NEWS

അത്തച്ചമയങ്ങള്‍ക്ക് നടുവില്‍... ധന്യ ജയകുമാര്‍

News

 

തൃപ്പൂണിത്തൂറയിലെ പ്രസിദ്ധമായ അത്തച്ചമയ ഘോഷയാത്രയുടെ വിശേഷങ്ങളും തിരുവോണ അനുഭവങ്ങളും പങ്കുവയ്ക്കുകയാണ് നര്‍ത്തകിയും സംഗീതാദ്ധ്യാപികയുമായ ധന്യ ജയകുമാര്‍.

തൃപ്പൂണിത്തുറ. രാജകൊട്ടാരവും രാജപാതകളുമുള്ള ഒരു നാട്. ഇന്നും തൃപ്പൂണിത്തുറയിലെ രാജവീഥികളിലെവിടെയും പൗരാണികതയും പൈതൃകവും നിറഞ്ഞുനില്‍ക്കുന്നു.

ക്ഷേത്രങ്ങളാലും ചൈതന്യവും തേജസ്സും പുണ്യവും നല്‍കുന്ന നാടാണിത്. ഓണക്കാലമായാല്‍ അത്തച്ചമയവും ഘോഷയാത്രയും തൃപ്പൂണിത്തുറയില്‍ നടക്കുന്നതിന്‍റെ കീര്‍ത്തി എന്നും പ്രസിദ്ധമാണ്.

ഇങ്ങനെ കുട്ടിക്കാലം മുതല്‍ തൃപ്പൂണിത്തുറയിലെ അത്തച്ചമയ ഘോഷയാത്ര കണ്ടും ആ കാഴ്ച അനുഭവിച്ചും സന്തോഷത്താല്‍ മനസ്സ് നിറഞ്ഞുകവിഞ്ഞിട്ടുള്ള ഒരു പെണ്‍കുട്ടി.
ധന്യ.

അക്ഷരാര്‍ത്ഥത്തില്‍ മനസ്സ് ധന്യമായ നിമിഷങ്ങള്‍ എത്രയോ ഉണ്ട്. ഓരോ അത്തച്ചമയവും വരുമ്പോള്‍ നാടിന്‍റെ ഏത് ഭാഗത്തുനിന്നും ഓടിയെത്തും ആ കാഴ്ച കാണാനും അനുഭവിക്കാനും.

ധന്യ ഇങ്ങനെ ധന്യമായ നിമിഷങ്ങള്‍ പങ്കുവച്ച അനുഭവങ്ങള്‍ കഴിഞ്ഞകാലത്തിലുണ്ട്. ധന്യ ഇന്ന് ധന്യ ജയകുമാറാണ്.

എന്‍റെ സ്വന്തം പേരിനൊപ്പം ജയകുമാര്‍ എന്ന പേരുകൂടി ചേര്‍ന്നപ്പോഴാണ് എന്‍റെ ജിവിതംതന്നെ ധന്യമായതെന്ന് ധന്യപറയുന്നു. ധന്യ ഒരു നല്ല നര്‍ത്തകിയും സംഗീതക്കാരിയും കൂടിയാണ്. വിവാഹത്തോടെ ആ രംഗങ്ങളില്‍ നിന്നെല്ലാം അകന്നുപോകുമായിരുന്ന ധന്യ പക്ഷേ, ഭര്‍ത്താവ് ജയകുമാറിന്‍റെ പൂര്‍ണ്ണപിന്തുണയോടെ നൃത്തരംഗത്തും ഗാനരംഗത്തും സജീവമാകുകയാണുണ്ടായത്.

തിരുവോണക്കാലത്ത് അത്തച്ചമയം നടക്കുന്ന തൃപ്പൂണിത്തുറയാണല്ലോ ധന്യയുടെ ജന്മനാട്. അത്തച്ചമയ ഘോഷയാത്രയുടെ കാഴ്ചയും അനുഭവങ്ങളും?

ഞാനും ഞങ്ങളുടെ വീട്ടിലുള്ളവരുമൊക്കെ ഘോഷയാത്രയില്‍ പങ്കെടുക്കുന്ന ഒരു പതിവില്ല. അതെല്ലാം കണ്ട് ആസ്വദിക്കുകയാണ് ചെയ്യുന്നത്. ബോയ്സ് സ്ക്കൂള്‍ ഗ്രൗണ്ടില്‍ നിന്നുമാണ് ഘോഷയാത്ര തുടങ്ങുന്നത്. അവിടം അത്തം നഗര്‍ എന്നാണറിയപ്പെടുന്നത്. രാവിലെ പത്തുമണിയോടെ ആരംഭിക്കുന്ന ഘോഷയാത്ര തൃപ്പൂണിത്തുറ നഗരവീഥികളിലൂടെ പോയി തിരിച്ച് അത്തം നഗറില്‍ തന്നെ വന്നുചേരും. പല കലാപരിപാടികളും ടാബ്ലോസും വിവിധ സ്ഥലങ്ങളിലെ കലാരൂപങ്ങളും ഒക്കെ ഈ ഘോഷയാത്രയിലുണ്ടാകും. 

