NEWS

ചെറുപ്പം മുതല്‍ ആഗ്രഹിച്ച സ്വപ്നവഴിയില്‍ ബാലു എസ്. നായര്‍ ഹാപ്പിയാണ്

News

ചെറുപ്പം മുതല്‍ ആഗ്രഹിച്ച സ്വപ്നവഴിയില്‍ ബാലു എസ്. നായര്‍ ഹാപ്പിയാണ്. ആദ്യസംവിധാനചിത്രം തഗ് CR/ 43/24 എത്തിയതിന്റെ സന്തോഷത്തിലാണ് ബാലു. ഒരുപാട് സീനിയര്‍ താരങ്ങള്‍ക്കൊപ്പം ചിത്രത്തില്‍ തനിക്കും ഒരു വേഷം ചെയ്യാന്‍ കഴിഞ്ഞ സന്തോഷമുണ്ടെന്ന് പറഞ്ഞു ബാലു നാനയോട് സംസാരിച്ചുതുടങ്ങി.

കഥയില്‍ ഒളിപ്പിച്ച  റൗഡി ആര്?

സിനിമ യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കി

തഗ്ഗ് എന്ന വാക്കിനര്‍ത്ഥം റൗഡി എന്നാണ്. ഈ കഥയില്‍ ഒളിപ്പിച്ചുവെച്ച റൗഡി ആരാണ് അഥവാ പ്രതി ആരാണ് എന്നുള്ള അന്വേഷണമാണ്  സിനിമയിലുടനീളമുള്ളത്. ഒരു യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കി എഴുതിത്തുടങ്ങിയ കഥയാണിത്. പിന്നീട് അതിനുള്ളിലെ സിനിമാറ്റിക് എലമെന്റിനെ മനസ്സിലാക്കിക്കൊണ്ട് സിനിമാറ്റിക് ഫോര്‍മാറ്റിലേക്ക് മാറ്റി. പിന്നീടാണ് അതൊരു മുഴുനീള സിനിമയായി മാറിയത്. യഥാര്‍ത്ഥ സംഭവത്തിനപ്പുറം സമൂഹത്തിലെ പല കാര്യങ്ങളെക്കുറിച്ചും നമ്മള്‍ സിനിമയില്‍ സംസാരിക്കുന്നുണ്ട്. സിനിമയുടെ ത്രില്ലര്‍ സ്വഭാവം നഷ്ടപ്പെടാതെ തന്നെ അതിനെയൊക്കെ ഓഡിയന്‍സിലേക്ക് എത്തിക്കാന്‍ ശ്രമിച്ചു.

സീനിയര്‍ താരങ്ങളുടെ സഹകരണം

സിനിമയിലഭിക്കാനായി സീനിയര്‍ താരങ്ങള്‍ വന്നപ്പോള്‍ കൂടുതല്‍ തയ്യാറെടുപ്പുകള്‍ നടത്തുകയാണ് ചെയ്തത്. ഈ സിനിമയുടെ ലൊക്കേഷനില്‍ നിന്നും അവര്‍ക്കാര്‍ക്കും മോശമായ ഒരു അനുഭവം ഉണ്ടാവരുത് എന്ന നിര്‍ബന്ധം എനിക്കുണ്ടായിരുന്നു. അതുകൊണ്ടുതന്നെ അവരെ കംഫര്‍ട്ടബിള്‍ ആക്കി എടുക്കുക എന്നുള്ളത് ഞങ്ങള്‍ കാര്യമായി ചെയ്തിരുന്ന പ്രവൃത്തിയാണ്. ഈ സിനിമയിലെ ഒരു വെല്ലുവിളിയും അതായിരുന്നു. അവര്‍ക്ക് സമാധാനമായി അഭിനയിക്കാനുള്ള സ്‌പേസ് ക്രിയേറ്റ് ചെയ്യുക എന്നത്. അതോടൊപ്പം സ്‌ക്രിപ്റ്റില്‍ വീണ്ടും വീണ്ടും തിരുത്തലുകള്‍ വരുത്തി. വളരെയധികം പക്വതയോട് കൂടിയാണ് സ്‌ക്രിപ്റ്റ് കൈകാര്യം ചെയ്തതെന്ന് അവര്‍ക്കും ബോധ്യമാകണമല്ലോ. ഏതായാലും സിദ്ധിഖ് സാര്‍ ആണെങ്കിലും സായ്കുമാര്‍, വിനയ്പ്രസാദ് തുടങ്ങി ഏതൊരു സീനിയര്‍ ആര്‍ട്ടിസ്റ്റ് ആണെങ്കിലും ശരി, അവരൊക്കെ അവരുടെ പ്രൊഫഷണലിസം കൊണ്ട് നമ്മളെയും കംഫര്‍ട്ട് ആക്കി.

