NEWS

സിനിമാനിര്‍മ്മാതാവായി മാറിയതിനെക്കുറിച്ചും സിനിമാ അനുഭവങ്ങളെക്കുറിച്ചും ബേബിമാത്യു സോമതീരം

News

എട്ട് ഫീച്ചര്‍ സിനിമകളും ആറ് ഡോക്യുമെന്‍ററി ഫിലിമുകളും നിര്‍മ്മിച്ചിട്ടുള്ള നിര്‍മ്മാതാവാണ് ബേബിമാത്യു സോമതീരം. ആദ്യസിനിമ ജോഷിമാത്യു സംവിധാനം ചെയ്ത 'ബ്ലാക്ക് ഫോറസ്റ്റാ'യിരുന്നു. ഈ സിനിമയ്ക്ക് ഏറ്റവും നല്ല പരിസ്ഥിതി സിനിമയ്ക്കുള്ള ദേശീയ അവാര്‍ഡ് ലഭിച്ചിരുന്നു. അങ്ങ് ദൂരെ ഒരു ദേശത്ത്, അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത പിന്നെയും, ഡോ. ബിജു ചെയ്ത വെയില്‍മരങ്ങള്‍, ബിജുകൃഷ്ണന്‍റെ പൂക്കള്‍ മഞ്ഞ, ഇലകള്‍ പച്ച, ലെനിന്‍ രാജേന്ദ്രന്‍റെ ആന്തോളജി സിനിമകളില്‍ ഒന്ന് തുടങ്ങിയ ഫീച്ചര്‍ ഫിലിമുകളും കാള, പ്ലാവ് തുടങ്ങിയ ഡോക്യുമെന്‍ററി ഫിലിമുകളുമാണ് ബേബിമാത്യു സോമതീരം സ്വന്തമായി നിര്‍മ്മിച്ചിട്ടുള്ളത്.

സിനിമാനിര്‍മ്മാതാവായി മാറിയതിനെക്കുറിച്ചും സിനിമാ അനുഭവങ്ങളെക്കുറിച്ചും ബേബിമാത്യു പറയുന്നു-

'സിനിമാനിര്‍മ്മാണ രംഗത്തേക്ക് വരണമെന്ന് ആഗ്രഹിച്ചുവന്ന ഒരാളല്ല ഞാന്‍. മുന്‍കാലങ്ങള്‍ മുതലെ സിനിമകള്‍ കാണുമായിരുന്നു എന്നല്ലാതെ സിനിമാരംഗത്തേക്ക് വരണമെന്ന് താല്‍പ്പര്യങ്ങളുണ്ടായിരുന്നില്ല. ജീവന്‍ ടി.വിയുടെ എം.ഡി ആയപ്പോള്‍ സിനിമകള്‍ സ്വന്തമായി ഉണ്ടെങ്കില്‍ അത് ജീവന്‍ ടി.വിയിലൂടെ കാണിക്കാനും സാദ്ധ്യതയുണ്ടല്ലോയെന്ന് ചിന്തിച്ചു.

എനിക്ക് ആയുര്‍വേദ ഹോസ്പിറ്റലുകളുണ്ട്. എന്‍റെ മെയിന്‍ ഫീല്‍ഡ് അതാണല്ലോ. ഇന്നുള്ളവര്‍ക്ക് സംസ്കൃതം എഴുതാനും വായിക്കാനും അറിയില്ല.  അതുകൊണ്ടാണ് സംവിധായകന്‍ വിനോദ് മങ്കര അത്തരമൊരു സബ്ജക്ടുമായി വന്നപ്പോള്‍ ആ സിനിമ ചെയ്യാമെന്ന് കരുതിയത്. ഇങ്ങനെ ഏതെങ്കിലും തരത്തില്‍ സോഷ്യല്‍ വാല്യൂ ഉള്ള സിനിമകള്‍ നിര്‍മ്മിക്കുവാനാണ് ഞാന്‍ താല്‍പ്പര്യം കാണിക്കുന്നത്. വിനോദ് മങ്കരയുടെ 'പ്രിയമാനസം' എന്ന സിനിമയ്ക്കും ജോഷിമാത്യുവിന്‍റെ ബ്ലാക്ക്ഫോറസ്റ്റ് സിനിമയ്ക്കും ദേശീയ അവാര്‍ഡുകള്‍ ലഭിച്ചതില്‍ സന്തോഷമുണ്ട്. അന്ന്, 22 വര്‍ഷങ്ങള്‍ക്കുശേഷം മാത്രമായിരുന്നു ഒരു സംസ്കൃത സിനിമ ലോകത്തുതന്നെ ഉണ്ടാകുന്നത്.