ആളുകളുടെ അഭൂതപൂര്‍വ്വമായ തിരക്ക് അനുഭവപ്പെടും. അത്തം നാളിന് മുന്‍പുതന്നെ ഭരതനാട്യം, മോഹിനിയാട്ടം... തുടങ്ങി പല കലാപരിപാടികളുടെയും മത്സരം നടക്കുകയും അതില്‍ വിജയികളായവര്‍ക്ക് സമ്മാനങ്ങള്‍ നല്‍കുകയും ചെയ്യുന്നത് ഈ ദിവസമാണ്. ഓരോ സ്ക്കൂളിലെയും കുട്ടികള്‍ക്കും ഗ്രൂപ്പുകള്‍ക്കും സമ്മാനങ്ങള്‍ വിതരണം ചെയ്യും. ഞാന്‍ അത്തം നഗറില്‍ കോംപറ്റീഷനില്‍ പങ്കെടുക്കുന്ന കുട്ടികളെ അതിനായി പ്രിപ്പയര്‍ ചെയ്തുവിടാറുണ്ട്.

അത്തച്ചമയവും ഘോഷയാത്രയും ഒക്കെ കഴിഞ്ഞാല്‍ പത്താം നാളില്‍ തിരുവോണമായല്ലോ. തിരുവോണത്തിന്‍റെ ആഘോഷങ്ങളും അനുഭവങ്ങളും എങ്ങനെയാണ്?

ധന്യ: രാജനഗരിയായ തൃപ്പൂണിത്തുറയില്‍ കേന്ദ്രഭാഗത്തുതന്നെയാണ് എന്‍റെ തറവാടും ഒക്കെ. കലയുടെ വലിയ ഒരു സംഗമസ്ഥലം കൂടിയാണ് തൃപ്പൂണിത്തുറ.
ചെറുപ്പകാലം മുതല്‍ അത്തം ഘോഷയാത്ര കണ്ടുവളര്‍ന്ന എനിക്ക് എല്ലാ വര്‍ഷവും അത്തച്ചമയത്തില്‍ പങ്കെടുക്കാതിരിക്കാന്‍ ആകുമായിരുന്നില്ല. എന്‍റെ ഭര്‍ത്താവ് ജയകുമാര്‍ എയര്‍ഫോഴ്സ് ഉദ്യോഗസ്ഥനായിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്‍റെ ജോലിയുമായി ബന്ധപ്പെട്ട് ഞങ്ങളുടെ താമസം ഉത്തരേന്ത്യയില്‍ പല സ്ഥലങ്ങളിലുമായിരുന്നു.

ഓണത്തിന്‍റെ വൈബ് എന്നുപറയുന്നത് വേറിട്ട ഒന്നുതന്നെ. എല്ലാം നൊസ്റ്റാള്‍ജിക്കായി മനസ്സിലുണ്ട്. കുട്ടിക്കാലത്ത് ഓണത്തിനും ഓണ അവധിക്കും അമ്മ വീട്ടില്‍ പോകുക..., ബന്ധുമിത്രാദികളുടെ വീട്ടില്‍ പോകുക..., ഓണക്കളികള്‍.... എല്ലാമെല്ലാം പുതിയ ഓണം വരുമ്പോള്‍ മറക്കാന്‍ കഴിയില്ല.

വിവാഹശേഷം ഞങ്ങളധികവും നോര്‍ത്തില്‍ ആയിരുന്നു, അവിടെയും സജീവമായി ഓണാഘോഷങ്ങളില്‍ പങ്കെടുക്കുമായിരുന്നു.

ഓണവും നൃത്തവും തമ്മില്‍ ഏതെങ്കിലും രീതിയില്‍ ഒരു ബന്ധമുണ്ടായിട്ടുണ്ടോ?