തിരക്കഥയിലെ സൂക്ഷ്മത

യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കി ഒരു വിഷയം നമ്മളീ സിനിമയിലൂടെ പറയുന്നുണ്ട്. ബാക്കിയുള്ളതെല്ലാം ഇമാജിനേഷന്‍ ആണ്. ഈ അടുത്തകാലത്ത് നടന്ന ഒരു വിഷയമാണ് പറയുന്നത്. അതിനാല്‍തന്നെ ആ വിഷയം പലരെയും ബാധിക്കാന്‍ സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ ഏത് വിഷയത്തെക്കുറിച്ചാണ് സംസാരിക്കുന്നതെന്ന് ജനങ്ങള്‍ക്ക് മനസ്സിലാക്കുന്ന രീതിയില്‍ കാണിക്കുകയും അതോടൊപ്പം അതിന്റെ പശ്ചാത്തലം മാറ്റി കഥ പറയുകയാണ് നമ്മള്‍ ചെയ്തിട്ടുള്ളത്. അതായത് യഥാര്‍ത്ഥ ആളുകളുടെ പേരുകള്‍ ഒന്നും ഇതിലെ കഥാപാത്രങ്ങള്‍ക്ക് ഉപയോഗിച്ചിട്ടില്ല. തയ്യാറെടുപ്പുകളുടെ ഭാഗമായി നമ്മള്‍ ചെയ്ത ഒരു കാര്യം അതാണ്. ശരിക്കുമുള്ള ആളുകളെ വേദനിപ്പിക്കാത്ത രീതിയില്‍ സ്‌ക്രിപ്റ്റിനെ പരുവപ്പെടുത്തുക.

ഇമോഷണല്‍ ആയ നിമിഷം

വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്. പക്ഷേ ചിത്രീകരണം കഴിഞ്ഞ് ലാസ്റ്റ് പാക്ക് അപ്പ് പറഞ്ഞ നിമിഷം ഞാന്‍ ഒരിക്കലും മറക്കില്ല. ആ പാക്ക് അപ്പ് പറഞ്ഞ നേരത്താണ് ഇത്ര ദിവസങ്ങള്‍ കൊണ്ട് ഞാന്‍ ഈ സിനിമ തീര്‍ത്തല്ലോ എന്ന കാര്യം ആലോചിച്ചത്. അതായത് ഞാന്‍ വിചാരിച്ച അതേ ആളുകളെ വച്ച് ഞാന്‍ വിചാരിച്ച അതേ രംഗങ്ങള്‍ എല്ലാം എനിക്ക് ചിത്രീകരിക്കാന്‍ കഴിഞ്ഞു. സത്യം പറഞ്ഞാല്‍ ആ ഒരു നിമിഷം വളരെയധികം ഇമോഷണല്‍ ആയിരുന്നു.

