ഇന്ത്യയിലെ ആദ്യത്തെ വനിതാ സ്വാതന്ത്ര്യ സമര സേനാനി തമിഴ്‌നാട്ടിൽ ജനിച്ച് വളർന്ന നാച്ചിയാർ ആണ് എന്നാണ് ചരിത്രം രേഖപ്പെടുത്തിയിരിക്കുന്നത്. 1730-ൽ രാമനാഥപുരം രാജാവായ ചെല്ലമുത്തു വിജയരഗുനാഥ സേതുപതി- ശാകാന്തി മുട്ടത്താളിന്റെ ഏക മകളായി ജനിച്ച നാച്ചിയാർ ഒരു പുരുഷനായി വളർക്കപ്പെട്ട വീരമങ്കയാണെന്നും ചരിത്രത്തിൽ കുറിക്കപ്പെട്ടിട്ടുണ്ട്. അങ്ങിനെയുള്ള വീരമങ്കൈ നാച്ചിയാറിന്റെ കഥയെ തമിഴിൽ സിനിമയാക്കുവാനുള്ള ശ്രമം പലപ്പോഴും നടന്നിട്ടുണ്ട്. എന്നാൽ അതെല്ലാം നടക്കാതെ പോവുകയാണ് ഉണ്ടായത്. ഇങ്ങിനെയുള്ള സാഹചര്യത്തിലാണ് ഇപ്പോൾ 'വീരമങ്കൈ' നാച്ചിയാറിന്റെ ചരിത്രം സിനിമയാക്കാൻ വീണ്ടും ഒരുക്കങ്ങൾ നടന്നു വരുന്നതായുള്ള വിവരങ്ങൾ പുറത്തുവന്നിരിക്കുന്നത്.
തമിഴ് സിനിമയിലെ പ്രശസ്ത നിർമ്മാണ കമ്പനിയായ 'ലൈക്ക പ്രൊഡക്ഷൻസാണ്' ഈ സംരഭത്തിന് ഒരുങ്ങിയിരിക്കുന്നത്. ആദ്യം ഈ ചിത്രത്തിൽ നാച്ചിയാരായി അഭിനയിക്കുന്നത് നയൻതാരയാണ് എന്നുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. അതിന് ശേഷം നയൻതാരയല്ല, സായ് പല്ലവിയാണ് നാച്ചിയാരായി അഭിനയിക്കുന്നത് എന്നുള്ള റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. പിന്നീട് കുറച്ച് കാലമായി ഈ ചിത്രം കുറിച്ച് യാതൊരു റിപ്പോർട്ടുകളും പുറത്തുവന്നിരുന്നില്ല.
ഇങ്ങിനെയുള്ള സാഹചര്യത്തിലാണ് നാച്ചിയാർ കഥ അടുത്തുതന്നെ സിനിമയാകാൻ പോകുന്നു എന്നുള്ള വാർത്തകൾ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഇപ്പോഴത്തെ റിപ്പോർട്ട് അനുസരിച്ച് നാച്ചിയാരായി അഭിനയിക്കുന്നത് അഥിതി ശങ്കരാണ് എന്നാണു പറയപ്പെടുന്നത്. സംവിധായകൻ ശങ്കറിന്റെ മകളായ അഥിതി, കാർത്തിക്കൊപ്പം 'വിരുമൻ', ശിവകർത്തികേയനൊപ്പം മഹാവീരൻ എന്നീ ചിത്രങ്ങളിൽ അഭിനയിച്ചിരുന്നു. അടുത്ത് സുധ കൊങ്കര സംവിധാനം ചെയ്യുന്ന, സൂര്യയുടെ ചിത്രത്തിലും, വിഷ്ണു വർധൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലും അഥിതി അഭിനയിക്കാനിരിക്കുകയാണ്. ഇതോടൊപ്പമാണ് അഥിതി ശങ്കറിന് നാച്ചിയാരായി അഭിനയിക്കാനും അവസരം വന്നിരിക്കുന്നത്. ഒരു പുതുമുഖ സംവിധായകനാണത്രെ ഈ ചിതം സംവിധാനം ചെയ്യുന്നത്. എന്നാൽ ഇതു കുറിച്ചുള്ള യാതൊരു ഔദ്യോഗിക പ്രഖ്യാപനവും ഇതുവരെ പുറത്തുവന്നിട്ടില്ല എന്നുള്ളതും ഇവിടെ എടുത്തു പറയേണ്ട ഒന്നാണ്.