തിരുവോണത്തിന് പ്രധാനമാണല്ലോ തിരുവാതിരക്കളി. അതിന്‍റെ റിഹേഴ്സലും പാട്ടും താളവും നൃത്തവുമെല്ലാം ഓണവുമായി ബന്ധപ്പെട്ടുതന്നെ എന്‍റെ കൂടെയുണ്ട്.
ധന്യ ഡാന്‍സ് പഠനം എന്നുമുതല്‍ തുടങ്ങി? ആദ്യഗുരു ആരാണ്? നൃത്തവഴികള്‍?
എന്‍റെ ഒന്‍പതാമത്തെ വയസ്സ് മുതല്‍ ഞാന്‍ ഡാന്‍സ് പഠിക്കാന്‍ തുടങ്ങിയിരുന്നു. നാലാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ തൃപ്പൂണിത്തുറയില്‍ കലാലയത്തിലാണ് ഞാന്‍ ഡാന്‍സ് പഠനം ആരംഭിച്ചത്. എന്‍റെ ഗുരു കല്യാണിക്കുട്ടിയമ്മ ടീച്ചറായിരുന്നു. ഞാന്‍ ടീച്ചറിന്‍റെ കൊച്ചുമോള്‍ സന്ധ്യയുടെ കീഴിലും നൃത്തം അഭ്യസിച്ചിട്ടുണ്ട്.ഫോക്ക് ഡാന്‍സും പഠിച്ചിട്ടുണ്ട്. അതൊക്കെ കോംപറ്റീഷന്‍സിനുവേണ്ടി മാത്രം. അതുപോലെതന്നെ ലൈറ്റ് മ്യൂസിക്കും ക്ലാസ്സിക്കല്‍ മ്യൂസിക്കും ചെറിയ പ്രായത്തില്‍ തന്നെ പഠിച്ചിരുന്നു.

തൃപ്പൂണിത്തുറയില്‍ കലാലയത്തില്‍ വച്ചുതന്നെയായിരുന്നു അരങ്ങേറ്റം നടന്നത്. ഞങ്ങള്‍ ഒരു ബാച്ചിലുള്ളവരുടെയെല്ലാം ഒരുമിച്ചൊരു ദിവസം തന്നെ നടത്തുകയായിരുന്നു.
സിനിമയിലെ അഭിനേതാക്കളായ ഭാനുപ്രിയയെയും ശോഭനയെയുമൊക്കെ ഞാനിഷ്ടപ്പെടുന്നു. 'രാജശില്‍പ്പി' പോലുള്ള സിനിമകളിലെ ഭാനുപ്രിയയുടെ നൃത്തം എനിക്ക് വലിയ ഇഷ്ടമാണ്.

മുളന്തുരുത്തിക്കടുത്തുള്ള പെരുമ്പള്ളിയില്‍ എനിക്ക് ഡാന്‍സ് സ്ക്കൂളുണ്ട്. 'ഗോകുലം മ്യൂസിക് ആന്‍റ് ഡാന്‍സ് സ്ക്കൂള്‍' എന്നാണ് പേര്. എന്‍റെ നേതൃത്വത്തില്‍ അവിടെ ക്ലാസ്സ് നടക്കുന്നുണ്ട്. പാട്ടും ഡാന്‍സും പഠിക്കുവാനായി എന്‍റെ കീഴില്‍ ഇപ്പോള്‍ എഴുപതോളം കുട്ടികളുണ്ട്. ഇപ്പോള്‍ കുറവിലങ്ങാട് അടുത്ത് കുര്യനാടുള്ള ചാവറ സി.എം.ഐ സ്ക്കൂളില്‍ ഞാന്‍ കുട്ടികളെ ക്ലാസിക്കല്‍ ഡാന്‍സ് പഠിപ്പിക്കുന്നുണ്ട്. ഡാന്‍സ് മാത്രമല്ല, കര്‍ണ്ണാട്ടിക് മ്യൂസിക്കും കുട്ടികളെ പഠിപ്പിക്കുന്നുണ്ട്.

നൃത്തം ചെയ്യുന്നതാണോ, നൃത്തം പഠിപ്പിക്കുന്നതാണോ കൂടുതലിഷ്ടം?

ഞാന്‍ കൊറിയോഗ്രാഫി ചെയ്ത് എന്‍റെ കുട്ടികള്‍ നൃത്തം അവതരിപ്പിക്കുന്നത് കാണുന്നതിലാണ് ഞാന്‍ സംതൃപ്തി കണ്ടെത്തുന്നത്.

എന്‍റെ മോള്‍ ദേവനന്ദയെ ഞാന്‍ നൃത്തം പഠിപ്പിക്കുന്നുണ്ടായിരുന്നു. മോളുടെ അരങ്ങേറ്റവും കഴിഞ്ഞ് ഇപ്പോള്‍ ഞാന്‍ ചെയ്യണമെന്ന് ആഗ്രഹിക്കുന്ന നൃത്തരൂപം എന്‍റെ മോളെക്കൊണ്ടാണ് ഞാന്‍ ചെയ്യിക്കുന്നത്. കഴിഞ്ഞവര്‍ഷം വീടിനടുത്തുള്ള അമ്പലത്തിലെ പ്രോഗ്രാമിന് ഞാനും മോളും കൂടി ഒരു നൃത്തം അവതരിപ്പിച്ചിരുന്നു. 'രാമനാഥനും നാഗവല്ലിയും.' രാമനാഥന്‍ മോളും നാഗവല്ലി ഞാനുമായിരുന്നു. ഗ്രൂപ്പ് ഡാന്‍സായിട്ടാണ് അത് അവതരിപ്പിച്ചത്. കളര്‍ഫുള്‍ ആയിരുന്നു. വലിയ രീതിയില്‍ സക്സസാകുകയും ചെയ്തു.