കണ്ടന്റിലാണ് പ്രതീക്ഷ

ചെറിയ സിനിമകള്‍ തിയേറ്ററുകളില്‍ എത്തിക്കുക എന്നത് വലിയൊരു പ്രതിസന്ധി തന്നെയാണ്. പക്ഷേ മലയാള  സിനിമകളെ സംബന്ധിച്ചിടത്തോളം കണ്ടന്റ് വാല്യൂ ഉള്ള സിനിമകള്‍ ജനങ്ങള്‍ എന്നും അംഗീകരിച്ചിട്ടേയുള്ളൂ. ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍, മേപ്പടിയാന്‍ പോലുള്ള സിനിമകള്‍ എല്ലാം ജനങ്ങള്‍ അംഗീകരിച്ചത് ബഡ്ജറ്റ് കൊണ്ടല്ല. മറിച്ച് കണ്ടന്റ് വാല്യൂ ഉള്ളതുകൊണ്ടാണ്. ഈ സിനിമയിലും ഞങ്ങളുടെ വിശ്വാസം അതാണ്. ഇതിനകത്തുള്ള കണ്ടന്റിന് വാല്യൂ ഉള്ളതുകാരണം അത് കൂടുതല്‍ ജനങ്ങളിലേയ്ക്ക് എത്തുമെന്ന് പ്രതീക്ഷിക്കുന്നത്. മാത്രമല്ല ഒപ്പമുള്ള അഭിനേതാക്കളും ടെക്‌നീഷ്യന്‍സും വളരെയധികം സപ്പോര്‍ട്ട് ആയിരുന്നു. അതോടൊപ്പം ധ്യാന്‍ ശ്രീനിവാസന്റെ പിന്തുണയും വിലപ്പെട്ടതാണ്.

സംവിധാനം എഴുത്ത് അഭിനയം

അഭിനയം തന്നെയാണ് എപ്പോഴും കംഫര്‍ട്ട്. സംവിധാനം എന്നത് നല്ല സ്‌ട്രെയിന്‍ എടുക്കേണ്ട പ്രോസസ്സ് ആണ്. അതുമായി താരതമ്യം ചെയ്യുമ്പോള്‍ അഭിനയം കുറച്ചുകൂടി എളുപ്പമാണ്. എന്നാല്‍ അതേസമയം ഇഷ്ടമെന്ന് പറയുന്നത് രണ്ടിനോടുമുണ്ട്. അഭിനയിക്കാന്‍ വേണ്ടിയാണ് ആദ്യം സംവിധാനം ചെയ്യുന്നത്. പിന്നീട് സംവിധായകന്‍ ആവുക എന്നതിന്റെ മൂല്യം മനസ്സിലാവുകയും അതിലേക്ക് ഫോക്കസ് ചെയ്യുകയും ചെയ്തപ്പോള്‍ വ്യക്തിപരമായി ഒരുപാട് സന്തോഷം അനുഭവിക്കാന്‍ പറ്റി. എന്നിരുന്നാലും അഭിനയത്തെക്കാളും സംവിധാനത്തെക്കാളും ഒരുപടി കൂടുതല്‍ എനിക്ക് ഇഷ്ടം എഴുത്തിനോടാണ്. തഗ്ഗ് സിനിമയുടെ കഥയും തിരക്കഥയും സംഭാഷണവും തയ്യാറാക്കിയിട്ടുള്ളത് ഞാന്‍ തന്നെയാണ്. പക്ഷേ കൂടുതല്‍ കംഫര്‍ട്ടബിള്‍ അഭിനയമാണ്.

തുടക്കം സീരിയലിലൂടെ

2006 ല്‍ കൈരളി ചാനലിലെ ഒരു സീരിയലില്‍ ചൈല്‍ഡ് ആര്‍ട്ടിസ്റ്റായി അഭിനയിച്ചുകൊണ്ടാണ് ഞാന്‍ ഇന്‍ഡസ്ട്രിയിലേക്ക് വരുന്നത്. അവിടം മുതല്‍ അങ്ങോട്ട് സിനിമയൊക്കെ പാഷനായി മാറി. അതിനുശേഷം പല സീരിയലുകളിലും ഷോര്‍ട്ട് ഫിലിമിലും പരസ്യങ്ങളിലും ഒക്കെ അഭിനയിച്ചു. ചിലത് സംവിധാനവും ചെയ്തു. ഞാന്‍ സ്വന്തമായി സംവിധാനം ചെയ്ത് അഭിനയിച്ച ചില ഷോര്‍ട്ട് ഫിലിംസിന് ഇന്റര്‍നാഷണല്‍ അവാര്‍ഡും കിട്ടി. അതിനെല്ലാം ശേഷമാണ് സിനിമയിലേക്ക് എത്തുന്നത്. സിനിമയില്‍ പ്രമോഷന്‍ രംഗത്തും അതുപോലെ അസോസിയേറ്റും ഒക്കെ ആയി വര്‍ക്ക് ചെയ്തിട്ടുണ്ട്. ഒരുപാട് നാളത്തെ പ്രയത്‌നം കൊണ്ടാണ് ഒരു സിനിമ സ്വന്തമായി സംവിധാനം ചെയ്ത് തിയേറ്ററുകളില്‍ എത്തിക്കാന്‍ കഴിയുന്നത്. ബിഗ്‌സ്‌ക്രീനില്‍ മുഖം കാണിക്കുക എന്നുള്ളത് വലിയ സ്വപ്നമായിരുന്നു. അത് ഞാന്‍ സംവിധാനം ചെയ്യുന്ന സിനിമയിലൂടെ തന്നെ സാധിച്ചു.

