NEWS

ആദ്യകാലത്ത് കോമഡി ചെയ്യാന്‍ എനിക്കിഷ്ടമല്ലായിരുന്നു... -ശ്രീലതാനമ്പൂതിരി

News

 

ബ്ലാക്ക് ആന്‍റ് വൈറ്റ് കാലത്തെ സിനിമയ്ക്കൊപ്പം സഞ്ചരിക്കുകയും ഇന്നും സിനിമ- സീരിയല്‍ മേഖലയില്‍ സജീവമായി നിലനില്‍ക്കുന്ന ശ്രീലതാനമ്പൂതിരി 'നാന'യോടൊപ്പം

 

മലയാള സിനിമ എല്ലാക്കാലത്തും പേര് കേട്ടിട്ടുള്ളതാണ്. പക്ഷേ ഇപ്പോള്‍ മറ്റ് ഇന്‍ഡസ്ട്രികളും മലയാളസിനിമയെപ്പറ്റി ചര്‍ച്ച ചെയ്യുന്നു. സിനിമയില്‍ ഇത്രയും വര്‍ഷത്തെ പരിചയമുള്ള ഒരു മുതിര്‍ന്ന നടിയായ താങ്കള്‍ക്ക് ഇപ്പോഴെന്ത് തോന്നുന്നു?

ഞാന്‍ അഭിനയിച്ച പൊസിഷനില്‍ നിന്ന് ഇപ്പോള്‍ നോക്കുമ്പോള്‍ ടെക്നിക്കല്‍ സൈഡിലും മറ്റുമൊക്കെ ഒരുപാട് മാറ്റങ്ങള്‍ വന്നിട്ടുള്ളതായി കാണാം. അന്നൊക്കെ പതിനഞ്ച് ദിവസം കഴിഞ്ഞാല്‍ ഷൂട്ട് തീരുമല്ലോ. സത്യം പറഞ്ഞാല്‍ ഇന്നത്തെ സീരിയലിന്‍റെ രീതിയാണ് അന്നത്തെ സിനിമ. ആളുകള്‍ക്ക് അന്നത് മതിയായിരുന്നു. സിനിമ അന്ന് എങ്ങനെയെടുത്താലും ആളുകള്‍ കാണും. ടെക്നിക്കുകള്‍ കുറവാണല്ലോ. ഇന്ന് ക്യാമറ, സംവിധാനം ഒക്കെ മികച്ചത് ആയതുകൊണ്ട് അധികം മേക്കപ്പ് ഒന്നും ഇട്ടില്ലെങ്കിലും കുഴപ്പമില്ല. പക്ഷേ അന്ന് ബ്ലാക്ക് ആന്‍റ് വൈറ്റ് ആയതുകൊണ്ട് ഒരുപാട് മേക്കപ്പ് ഉപയോഗിക്കണമായിരുന്നു.

സിനിമയിലേക്ക് വഴിതുറന്നത് പാട്ട് ആണല്ലേ...?

എന്‍റെ അച്ഛന്‍റെ സഹോദരി കുമാരി തങ്കം പണ്ട് സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. എന്‍റെ ഭര്‍ത്താവ് സിനിമ എടുത്തിരുന്നു. ലളിത പത്മിനി രാഗിണിമാരുടെ വലിയമ്മയുടെ മകന്‍ ആയിരുന്നു അദ്ദേഹം. ഞാന്‍ കെ.പി.എ.സിയില്‍ അഭിനയിക്കുന്ന സമയത്ത് പാട്ട് പാടാനാണ് എന്നെ വിളിച്ചത്. അന്ന് ഞാന്‍ പത്താം ക്ലാസില്‍ ആയിരുന്നു. നാടകത്തില്‍ നിന്നപ്പോള്‍ പഠനം മുടങ്ങി.

ഔട്ട്ഡോര്‍ ഒക്കെ അന്ന് സ്റ്റുഡിയോയില്‍ തന്നെയല്ലേ ഷൂട്ട് ചെയ്തിരുന്നത്?

അന്ന് ചെന്നൈ ആയിരുന്നു ഷൂട്ടിംഗ് കേന്ദ്രം. കാരണം അവിടെ ഒരുപാട് സ്റ്റുഡിയോകള്‍ ഉണ്ടായിരുന്നു. എല്ലാ ഇന്‍ഡസ്ട്രികളില്‍ നിന്നും ചെന്നൈയിലേക്ക് ആളുകള്‍ വരും. സ്റ്റുഡിയോയില്‍ വീടുകളും മാളുകളും ഒക്കെ സെറ്റിടാം.

ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടിച്ചെയ്ത സിനിമ ഏതായിരിക്കും?

അത് സംവിധായകരെ അനുസരിച്ചിരിക്കും. അടൂര്‍ഭാസി സാറൊക്കെ ഒരുപാട് സ്റ്റണ്ട് ഒക്കെ ചെയ്യിച്ചിട്ടുണ്ട്. ആദ്യകാലത്ത് കോമഡി ചെയ്യാന്‍ എനിക്ക് ഇഷ്ടമല്ലായിരുന്നു. പിന്നെ അന്ന് മത്സരിക്കാന്‍ ആളുകള്‍ ഇല്ലാതിരുന്നതുകൊണ്ട് അങ്ങനെ പിടിച്ചുനിന്നതാണ്.

കോളിളക്കം ആണോ അവസാനമായി അഭിനയിച്ചത്...?

അതേ. മറക്കാന്‍ വയ്യാത്ത ഒരു രാത്രിയായിരുന്നു അത്. സിനിമ ശുഭമായി അവസാനിക്കും എന്നാണ് കരുതിയത്. ജയന് ഒരുപാട് ആരാധകര്‍ ഉണ്ടായിരുന്നു. അദ്ദേഹം വളരെ നല്ല മനുഷ്യനായിരുന്നു എല്ലാവര്‍ക്കും ഇഷ്ടമായിരുന്നു.  അതുകൊണ്ടുതന്നെ ആ മരണം എല്ലാവരെയും വല്ലാതെ വിഷമിപ്പിച്ചു.


LATEST VIDEOS

Interviews