തെലുങ്കിലും തമിഴിലും തിളങ്ങാൻ ഒരുങ്ങുന്ന ആതിരരാജ് മലയാളത്തിൽ നല്ല പ്രോജക്ടുകൾക്കായി കാത്തിരിക്കുകയാണ്
അച്ഛാച്ഛൻ പപ്പൻ ചിരന്തനയുടെ നാടകങ്ങളും സീരിയലുകളും സിനിമകളും കണ്ടാണ് കുഞ്ഞു ആതിര വളർന്നത്. സ്‌ക്കൂൾ കാലഘട്ടങ്ങളിൽ അച്ഛാച്ഛൻ ബഹ്‌റിനിൽ നിന്ന് ഫോണിൽ വിളിച്ച് മോണോ ആക്ട് പഠിപ്പിച്ചതെല്ലാം ഇന്നലെ കഴിഞ്ഞപോലെ ആതിരയ്ക്ക് ഓർമ്മയുണ്ട്. നൃത്തം ചെയ്യുന്ന കുട്ടി, മോണോആക്ട് ചെയ്യുന്ന കുട്ടി എന്നതിലുപരി ആതിരയിലെ അഭിനേത്രിയെ ആദ്യമായി കണ്ടെത്തുന്നത് പ്രിയപ്പെട്ട ഷൈലജ ടീച്ചറായിരുന്നു. അച്ഛാച്ഛൻ തന്റെ പേരക്കുട്ടിയുടെ മുഖം ബിഗ്‌സ്‌ക്രീനിൽ കാണാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു. എന്നാൽ തന്റെ സിനിമകൾ കാണാൻ നിൽക്കാതെ അച്ഛാച്ഛൻ പോയത് ആതിരയുടെ മനസ്സിൽ നൊമ്പരമായി നീറുന്നുണ്ട്. ആതിരയുടേതായി മൂന്ന് സിനിമകളാണ് ഇനി റിലീസിന് ഒരുങ്ങുന്നത്. മൂന്നും അന്യഭാഷാ ചിത്രങ്ങൾ. തന്റെ സിനിമകൾ തീയേറ്ററുകളിൽ എത്തുമ്പോൾ അച്ഛാച്ഛൻ കാണണമെന്ന് ആഗ്രഹിച്ചുവെന്നും താൻ അച്ഛാച്ഛന്റെ എല്ലാവിധ അനുഗ്രഹവും കിട്ടിയ പേരക്കുട്ടിയാണെന്ന് പറഞ്ഞുകൊണ്ട് ആതിര രാജ് സംസാരിച്ചുതുടങ്ങി.
മൂന്ന് അന്യഭാഷാ ചിത്രങ്ങൾ
ആദ്യമൂന്ന് സിനിമകളും അന്യഭാഷകളിലാണ്. മലയാളത്തിൽ തുടക്കം കുറിക്കണമെന്നാണ് ആഗ്രഹിച്ചത്. എന്നാൽ ആദ്യം വന്ന അവസരങ്ങൾ തമിഴിൽ നിന്നും തെലുങ്കിൽ നിന്നുമാണ്. നമ്മളെ തേടി എപ്പോഴും നല്ല പ്രോജക്ടുകൾ വരണമെന്നില്ലല്ലോ. അതുകൊണ്ടുതന്നെ തുടക്കക്കാരി എന്ന നിലയിൽ എന്നെ തേടി വന്ന മൂന്ന് പ്രോജക്ടുകളും ഒന്നിനൊന്നു മികച്ചതാണ്. മലയാളത്തിൽ നിന്ന് അവസരം വന്നിരുന്നുവെങ്കിലും ഹൈദരാബാദിൽ ഷൂട്ടിനിടയിലായതുകൊണ്ട് അത് നഷ്ടമാവുകയായിരുന്നു. വിശ്വാസം ഉൾപ്പെടെ തമിഴിൽ അമ്പതോളം സിനിമകൾ നിർമ്മിച്ച പ്രൊഡക്ഷൻസിന്റെ ചിത്രത്തിൽ ഒരു തമിഴ് വില്ലേജ് ഗേളിന്റെ വേഷം ചെയ്തത് ശ്രദ്ധേയമായിരുന്നു. തമിഴ് സിനിമകളെല്ലാം ചെറുപ്പം മുതൽ കാണുന്നതുകൊണ്ട് ഭാഷ വലിയ പ്രശ്‌നമായി വന്നില്ല. ഏറെ പ്രതീക്ഷകളുള്ള ഒരു കഥാപാത്രമാണത്. പ്രശാന്ത് നാഗരാജൻ സംവിധാനം ചെയ്ത അമിഗോ ഗ്യാരേജിലാണ് ആദ്യമായി അഭിനയിക്കുന്നത്. ഞാൻ ചെയ്ത മലയാളം ഷോർട്ട് ഫിലിം കണ്ടാണ് എനിക്ക് അവസരം കിട്ടിയത്. ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ നിൽക്കുന്ന ചെറിയ ടെൻഷനുണ്ടായിരുന്നു. ആ ടീമിലെ എല്ലാവരും പുതിയ ആൾക്കാരായിരുന്നു. അതുകൊണ്ടുതന്നെ വളരെയധികം കംഫർട്ടബിളായിരുന്നു. വ്യത്യസ്തമായ ഒരു കഥാപാത്രമാണ്. ചെറിയ പ്രായത്തിലെ ഭർത്താവ് നഷ്ടപ്പെട്ടുപോയ ഒരു പെൺകുട്ടി തന്റെ അതിജീവനത്തിന് വേണ്ടി ജോലി ചെയ്ത് പവർഫുള്ളായി ജീവിക്കുകയാണ്. വളരെ ശക്തമായ ഒരു കഥാപാത്രമാണത്. തമിഴ് സെൽവിയെന്നാണ് കഥാപാത്രത്തിന്റെ പേര്. ഒരുപാട് ഇമോഷൻ സൈഡിലൂടെ കടന്നുപോകുന്ന ഒരാളാണ് സെൽവി. ഒറ്റപ്പെട്ടുപോയ ജീവിതത്തിൽ പൊരുതി മുന്നേറുന്ന ഒരു പെൺകുട്ടിയാണ്. മറ്റൊരു ചിത്രം വീരനാണ്. അതിലെ കഥാപാത്രത്തിന്റെ പേരും സെൽവിയെന്നാണ്. വളരെ പെൺകുട്ടിയാണ്. തെലുങ്കിൽ കൃഷ്ണമ്മ എന്ന ചിത്രത്തിലും നായികയാണ്. ആക്ഷൻ ക്രൈം ഡ്രാമയാണ് കൃഷ്ണമ്മ. ഒരുപാട് പെർഫോം ചെയ്യാൻ സ്‌പേസ് കിട്ടിയ കഥാപാത്രം കൂടിയാണത്. അരുണജലാ ക്രിയേഷൻസിന്റെ ബാനറിലാണ് കൃഷ്ണമ്മ ഒരുങ്ങുന്നത്. അത് പ്രസന്റ് ചെയ്യുന്നത് ജനതാ ഗ്യാരേജ് എന്ന ഹിറ്റ് സിനിമയുടെ സംവിധായകൻ കോററ്റലാ ശിവ സാറാണ്.
