വശ്യമായ കണ്ണുകളുടേയും വടിവൊത്ത ശരീരത്തിന്‍റേയും ഉടമയാണ് തന്യാ രവിചന്ദ്രന്‍. തമിഴില്‍ രണ്ടാംനിര നായകന്മാര്‍ക്കൊപ്പം അഭിനയിച്ച് ഒന്നാംനിര നായകന്മാരുടെ നായികയാവാന്‍ ശ്രമിച്ച തന്യാ അതില്‍ വിജയിച്ചത് 'അഖിലന്‍' എന്ന സിനിമയില്‍ ജയംരവിയുടെ നായകനായിട്ടാണ്. 'കൈതി'യിലെ വില്ലന്‍ അര്‍ജ്ജുന്‍ദാസ് നായകനായി വേഷമിട്ട 'രസവാദി'യാണ് തന്യായുടെ ഒടുവിലത്തെ റിലീസ് ചിത്രം. തെലുങ്കില്‍ ലൂസിഫറിന്‍റെ റീമേക്കായ ഗോഡ്ഫാദറിലും, രാജാവിക്രമാദിത്യ എന്ന മറ്റൊരു സിനിമയിലും അഭിനയിച്ചുകൊണ്ട് അവിടേയും എന്‍ട്രി കൊടുത്തുകഴിഞ്ഞു. അറുപതുകളിലും എഴുപതുകളിലും തമിഴ് സിനിമയിലെ മുന്‍നിര നായകനായിരുന്ന രവിചന്ദ്രന്‍റെ(കാതലിക്ക നേരമില്ലൈ) കൊച്ചുമകളാണ് തന്യാരവിചന്ദ്രന്‍. അങ്ങനെ വലിയൊരു സിനിമാപശ്ചാത്തലമുള്ള താരവുമായി നടത്തിയ അഭിമുഖത്തില്‍ നിന്നും.
ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന സിനിമകള്‍ ഏതൊക്കെയാണ്?
അരുണ്‍ വിജയ്ക്കൊപ്പം 'രെട്ട തല'(ഇരട്ട ത്തല) എന്നൊരു സിനിമയിലും തെലുങ്കില്‍ ഒരു സിനിമയിലും അഭിനയിച്ചുകൊണ്ടിരിക്കുന്നു.
പെട്ടെന്ന് തന്യയുടെ സിനിമകളുടെ എണ്ണം കുറഞ്ഞതെന്തേ...?
ഞാന്‍ വളരെ സെലക്ടീവായി അഭിനയിക്കുന്ന ആളല്ല. എന്നെ തേടിവരുന്ന എല്ലാ ഓഫറുകളും സ്വീകരിക്കുന്ന ആളുമല്ല. എനിക്ക് ഇഷ്ടപ്പെട്ട സിനിമകളില്‍ മാത്രമേ അഭിനയിക്കുന്നുള്ളൂ. അതുകൊണ്ടാവാം എണ്ണം കുറഞ്ഞത്. പിന്നെ, വെബ് സീരിസുകളും എന്നെ തേടിവരുന്നുണ്ട്. 'പേപ്പര്‍ റോക്കറ്റ്' എന്നൊരു വെബ്സീരിസിലും അഭിനയിച്ചു.
ആ വെബ് സീരിസില്‍ അഭിനയിക്കുമ്പോള്‍, ഒരു കിസ്സിംഗ് സീനില്‍ അഭിനയിക്കാന്‍ പറഞ്ഞപ്പോള്‍ അമ്മയോട് അനുവാദം വാങ്ങിയിട്ടാണ് ചെയ്തത് എന്ന് നിങ്ങള്‍ പറഞ്ഞതായിക്കേട്ടു. ഇതിനൊക്കെ അമ്മയോട് അനുവാദം ചോദിക്കണമോ?
തീര്‍ച്ചയായും. എന്തുകൊണ്ടെന്നാല്‍ ഇതുവരെ ഞാന്‍ അങ്ങനെ അഭിനയിച്ചിട്ടില്ല. ആദ്യമായാണ് അങ്ങനെ അഭിനയിച്ചത്. എല്ലാ കാര്യത്തിനും അമ്മയോട് അനുവാദം ചോദിച്ച് ചെയ്യുന്നത് എന്‍റെ ഒരു ശീലമാണ്. അതുകൊണ്ട് ചോദിച്ചു.
അഭിനയം കൂടാതെ മറ്റെന്തൊക്കെ വിഷയങ്ങളില്‍ തന്യക്ക് താല്‍പ്പര്യമുണ്ട്...?
