രജനികാന്ത് ഇപ്പോൾ 'ജയിലർ' രണ്ടാം ഭാഗത്തിലാണ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഈ സിനിമക്ക് ശേഷം രജനികാന്ത് സിബി ചക്രവർത്തി സംവിധാനം ചെയ്യുന്ന ചിത്രത്തിലും, നെൽസൺ സംവിധാനം ചെയ്യുന്ന കമൽഹാസൻ, രജനികാന്ത് ഒന്നിച്ചഭിനയിക്കുന്ന ചിത്രത്തിലുമാണ് അഭിനയിക്കാനിരിക്കുന്നത്. 'ജയിലർ' രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം കഴിഞ്ഞതും രജനികാന്ത്, സിബി ചക്രവർത്തി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജോയിൻ ചെയ്യുമെന്നാണ് റിപ്പോർട്ട്.
ഇത് ഒരു ജനപ്രിയ കുടുംബ ചിത്രമായിട്ടാണ് ഒരുങ്ങുന്നത് എന്നാണ് പറയപ്പെടുന്നത്. ഇതിൽ രജനികാന്തിനൊപ്പം ആരൊക്കെ അഭിനയിക്കും എന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ ഇതുവരെ ഔദ്യോഗികമായി പുറത്തുവന്നിട്ടില്ലെങ്കിലും, ഈ സിനിമയിൽ മലയാള സംവിധായകനും നടനുമായ ബേസിൽ ജോസഫ് രജിനികാന്തിനൊപ്പം ഒരു പ്രത്യേക വേഷം അവതരിപ്പിക്കുന്നുണ്ടെന്നുള്ള റിപ്പോർട്ട് പുറത്തുവന്നിട്ടുണ്ട്. ബേസിൽ ജോസഫ് അഭിനയിച്ച ചില മലയാള ചിത്രങ്ങൾ തമിഴ്നാട്ടിലും വിജയിച്ചിട്ടുണ്ട്. അതിനാൽ മലയാളത്തിൽ മാത്രമല്ല തമിഴ് ആരാധകർക്കിടയിലും അദ്ദേഹം പ്രശസ്തനാണ്.
അതല്ലാതെ കഴിഞ്ഞ കുറച്ച് വർഷങ്ങളായി 'ജയിലർ', 'വേട്ടയ്യൻ', 'കൂലി', നിലവിൽ നിർമ്മാണത്തിലിരിക്കുന്ന 'ജയിലർ-2' തുടങ്ങിയ രജനികാന്തിന്റെ ചിത്രങ്ങളിൽ മലയാള താരങ്ങൾ തുടർന്ന് അഭിനയിക്കുന്നത് ഒരു ശൈലിയായി മാറിയിരിക്കുന്നു എന്നതും ശ്രദ്ധേയമാണ്. ഇവരെ കൂടാതെ പ്രിയങ്ക മോഹനും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ടത്രേ! സിബി ചക്രവർത്തി ആദ്യം സംവിധാനം ചെയ്ത 'ഡോൺ' എന്ന ചിത്രത്തിൽ പ്രിയങ്ക മോഹൻ ആയിരുന്നു നായികയായി അഭിനയിച്ചത് എന്നുള്ളത് ശ്രദ്ധേയമാണ്.