ഒരു നര്‍ത്തകി എന്ന നിലയില്‍ മനസ്സിനെ സന്തോഷിപ്പിച്ചിട്ടുള്ള കാര്യങ്ങള്‍ എന്തൊക്കെയാണ്, പറയാമോ?

എന്‍റെ നാട്ടിലെ, അതായത് പെരുമ്പള്ളിയിലെ വായനശാലലയുടെ ആഭിമുഖ്യത്തില്‍ മഹിളകളെ ആദരിക്കുന്ന ഒരു ചടങ്ങുണ്ടായിരുന്നു. പല മേഖലയിലുള്ള മഹിളകളെയാണ് തെരഞ്ഞെടുത്തത്. നൃത്തത്തിന്‍റെ മേഖലയില്‍ എന്നെ തിരഞ്ഞെടുത്തു.

പിന്നെ, ഞങ്ങള്‍ കുറെക്കാലം ജോലിയുമായി ബന്ധപ്പെട്ട് ഉത്തരേന്ത്യയിലായിരുന്നുവെന്ന് പറഞ്ഞുവല്ലോ. ആഗ്രയിലായിരുന്നു ഒടുവില്‍ അദ്ദേഹത്തിന്‍റെ പോസ്റ്റിംഗ്. ഗ്രേറ്റ് ടാജ് മഹല്‍ സ്ഥിതി ചെയ്യുന്ന ആഗ്രയില്‍. അവിടെ ഞങ്ങളുടെ ഒരു സംഘടനയുണ്ടായിരുന്നു. അഎണഅ. എയര്‍ഫോഴ്സ് വൈഫ് അസോസിയേഷന്‍. അതിന്‍റെ ഒരു ഇന്‍സ്റ്റിറ്റ്യൂട്ട് ഉണ്ടായിരുന്നു. ആ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഒരേയൊരു ഡാന്‍സ് ടീച്ചര്‍ ഞാനായിരുന്നു. എന്‍റെ കീഴില്‍ അന്നവിടെ നൂറോളം കുട്ടികള്‍ ഡാന്‍സും മ്യൂസിക്കും പഠിച്ചിരുന്നു. അവിടെ ഏപ്രില്‍ മാസത്തില്‍ 'ടാജ് ഫെസ്റ്റിവല്‍' എന്നൊരു പ്രോഗ്രാം നടക്കാറുണ്ട്. ഒരുപാട് സെലിബ്രിറ്റീസ് വന്ന് അന്നവിടെ പരിപാടികള്‍ അവതരിപ്പിക്കും. ഞങ്ങളവിടെ നാല് വര്‍ഷക്കാലം ഉണ്ടായിരുന്നു.

കുടുംബവിശേഷങ്ങള്‍ ?

എന്‍റെ സ്വന്തം വീട് തൃപ്പൂണിത്തുറയിലെ എരൂരിലാണ്. ഹസ്ബന്‍റിന്‍റെ വീടാണ് പെരുമ്പള്ളി. ജയകുമാര്‍ ഇപ്പോള്‍ എറണാകുളത്ത് എന്‍.സി.സിയില്‍ വര്‍ക്ക് ചെയ്യുന്നുണ്ട്. ഞങ്ങള്‍ക്ക് രണ്ട് മക്കള്‍. മൂത്ത മോന്‍ ഡിഗ്രി സെക്കന്‍റ് ഇയറിന് പഠിക്കുന്നു. മോള്‍ ഫോര്‍ട്ടുകൊച്ചിയില്‍ കെ.വിയില്‍ പഠിക്കുന്നു. ഹസ്ബന്‍റിന്‍റെ അമ്മയുമൊപ്പം ഞങ്ങളവിടെ കുടുംബസമേതം താമസിച്ചുവരികയാണ്.

ഗുരുവായൂര്‍ അമ്പലത്തില്‍ ഞാനും മോളും കൂടി പുതിയ ഒരു നൃത്തം അവതരിപ്പിക്കുന്നുണ്ടെന്നും അതിന്‍റെ തീമും എല്ലാം തീരുമാനിച്ചുകൊണ്ടിരിക്കുകയാണെന്നും ധന്യ ജയകുമാര്‍ അഭിമുഖം അവസാനിപ്പിക്കുമ്പോള്‍ സൂചിപ്പിക്കുകയുണ്ടായി.


ഫോട്ടോ: രാജീവ് ഉത്സവ്


LATEST VIDEOS

Interviews