാണ് ഉന്നം വെച്ചത് എന്ന് വ്യക്ത മാക്കാതെ അഭ്യൂഹ വാർത്തകൾ നിറയുന്നു. നടി രാധിക ശരത് കുമാർ പറയുന്നു വർഷങ്ങൾക്ക് മുമ്പ് ഒരു സിനിമയുടെ ലൊക്കേഷനിൽ കാരവാനിൽ നടിമാർ വസ്ത്രം മാറുന്നത് രഹസ്യ ക്യാമറ വച്ച് ഒപ്പിയെടുത്ത് കൂട്ടമായി കണ്ട് ആസ്വദിക്കുന്നത് താൻ കണ്ടെന്ന്. സിനിമയിൽ നിന്നും ഔട്ടായി പിന്നീട് ബി ഗ്രേഡ് നടിയായി രംഗത്ത് വന്നിട്ടും രക്ഷപ്പെടാതെ പോയ നടി ചാർമിളയും വെളിപ്പെടുത്തലുമായി വന്നു. എന്നാൽ ഇവർ ആരും പരാതിയുമായി മുന്നോട് പോയില്ല പക്ഷെ രണ്ട് ദിവസം മാധ്യമങ്ങളിൽ നിറഞ്ഞ് നിൽക്കുവാൻ സാധിച്ചു. ഒരുകുറ്റകൃത്യം നടന്നാൽ അത് റിപ്പോർട്ട് ചെയ്യാതെ അല്ലെങ്കിൽ വെളിപ്പെടുത്തൽ നടത്തുമ്പോൾ കൃത്യമായി ആളുടെ പേര് പറയാതെ വാർത്തയിൽ ശ്രദ്ധിക്കപ്പെടുവാനായി ചിലർ നടത്തുന്ന ഇത്തരം ശ്രമങ്ങൾ മൂലം തകരുന്നത് മലയാള സിനിമയാണ്, ഈ രംഗത്തെ ഒരു പാടു പേരുടെ വരുമാനമാണ് ഇല്ലാതാകുന്നത്. ഹേമ കമ്മറ്റി റിപ്പോർട്ട് കൊണ്ട് എന്ത് പ്രയോജനമാണ് ഉണ്ടായത് എന്ന് ചോദിക്കുന്നവർ ഉണ്ട്. കുറ്റകൃത്യം നടന്നിട്ടുണ്ട് എന്ന് ആ റിപ്പോർട്ടിൽ പറയുന്നുണ്ടെങ്കിൽ കുറ്റം ചെയ്ത വ്യക്തികളുടെ പേരിൽ കേസ് എടുക്കണം എന്ന് ഫീൽഡിൽ ഉള്ള പലരും ആവശ്യപ്പെടുന്നു. അഭ്യൂഹങ്ങൾക്കും വ്യക്തി വിരോധം തീർക്കലിനുമായി ഹേമ കമ്മറ്റി റിപ്പോർട്ടിനെ ദുരുപയോഗം ചെയ്യുവാൻ അനുവദിക്കരുത് എന്നാണ് അവരുടെ പക്ഷം. "മലയാളിയുടെ ലൈംഗിക ദാരിദ്ര്യത്തിലേക്ക് വീണു കിട്ടിയ വലിയ ഒരു മസാലപ്പൊതിയായി മാറിയിരിക്കുന്നു ജസ്റ്റിസ് ഹേമ കമ്മീഷൻ റിപ്പോർട്ട് എന്ന് ഞാൻ ആശങ്കപ്പെടുന്നു. സ്പെസിഫിക്ക് അല്ലാതെ സകലരെയും ബാധിക്കുന്ന ഒരു കാർപ്പെറ്റ് ബോംബിംഗ് പോലെ ആയി അത് " എന്നാണ് ലൂസിഫറിലെ ഗോമതി എന്ന കഥാപാത്രത്തിലൂടെ ശ്രദ്ദേയയായ നടി ശ്രീയ രമേഷ് പറയുന്നത്. ഞരമ്പ് രോഗികൾക്ക് സാമൂഹ്യ മാധ്യമങ്ങളിലൂടെ എന്ത് വൃത്തികേടുകളും ലൈംഗിക വൈകൃത കഥകളും പടച്ചുവിടുവാൻ അവസരം ഒരുക്കൽ അല്ലായിരുന്നു വേണ്ടത്. അന്തസ്സായി ജോലി ചെയ്ത് ജീവിക്കുന്ന ആയിരക്കണക്കിന് പേർ ഉള്ള ഒരു ഇൻ്റസ്ട്രിയെ മൊത്തത്തിൽ സമൂഹ മധ്യത്തിൽ മോശക്കാരാക്കുവാനും, സിനിമ വ്യവസായത്തെ പ്രതിസന്ധിയിലേക്ക് തള്ളി വിടുവാൻ അവസരം ഉണ്ടാക്കുകയല്ല വേണ്ടത് എന്നും അവർ സാമൂഹ്യ മാധ്യമത്തിൽ കുറിച്ചു. അതെ സമയം ലൈംഗിക പീഡന വിവാദത്തിൽ പെട്ട് കേസ് എടുത്തിരുന്ന നടനും സംവിധായകനുമായ രഞ്ജിത്ത്, M മുകേഷ് MLA തുടങ്ങിയവർക്ക് ഉപാധികളോടെ ജാമ്യം ലഭിയ്ക്കുകയും ചെയ്തു. പീഡന വിവാദങ്ങൾ മൂലം പല താരങ്ങളുടേയും മാർക്കറ്റ് വാല്യു കുത്തനെ ഇടിഞ്ഞു. ഇത്തവണ ഓണച്ചിത്രങ്ങൾക്ക് കുടുംബ പ്രേക്ഷകർ എത്താതിരിയ്ക്കുമോ എന്ന ആശങ്കയിലാണ് സിനിമാ രംഗം.