തെലുങ്ക് പഠിക്കുക വെല്ലുവിളിയായിരുന്നു
ചെറുപ്പം മുതൽ തമിഴ് സിനിമകൾ കാണുന്നതുകൊണ്ടുതന്നെ തമിഴ് എനിക്ക് പരിചയമുള്ള ഭാഷയായിരുന്നു. സ്‌ക്രിപ്റ്റിലെ ഡയലോഗുകൾ പഠിക്കുക എന്നത് മാത്രമേ ഉണ്ടായിരുന്നുള്ളൂ. പക്ഷേ തെലുങ്ക് അങ്ങനെയായിരുന്നില്ല. തെലുങ്ക് സിനിമകൾ മലയാളം ഡബ്ബിലാണ് കൂടുതലും കണ്ടിട്ടുള്ളത്. അതുകൊണ്ടുതന്നെ തെലുങ്ക് ഭാഷ കുറച്ചു അപരിചിതമായിരുന്നു. പിന്നെ എല്ലാം പഠിച്ചെടുക്കുക എന്നത് താൽപ്പര്യമുള്ള കാര്യമായതുകൊണ്ട് അതൊരു ചലഞ്ചായി എടുക്കുകയായിരുന്നു. സ്‌ക്രീൻ ടെസ്റ്റെല്ലാം കഴിഞ്ഞ് നാലുദിവസം സ്‌ക്രിപ്റ്റ് പഠിക്കാനും ഭാഷ പഠിക്കുവാനുമായി പരിശീലനം ഉണ്ടായിരുന്നു. തെലുങ്ക് ഡയലോഗുകൾ മലയാളത്തിലേക്കാക്കി പഠിക്കുകയായിരുന്നു. അതൊരു പുതിയ അനുഭവമായി തോന്നി. മലയാളത്തിൽ ഇതുവരെ അഭിനയിക്കാത്തതുകൊണ്ട് ഇവിടുത്തെ സെറ്റുകൾ എക്‌സ്പീരിയെൻസ് ചെയ്യാൻ കഴിഞ്ഞിട്ടില്ല. പക്ഷേ തമിഴ്, തെലുങ്ക് ഇൻഡസ്ട്രിയിലുള്ളവർ വളരെ സ്‌നേഹമുള്ളവരാണ്. നമ്മൾ പുതിയ ഒരു നടിയാണോയെന്നൊന്നും അവർ ചിന്തിക്കില്ല. നമ്മളോട് വല്ലാത്തൊരു മതിപ്പും ബഹുമാനവും അവർ കാണിക്കൂം. വളരെ നല്ല രീതിയിലാണ് അവർ നമ്മളെ ട്രീറ്റ് ചെയ്യുന്നത്.
വീട്ടിലുള്ളവരുടെ ആശങ്ക
അച്ഛാച്ഛൻ സിനിമാ മേഖലയായതുകൊണ്ട് വീട്ടുകാർക്ക് ഞാൻ സിനിമയിലേക്ക് വരുന്നതിൽ വലിയ എതിർപ്പൊന്നും ഉണ്ടായിരുന്നില്ല. പക്ഷേ മലയാളം അല്ലാത്തൊരു ഇൻഡസ്ട്രി അവർക്ക് ഇത്തിരി ടെൻഷനുള്ള കാര്യമായിരുന്നു. എനിക്ക് സെലക്ഷൻ കിട്ടിയപ്പോൾ ആശങ്ക ഫാമിലിക്ക് ഉണ്ടായിരുന്നു. മലയാളം വരുമ്പോൾ ചെയ്താൽ പോരെയെന്നായിരുന്നു അവരെല്ലാം പറഞ്ഞിരുന്നത്. പക്ഷേ എനിക്ക് കിട്ടിയ അവസരം നഷ്ടപ്പെടുത്താൻ കഴിയാത്തതുകൊണ്ട് ഞാൻ അവരെ പരമാവധി കൺവിൻസ് ചെയ്യുകയായിരുന്നു. മൂന്ന് സിനിമകളുടെയും സെറ്റുകളിൽ ഷൂട്ട് തീരുന്നവരെ അവർ ഉണ്ടായിരുന്നു എന്റെയൊപ്പം. അതുകൊണ്ട് അവർക്കും അവിടുത്തെ ഇൻഡസ്ട്രിയെ കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ സാധിച്ചു. ഇപ്പോൾ അവരും ഹാപ്പിയാണ്. അച്ഛൻ, രാജൻ. സൗദിയിൽ ബിസിനസ്സായിരുന്നു. ഇപ്പോൾ രണ്ടുവർഷമായി നാട്ടിലുണ്ട്. അമ്മ പ്രീത. വീട്ടമ്മയാണ്. അനിയൻ അമൽരാജ്. പ്ലസ് ടൂ കഴിഞ്ഞു.