'ദളപതി' വിജയ് രാഷ്ട്രീയത്തിൽ പ്രവേശിച്ചതിനെ തുടർന്ന് അദ്ദേഹം അഭിനയിക്കുന്ന അവസാനത്തെ ചിത്രമാണ് 'ജനനായകൻ'. എച്ച്.വിനോദ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. അടുത്ത വർഷം പൊങ്കലിന് (ജനവരിയിൽ) റിലീസ് ചെയ്യാൻ തീരുമാനിച്ച് ഷൂട്ടിങ്ങ് നടന്നു വരുന്ന ഈ ചിത്രം രാഷ്ട്രീയം കലർന്ന ഒരു ചിത്രമായാണ് ഒരുങ്ങി വരുന്നത് എന്നാണ് പറയപ്പെടുന്നത്. പൂജ ഹെഗ്‌ഡെ, ബോബി ഡിയോൾ, ശ്രുതിഹാസൻ, മമിതാ ബൈജു, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, പ്രിയാമണി തുടങ്ങി ഒരുപാട് മുൻനിര താരങ്ങൾ അണിനിരക്കുന്ന ഈ ചിത്രത്തിൽ വിജയ്‌യുടെ 'തെരി, 'മെർസൽ', 'ബിഗിൽ' എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്ത അറ്റ്‌ലിയും, വിജയ്‌യുടെ 'മാസ്റ്റർ', 'ലിയോ' എന്നീ ചിത്രങ്ങൾ ഒരുക്കിയ ലോകേഷ് കനകരാജ്, 'ബീസ്റ്റ്' ഒരുക്കിയ നെൽസൺ ദിലീപ്കുമാർ എന്നിവരും അതിഥി വേഷത്തിൽ എത്തുന്നതായുള്ള ഒരു വാർത്ത കോളിവുഡിൽ ഇപ്പോൾ പുറത്തുവന്നു വൈറലായിക്കൊണ്ടിരിക്കുകയാണ്. അതായത്, കഥയ്ക്ക് അനുസരിച്ച് പത്ര റിപ്പോർട്ടർമാരായിട്ടാണത്രെ ഇവർ അഭിനയിക്കുന്നത്. അതേ സമയം ഒരു ഗാന രംഗത്തിലാണ് ഇവർ മൂന്ന് പേരും വിജയ്‌ക്കൊപ്പം പ്രത്യക്ഷപ്പെടുന്നത് എന്നുള്ള ഒരു റിപ്പോർട്ടും ഉണ്ട്. വിജയ്‌യുടെ അവസാനത്തെ ചിത്രമായതിനാൽ അതിൽ ഏതെങ്കിലുമൊരു രൂപത്തിൽ തങ്ങളുടെ സാന്നിധ്യം ഉണ്ടായിരിക്കണമെന്നുള്ള ഇവരുടെ താല്പര്യത്തിനനുസരിച്ച് ചിത്രത്തിന്റെ സംവിധായകനായ എച്ച്.വിനോദ് സ്ക്രിപ്റ്റിൽ ചില മാറ്റങ്ങൾ വരുത്തിയിട്ടാണ് ഈ രംഗങ്ങൾ ചിത്രീകരിക്കുന്നത് എന്നും പറയപെടുന്നുണ്ട്. എന്നാൽ ഇത് സംബന്ധമായി ഇതുവരെ യാതൊരു ഔദ്യോഗിക പ്രഖ്യാപനവും പുറത്തുവന്നിട്ടില്ല.