തമിഴിൽ വ്യത്യസ്തമായ സിനിമകൾ സംവിധാനം ചെയ്തു വരുന്ന സംവിധായകനാണ് പ.രഞ്ജിത്ത്. ഇദ്ദേഹത്തിന്റെ സംവിധാനത്തിൽ അടുത്ത് റിലീസാകാനിരിക്കുന്ന ചിത്രമാണ് 'തങ്കലാൻ'. വിക്രം നായകനായി അഭിനയിക്കുന്ന ഈ ചിത്രത്തിൽ മാളവിക മോഹനൻ, പാർവതി തിരുവോത്ത് എന്നിവരാണ് നായകികളായി അഭിനയിക്കുന്നത്. ചിത്രീകരണം കഴിഞ്ഞു പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ നടന്നു വരുന്ന ഈ ചിത്രത്തിന്റെ ഔദ്യോഗിക റിലീസ് തീയതി ഇനിയും പ്രഖ്യാപിച്ചിട്ടില്ല. എങ്കിലും പ.രഞ്ജിത്ത് തന്റെ അടുത്ത ചിത്രം സംവിധാനം ചെയ്യാനുള്ള തയാറെടുപ്പിലാണ്. 'തങ്കലാന്' ശേഷം 'സാർപെട്ട പരമ്പര'യുടെ രണ്ടാം ഭാഗം സംവിധാനം ചെയ്യാനാണ് പ.രഞ്ജിത്ത് തീരുമാനിച്ചിരുന്നത്. കോവിഡ് കാലഘട്ടത്തിൽ OTT-യിൽ റിലീസായി പ്രേക്ഷക പ്രശംസ നേടിയ 'സാർപെട്ട പരമ്പര'യിൽ ആര്യായിരുന്നു നായകനായി അഭിനയിച്ചത്. അതുകൊണ്ട് ആര്യ ഇപ്പോൾ രണ്ടാം ഭാഗത്തിന് വേണ്ടിയുള്ള തയാറെടുപ്പുകളിലാണ്. എന്നാൽ പ.രഞ്ജിത്ത് 'സാർപെട്ട പരമ്പര'യുടെ രണ്ടാം ഭാഗത്തിന് മുൻപായി ചുരുങ്ങിയ ബഡ്ജറ്റിൽ മറ്റൊരു ചിത്രം സംവിധാനം ചെയ്യാൻ തീരുമാനിച്ചിരിക്കുന്നതായുള്ള വാർത്തയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. തന്റെ ആദ്യത്തെ ചിത്രമായ 'അട്ടകത്തി'യിൽ നായകനായി അഭിനയിച്ച ദിനേഷിനെയാണത്രെ ഈ ചിത്രത്തിൽ നായകനാക്കുന്നത്. ഇപ്പോൾ ഈ ചിത്രത്തിന്റെ പ്രീ-പ്രൊഡക്ഷൻ ജോലികളിൽ തിരക്കിട്ടു പ്രവർത്തിച്ചുവരുന്ന പ.രഞ്ജിത്ത് ഈ ചിത്രത്തിൽ ദിനേഷിനോടൊപ്പം വില്ലനായി അഭിനയിക്കാൻ ആര്യയെയാണത്രെ തിരഞ്ഞെടുത്തിരിക്കുന്നത്. ആര്യ അതിന് സമ്മതിച്ചു എന്നും റിപ്പോർട്ടുണ്ട്. ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം അടുത്തുതന്നെ ഉണ്ടാകുമത്രേ!