നോണ്‍സ്റ്റോപ്പ് സംഘട്ടനവുമായി അഷ്റഫ് ഗുരുക്കള്‍ ഒരു ലൊക്കേഷനില്‍ നിന്ന് മറ്റൊരു ലൊക്കേഷനിലേക്ക്! മലയാള സിനിമയില്‍ ഇത്രയും തിരക്കോടെ, ഒരു ലൊക്കേഷനില്‍ നിന്ന് മറ്റൊരു ലൊക്കേഷനിലേക്ക് സഞ്ചരിക്കുന്ന ഒരു സംഘട്ടനസംവിധായകന്‍ ഉണ്ടായിട്ടില്ല. പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് കാന്‍സര്‍ രോഗം പിടിപെട്ട ഗുരുക്കള്‍ മാനസികമായും, ശാരീരികമായും തളരാതെ ദൃഢചിന്തയോടെ പ്രവര്‍ത്തിച്ചാണ് ഇന്ന് മലയാളത്തിലെ ഏറ്റവും തിരക്കുള്ള സംഘട്ടനസംവിധായകനായി മാറിയത്. മികച്ച പ്രൊഡക്ഷന്‍ എക്സിക്യുട്ടീവ്, നടന്‍, സംഘട്ടനസംവിധായകന്‍ എന്നീ നിലകളില്‍ മൂന്ന് പതിറ്റാണ്ടായി പ്രവര്‍ത്തിക്കുന്ന അഷ്റഫ് ഗുരുക്കള്‍, മികച്ച ടെക്നീഷ്യന്‍ എന്ന നിലയില്‍ ഇതിനോടകം പേര് നേടിക്കഴിഞ്ഞു.
സ്വന്തം നാട്ടുകാരനായ സംവിധായകന്‍ കമല്‍ ആണ് അഷ്റഫ് ഗുരുക്കള്‍ക്ക് സിനിമയിലേക്കുള്ള വഴി തുറന്നുകൊടുക്കുന്നത്. കമല്‍ സംവിധാനം ചെയ്ത പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍ എന്ന ചിത്രത്തിന്‍റെ സ്റ്റണ്ട് മാസ്റ്ററായി തുടക്കം കുറിച്ചു. അതോടെ, ലോഹിതദാസ്, സിബിമലയില്‍, ഷാജികൈലാസ്, തുളസിദാസ് തുടങ്ങി മലയാളത്തിലെ മികച്ച സംവിധായകരുടെ ചിത്രങ്ങളിലേക്ക് വിളി വന്നു. ഇവരുടെ ചിത്രങ്ങളില്‍, മാനേജര്‍, കണ്‍ട്രോളര്‍, നടന്‍ തുടങ്ങിയ വിവിധ മേഖലകളില്‍ പ്രവര്‍ത്തിച്ച് കഴിവ് തെളിയിച്ചു.
സിനിമയില്‍ ത്യാഗരാജന്‍ മാഷ് സ്റ്റണ്ട് ചെയ്യുന്നത് കണ്ടപ്പോഴാണ്, സംഘട്ടനത്തോടെ താല്‍പ്പര്യം വന്നത്. അതോടെ സംഘട്ടനസംവിധായകനാകണമെന്ന് താല്‍പ്പര്യം തോന്നി. അഷ്റഫ് ഗുരുക്കള്‍ പറയുന്നു.
കായംകുളം കൊച്ചുണ്ണി എന്ന മെഗാസീരിയലിന്‍റെ സംഘട്ടനസംവിധാനമാണ് ഗുരുക്കള്‍ ആദ്യം നിര്‍വ്വഹിച്ചത്. പ്രത്യേക പാരമ്പര്യമൊന്നും ഗുരുക്കള്‍ക്ക് അവകാശപ്പെടാനില്ലായിരുന്നു. കളരി പഠിച്ചിട്ടുണ്ട്. അതില്‍ കഴിവ് തെളിയിച്ചിട്ടുമുണ്ട്. പക്ഷേ, ആദ്യവര്‍ക്കില്‍ തന്നെ മികച്ച സംഘട്ടനസംവിധായകന്‍ എന്ന് പേര് നേടാന്‍ കഴിഞ്ഞു. അതോടെ, മലയാളം, മാറാട്ടി, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി, ബോല്‍പുരി തുടങ്ങിയ ഭാഷകളിലായി ഒരു വര്‍ഷം അമ്പതോളം ചിത്രങ്ങളുമായി, അഷ്റഫ് ഗുരുക്കള്‍ ജൈത്രയാത്ര തുടരുകയാണ്.
'ആദ്യമൊക്കെ ഒരു സിനിമയ്ക്ക് രണ്ട് ദിവസമൊക്കെയായിരുന്നു കൊടുത്തുകൊണ്ടിരുന്നത്. ഇപ്പോള്‍ ഒമ്പത് ദിവസം വരെ ഒരു ചിത്രത്തിനായി ചിലവഴിക്കേണ്ടി വരുന്നു. അതുകൊണ്ട് ഇനി എണ്ണത്തില്‍ കുറവ് വരാന്‍ സാധ്യതയുണ്ട്.' അഷ്റഫ് ഗുരുക്കള്‍ പറയുന്നു. സംഘട്ടനത്തിന് പ്രാധാന്യമുള്ള ചിത്രങ്ങളുടെ എണ്ണം കൂടിയതാണ് ഇതിന് കാരണം.
വിന്‍സി നായികയായി അഭിനയിച്ച, സംസ്ഥാനഅവാര്‍ഡ് നേടിയ രേഖ, ബോബന്‍ കുഞ്ചാക്കോയുടെ ഗ്ര്‍ര്‍ര്‍... കൃഷ്ണന്‍കുട്ടി പണിതുടങ്ങി തുടങ്ങിയ ചിത്രങ്ങളിലെ സംഘട്ടനങ്ങള്‍ക്ക് ഗുരുക്കള്‍ക്ക് കൂടുതല്‍ പ്രീതി നേടിക്കൊടുത്തു...