തുടര്‍ച്ചയായി സിനിമകള്‍ ചെയ്യുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ?

ഇല്ല. സിനിമകള്‍ ചെയ്തേ മതിയാകൂ എന്നൊരു നിര്‍ബന്ധമൊന്നുമില്ല. വര്‍ഷത്തില്‍ ഒരു സിനിമയെടുക്കണമെന്നുണ്ട്. അതും ഏതെങ്കിലും തരത്തില്‍ പ്രത്യേകതയുള്ളതും സോഷ്യല്‍ വാല്യൂ ഉള്ള പ്രമേയം കണ്ടെത്തിയാല്‍ മാത്രം. ഇപ്പോള്‍ ചില ഡോക്യുമെന്‍ററി ഫിലിമുകള്‍ പണിപ്പുരയിലുണ്ട്. അത് മിക്കതും ആനുകാലിക സംഭവങ്ങളുടെ പശ്ചാത്തലത്തിലുള്ളതാണ്. കൂടാതെ ചില നല്ല സബ്ജക്ടുകള്‍ ഡിസ്ക്കഷനിലുണ്ട്.

ഇന്നത്തെ മലയാളം സിനിമകളുടെ അവസ്ഥയെക്കുറിച്ച് എന്താണ് പറയാനുള്ളത്?

ഇന്ന് സിനിമകള്‍ വേണ്ട രീതിയില്‍, തീയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കാനുള്ള അവസരങ്ങളില്ല എന്നാണ് എന്‍റെ അഭിപ്രായം. അതായത്, സോഷ്യല്‍ വാല്യു ഉള്ള ചില നല്ല സിനിമകള്‍ക്ക് ഓഡിയന്‍സ് പൊതുവെ കുറവായിരിക്കും. എങ്കിലും, കേരളത്തിലെ പ്രധാന നഗരങ്ങളിലെ ഒരു തീയേറ്ററെങ്കിലും അത്തരം സിനിമകള്‍ ഓടിക്കാന്‍ താല്‍പ്പര്യം കാണിക്കണം. ഗവണ്‍മെന്‍റ് അതില്‍ പ്രത്യേകശ്രദ്ധ ചെലുത്തേണ്ടതുണ്ട്. അവസരം നല്‍കിയാലല്ലേ ഇത്തരം സിനിമകള്‍ കാണാന്‍ പ്രേക്ഷകര്‍ക്കും അവസരം കിട്ടുകയുള്ളൂ.

താങ്കള്‍ നിര്‍മ്മിക്കുന്ന ഏറ്റവും പുതിയ സിനിമ 'ദൈവത്താന്‍കുന്ന്' ആണല്ലോ. താങ്കള്‍ ആദ്യമായി നിര്‍മ്മിച്ച ബ്ലാക്ക് ഫോറസ്റ്റിന്‍റെയും പിന്നീട് നിര്‍മ്മിച്ച 'അങ്ങ് ദൂരെ ഒരു ദേശത്ത്' എന്നീ ചിത്രങ്ങളുടെയും സംവിധായകന്‍ ജോഷിമാത്യു തന്നെയായിരുന്നല്ലോ? തുടര്‍ച്ചയായി മൂന്ന് സിനിമകള്‍...?

ജോഷിയും സോഷ്യല്‍ വാല്യു ഉള്ള വിഷയങ്ങളില്‍ ഊന്നല്‍ നല്‍കുന്നുണ്ട്. ദൈവത്താന്‍കുന്നിന്‍റെ സബ്ജക്ട് കേട്ടപ്പോഴും എനിക്കിഷ്ടമായി. പിന്നെ, ജോഷിമാത്യു എപ്പോഴും ഒരു നിര്‍മ്മാതാവിന്‍റെ കൂടെനില്‍ക്കുന്ന സംവിധായകനാണ്. അധികച്ചെലവുകള്‍ വരുത്താതെ ഒരു പ്രൊഡ്യൂസറെ സംരക്ഷിക്കാനുള്ള കാര്യങ്ങളെല്ലാം ജോഷിയ്ക്കറിയാം.

 


LATEST VIDEOS

Interviews