പ്രചോദനം അച്ഛനും അമ്മാവനും

എന്റെ അമ്മാവന്‍ സന്തോഷ് കോട്ടയം ഒരു ടെലിവിഷന്‍ ആര്‍ട്ടിസ്റ്റ് ആയിരുന്നു. അദ്ദേഹം പെര്‍ഫോം ചെയ്യുന്നത് കാണുമ്പോള്‍ സിനിമയില്‍ വരണം സ്‌ക്രീനില്‍ മുഖം കാണണം എന്നൊക്കെ ആഗ്രഹം തോന്നി. പിന്നീട് ചൈല്‍ഡ് ആര്‍ട്ടിസ്റ്റായി. സിനിമയിലേക്ക് എത്തുക എന്നുള്ള സ്വപ്നം തുടങ്ങുന്നത് ആ പ്രചോദനത്തില്‍ നിന്നാണ്. അതുപോലെ എന്റെ അച്ഛന് സിനിമ കാണുക എന്നത് വലിയ ക്രെയ്‌സ് ആയിരുന്നു. അച്ഛന്‍ വലിയൊരു സിനിമ ആരാധകനായിരുന്നു. ഒരു ദിവസം മൂന്നും നാലും സിനിമകളൊക്കെ തീയേറ്ററില്‍ പോയി കാണും. അതിന്റെ പല ആര്‍ട്ടിസ്റ്റുകളോടും അച്ഛനുള്ള സ്‌നേഹം കണ്ടിട്ടാണ് ഒരു ദിവസം ഞാനും ഇതുപോലെ സ്‌ക്രീനില്‍ വരും എന്ന ആഗ്രഹം കൂടുതലായി ഉടലെടുത്തത്.

പേരുകേട്ട അമ്പലപ്പുഴ

മഹത്തായ ഒരുപാട് കലാകാരന്മാര്‍ ഉണ്ടായിട്ടുള്ള സ്ഥലമാണ് അമ്പലപ്പുഴ. പ്രിയദര്‍ശന്‍ സാര്‍, വിനയന്‍ സാര്‍, എം.ജി. ശ്രീകുമാര്‍, എം.ജി.രാധാകൃഷ്ണന്‍, ബാലചന്ദ്രമേനോന്‍ തുടങ്ങി ഒരുപാട് കലാകാരന്മാരുടെ നാടാണ് അമ്പലപ്പുഴ. അതേ നാട്ടില്‍ നിന്ന് എന്റെ പേരും അവരോടൊപ്പം ഉള്‍പ്പെടണമെന്ന് ആഗ്രഹിച്ച ആളാണ് ഞാന്‍. അങ്ങനെ ഒരു ദിവസം ഉണ്ടാവും എന്ന് ഇപ്പോഴും വിശ്വസിക്കുന്നു. അതിനുവേണ്ടി പരിശ്രമിക്കുന്നു. എന്റെ നാട് അമ്പലപ്പുഴയാണെന്ന് പറയാന്‍ പോലും എനിക്ക് വലിയ അഭിമാനമാണ്. അതിനോളം തന്നെ ഉത്തരവാദിത്വവും അമ്പലപ്പുഴ എന്ന പേര് നല്‍കുന്നുണ്ട്. എനിക്ക് മുന്‍പേ വന്ന കലാകാരന്മാരുടെ പേരൊന്നും മോശമാക്കാന്‍ പറ്റില്ലല്ലോ.
 


LATEST VIDEOS

Interviews