തമിഴ് സിനിമയിലെ മുൻനിര നായകന്മാരിൽ ഒരാളായ അരുൺവിജയ് ചില ചിത്രങ്ങളിൽ വില്ലനായും അഭിനയിച്ചിട്ടുണ്ട്. ഗൗതം വാസുദേവ് മേനോൻ അജിത്തിനെ നായകനാക്കി സംവിധാനം ചെയ്ത് 'എന്നൈ അറിന്താൽ' എന്ന ചിത്രത്തിലാണ് അരുൺ വിജയ് ആദ്യമായി വില്ലൻ കഥാപാത്രം അവതരിപ്പിച്ചത്. ഈ ചിത്രത്തിലെ അരുൺ വിജയ്‌യുടെ പ്രകടനം എല്ലാവരുടെയും പ്രശംസക്ക് പാത്രമായി. ഇത് കൂടാതെ, ഈ ചിത്രം താരത്തിന്റെ സിനിമാ ജീവിതത്തിൽ ഒരു വഴിത്തിരിവായുകയും ചെയ്തു. എന്നാൽ 'എന്നൈ അറിന്താൽ' ചിത്രത്തിന് ശേഷം അരുൺ വിജയ് വില്ലൻ കഥാപാത്ര ചിത്രങ്ങളിൽ അഭിനയിക്കുന്നത് ഒഴിവാക്കിയിരുന്നു. ഹീറോയായി അഭിനയിക്കാനാണ് താല്പര്യം കാണിച്ചിരുന്നത്. എന്നാൽ അരുൺവിജയ് നായകനായി അഭിനയിച്ചു പുറത്തുവന്ന മിക്ക ചിത്രങ്ങളും പ്രതീക്ഷിച്ച വിജയം നേടാനായില്ല. അതിന് ഒരു ഉദാഹരണമാണ് ബാല സംവിധാനം ചെയ്തു ഈയിടെ റിലീസായ 'വണങ്ങാൻ' എന്ന ചിത്രം. നിലവിൽ ധനുഷിൻ്റെ 'ഇഡലി കടൈ' എന്ന ചിത്രത്തിൽ ധനുഷിനൊപ്പം ഒരു പ്രധാന കഥാപാത്രം അവതരിപ്പിച്ചുവരുന്ന അരുൺ വിജയ്‌യുടെ കൈവശം 'ഇരട്ട തല', 'ബോർഡർ' എന്നീ ചിത്രങ്ങളുമുണ്ട്. ഈ സാഹചര്യത്തിലാണ് നയൻതാരയെ നായികയാക്കി സുന്ദർ.സി.സംവിധാനം ചെയ്യുന്ന ‘മൂക്കുത്തി അമ്മൻ-2’ എന്ന ചിത്രത്തിൽ വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കാൻ അരുൺ വിജയിന് അവസരം വന്നിരിക്കുന്നത്. നയൻതാരയുടെ കഥാപാത്രത്തിനനുസരിച്ച് വളരെ പ്രാധാന്യം ഉള്ള വില്ലൻ കഥാപാത്രമാണത്രെ ഇത്. ഇത് സംബന്ധമായുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്നും ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടനെ ഉണ്ടാകുമെന്നും റിപ്പോർട്ടുണ്ട്.