ഞാൻ സിനിമയിൽ സജീവമായിട്ടുള്ള കാലത്ത് നാനയുടെ വരവ് കാത്തിരിക്കാറുണ്ട്.
സിനിമയുമായി ബന്ധപ്പെട്ടിട്ടുള്ളതും താരാരാധകരും സിനിമാരംഗത്തേക്ക് കടന്നുവരുന്ന നായികാനായകന്മാർക്കുമൊക്കെ വാർത്തകളറിയാൻ 'നാന' സിനിമാവാരിക ഏറെ ഉപകാരപ്പെട്ടിട്ടുണ്ട്.
വർണ്ണച്ചിത്രങ്ങളിൽ വരുന്ന സിനിമാതാരങ്ങളുടെ ഫോട്ടോയും മറ്റുമായി ഈ മേഖലയിലെ ജനപ്രിയ മാസികയായി നിലനിൽക്കാൻ നാനയ്ക്ക് കഴിഞ്ഞു.
ഞാൻ സിനിമയിൽ സജീവമായിട്ടുള്ള കാലത്ത് നാനയുടെ വരവ് കാത്തിരിക്കാറുണ്ട്. പെരുവണ്ണാപുരത്തെ വിശേഷങ്ങൾ എന്ന സിനിമയുമായി ബന്ധപ്പെട്ട് എന്റെ ഒരു കാർട്ടൂൺ നാനയിൽ പ്രസിദ്ധീകരിച്ചിരുന്നതൊഴിച്ചാൽ വ്യക്തിപരമായി നാനയുമായി ഇടപെടലൊന്നുമുണ്ടായിട്ടില്ല. സിനിമാമേഖലയിലും അതിനകത്തെ ഫാൻസിനകത്തും പ്രസക്തിയുള്ള വാരികയായിരുന്നു നാന. പലവക സിനിമകളുമായി ബന്ധപ്പെട്ട് വാർത്തകളിൽ സഹനടൻ എന്ന നിലയിലുള്ള അംഗീകാരം എനിക്കും ലഭിച്ചിട്ടുണ്ട്. മമ്മൂട്ടി, മോഹൻലാൽ, യേശുദാസ് തുടങ്ങിയ അന്നത്തെ മുൻനിരയിലുള്ളവർ നാനയ്ക്ക് വലിയ പ്രാധാന്യം കൊടുക്കുന്നതിന് ഞാൻ സാക്ഷിയായിട്ടുണ്ട്.
ഇന്ന്, സമൂഹമാധ്യമങ്ങളിൽ സിനിമയുൾപ്പെടെ എന്തിനെപ്പറ്റിയാണെങ്കിലും വാർത്തകൾക്കും വിശേഷങ്ങൾക്കും ക്ഷാമമില്ലാത്ത കാലമാണ്. അന്നന്നത്തെ വാർത്തകൾ അറിയാനും മറ്റും കയ്യിലൊരു ഹാൻഡ് സെറ്റുണ്ടായാൽ മതി. അതോടുകൂടി വാരിക തേടി പോകുന്നവരുടെ എണ്ണം നാൾക്കുനാൾ കുറഞ്ഞുവന്നു ഇത് ദിനപത്രങ്ങളെപ്പോലും ബാധിച്ചിട്ടുണ്ട്.
അന്നൊക്കെ ഒരു സിനിമാമാധ്യമം എന്ന നിലയ്ക്ക് ആശുപത്രി തൊട്ട്, ബാർബർ ഷാപ്പുവരെ ആൾക്കാർ കാത്തിരിക്കുന്നയിടങ്ങളിൽ ഇത്തരം പ്രസിദ്ധീകരണങ്ങളുണ്ടാവും. പെട്ടെന്ന് എടുത്തുനോക്കാൻ ആൾക്കാർക്ക് താൽപ്പര്യവുമുണ്ടായിരിക്കും. ഞാനും ഇപ്പോൾ സലൂണിലൊക്കെ പോയിക്കഴിഞ്ഞാലാണ് ഇത്തരം പ്രസിദ്ധീകരണങ്ങൾ കാണുന്നതും വായിക്കുന്നതും. ഞാൻ 1977 ലാണ് സിനിമയിൽ ആദ്യമായി അഭിനയിച്ചത്. സജീവമാകുന്നത് എൺപതുകൾക്കുശേഷമാണ്. പ്രായമാകുമ്പോൾ നമ്മുടെ അഭിരുചികളും മാറും. കുറച്ചുകൂടി കഴിഞ്ഞാൽ എന്റെ സിനിമാജീവിതത്തിനും അമ്പതുവർഷം ആവാൻ പോകുന്നു. ഭൂരിപക്ഷം വരുന്നവരുടെ, ഓരോ തരത്തിലുള്ള ഹരങ്ങളെ തൃപ്തിപ്പെടുത്തുന്ന അഭിരുചിക്കാണ് നാന പ്രാധാന്യം നൽകിയത്. നടുപ്പേജിലെ ഇത്തരം ചിത്രങ്ങളോ അവ പ്രോത്സാഹിപ്പിക്കുന്ന പ്രസിദ്ധീകരണങ്ങളോ തെറ്റാണെന്ന് യാതൊരു കാലത്തും കരുതുന്നില്ല. മനുഷ്യൻ മനുഷ്യന്റെ ആവശ്യത്തിന് അനുസരിച്ചല്ലേ ഉപഭോഗങ്ങളുണ്ടാക്കുന്നത്. ശാരീരികമായി യോഗ്യനല്ലാതായി മാറിയതോടെ, സിനിമ ഞാനിപ്പോൾ പൂർണ്ണമായും ഒഴിവാക്കി. സിനിമയിൽ അഭിനയിക്കുന്ന ആൾക്കാർക്ക് തലച്ചോറ് മാത്രം പോരാ, അവരുടെ ശരീരം കൂടി ഫിറ്റായിരിക്കണം. ഭരത്‌ഗോപി അവസാനകാലത്ത് സിനിമയിൽ അഭിനയിക്കാതിരുന്നത് ശരീരം ഫിറ്റ് അല്ലാത്തതുകൊണ്ടാണ്. സിനിമയിൽ..ഓടാൻ പറഞ്ഞാൽ ഓടണം, മരത്തിൽ കയറാൻ പറഞ്ഞാൽ കയറണം. എന്റെ ഇപ്പോഴത്തെ അവസ്ഥയിൽ ഇതൊന്നും എനിക്ക് പറ്റില്ല. പിന്നെയുള്ളത് കസേരയിലിരുന്ന് എന്തെങ്കിലും പറയുന്ന റോളാണ്. അതിനോട് താൽപ്പര്യമില്ല. സാധാരണ ആൾക്കാരുടെയിടയിൽ ജീവിക്കുക. അങ്ങനെയും വേണമല്ലോ ഒരു ജീവിതം.