ബേസിക്കലി ഞാനൊരു ഡാന്‍സറാണ്. ഡാന്‍സ് എനിക്ക് വളരെയധികം ഇഷ്ടമാണ്. ക്ലാസിക്കല്‍ ഡാന്‍സ് പഠിച്ചിട്ടുണ്ടെങ്കിലും ഫ്രീസ്റ്റൈല്‍ ഡാന്‍സും ഇഷ്ടമാണ്. പിന്നെ ആഹാരം കഴിക്കുന്നത് വളരെ ഇഷ്ടമാണ്. പാനിപൂരിയും പെറോട്ടയും എന്‍റെ ഫേവറിറ്റ് ഫുഡാണ്. എന്നുകരുതി എപ്പോഴും കഴിക്കില്ല.വല്ലപ്പോഴും കഴിക്കണമെന്ന് തോന്നിയാല്‍ കുറച്ച് കഴിക്കും എന്നുമാത്രം.
പാചകം അറിയുമോ?
പാചകം ചെയ്യാന്‍ അറിയാം. എന്നാല്‍ അത്ര വലിയ കഴിവൊന്നും അക്കാര്യത്തിലില്ല. സാമ്പാര്‍, രസം, ദോശ, ചട്ട്ണി എന്നിങ്ങനെ ബേസിക്കായ ആഹാരങ്ങള്‍ പാചകം ചെയ്യാനറിയാം. അതിനപ്പുറം എന്തെങ്കിലും ചെയ്യണം എന്ന് തോന്നിയാല്‍ യൂ ട്യൂബ് നോക്കിയോ അല്ലെങ്കില്‍ അമ്മയോട് റെസിപ്പി ചോദിച്ചോ പാചകം ചെയ്യും. പാചകവും ഇഷ്ടമുള്ള കാര്യം തന്നെ.
നിങ്ങളുടെ സ്ലിം ബ്യൂട്ടി സീക്രട്ട് എന്താണ്...?
ദിവസവും മുടങ്ങാതെ ഒന്നരമണിക്കൂര്‍ നേരം ജിമ്മില്‍ വ്യായാമംചെയ്യും. പിന്നെ ആഹാരശീലം. ഏത് ആഹാരവും ഒഴിവാക്കുകയില്ല. അതേസമയം അളവോടെ കഴിച്ചാല്‍ ഒരു അപകടവുമില്ല.
തന്യയുടെ ഹോബികള്‍ എന്തെല്ലാമാണ്?
എനിക്ക് ധാരാളം ഫ്രണ്ട്സുണ്ട്. സിനിമയിലല്ല.. സിനിമയില്‍ വളരെ ഫ്രണ്ട് സര്‍ക്കിളൊന്നുമില്ല. അവരുമായി സമയംചെലവിടും. പിന്നെ ഇപ്പോള്‍ സിനിമയിലെ എന്‍റെ ഫ്രണ്ട്സ് കാളിദാസും അര്‍ജുന്‍ദാസുമാണ്.
ഇടയ്ക്കിടെ നൈറ്റ് റൗണ്ട്സ് പോകാറുണ്ടോ?
എപ്പോഴെങ്കിലും പോകും. ഷൂട്ടിംഗ് ഇല്ലെങ്കില്‍ കാറുമെടുത്ത് ഏത് ഭാഗത്ത് ട്രാഫിക്കില്ലയോ ആ റോഡിലൂടെ കാറോടിച്ച് പോകും. അവിടെ കിട്ടുന്ന ഐസ്ക്രീമും വാങ്ങിക്കഴിക്കും.
പാര്‍ട്ടികളില്‍ പങ്കെടുക്കാറുണ്ടോ...?
ഇല്ല... അതില്‍ എനിക്ക് ഒട്ടും താല്‍പ്പര്യമില്ല.
പ്രണയത്തെക്കുറിച്ച് എന്താണ് അഭിപ്രായം?
അറിഞ്ഞുകൂടാ. അറിഞ്ഞതിനുശേഷം പറയാം. ആ സമയത്ത് അത് സുന്ദരമാണ്. എനിക്ക് ഇനിയും ആ സമയം സമാഗതമായിട്ടില്ല. ഇപ്പോള്‍ ഞാന്‍ ആരേയും പ്രേമിക്കുന്നില്ല. അതുകൊണ്ട് ആ വികാരത്തെ എനിക്ക് വിവരിക്കാനുമാവില്ല.