ലൂസിഫറും എമ്പുരാനും തമ്മില്‍ ഒരു അഞ്ചുവര്‍ഷത്തെ ഇടവേളയുണ്ട്. അബ്രഹാം ഖുറേഷി എന്ന ലാലേട്ടന്‍റെ കഥാപാത്രം മുന്നേതന്നെ എസ്റ്റാബ്ലിഷ് ചെയ്തിട്ടുള്ളതുമാണ്. ഇവരുടെ മാറ്റങ്ങളും വളര്‍ച്ചകളും കരവിരുതിലൂടെ പ്രേക്ഷകരിലേക്കെത്തിച്ച ശ്രീജിത്ത് ഗുരുവായൂരിനോടൊപ്പം...
കഥാപാത്രങ്ങളുടെ സ്ക്രീന്‍ പ്രസന്‍സിനുവേണ്ടി പ്രത്യേകിച്ച് ഇന്‍ട്രോ സീനിനുവേണ്ടി എന്തെങ്കിലും ചെയ്യാറുണ്ടോ?
കഥാപാത്രം ഡിമാന്‍ഡ് ചെയ്യുന്ന മെയ്ക്ക് ഓവര്‍ ആണ് ചെയ്യാറുള്ളത്. അബ്രഹാം ഖുറേഷിയുടെ ലുക്ക് ഓഡിയന്‍സ് എല്ലാവരും കണ്ടുകഴിഞ്ഞതാണ്. ആ കഥാപാത്രത്തിന് ഉള്ള അഞ്ചുകൊല്ലത്തെ ഒരു വളര്‍ച്ചയുണ്ട്. അതുമാത്രം തന്നെയാണ് കൊണ്ടുവരാന്‍ ശ്രമിച്ചിട്ടുള്ളത്.
സ്റ്റീഫന്‍ നെടുമ്പള്ളിയുടെ കണ്ണുകളില്‍ ഒരു വേദനയും പ്രതികാരവും ഉണ്ടായിരുന്നു. പക്ഷേ അബ്രഹാം ഖുറേഷിയില്‍...?
ശരിയാണ്. ലൂസിഫറില്‍ പോലീസിന്‍റെ നെഞ്ചത്ത് കാലുവച്ച് നില്‍ക്കുന്ന ലാലേട്ടന്‍റെ കണ്ണുകളെ കണ്ടുതന്നെ ആ കഥാപാത്രത്തിന്‍റെ പവര്‍ എന്താണെന്ന് നമ്മള്‍ മനസ്സിലാക്കിയതാണ്.
പൃഥ്വിയുടെ ക്യാരക്ടര്‍ ബ്രീഫിംഗില്‍ ഒരു മേയ്ക്ക് അപ്പ് ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ എന്തെങ്കിലും നിര്‍ദ്ദേശങ്ങള്‍ കൊടുക്കാന്‍ കഴിഞ്ഞിരുന്നോ?
രാജുവിന്‍റെ ബ്രീഫിംഗ് കഴിഞ്ഞതിനുശേഷം ഞങ്ങള്‍ ഡിസ്ക്കസ് ചെയ്തിരുന്നു. കഥാപാത്രത്തിനുവേണ്ടി നമ്മള്‍ ഉദ്ദേശിച്ചിരുന്ന ആക്ടര്‍ ചിലപ്പോള്‍ അവൈലബിള്‍ ആയിരിക്കില്ല. പിന്നെ അവര്‍ ഏതെങ്കിലും സിനിമയില്‍ നിന്നും ആയിരിക്കും വരിക. അതിനുവേണ്ടി ചിലപ്പോള്‍ അവര്‍ ചില ബോഡി ട്രാന്‍സ്ഫോര്‍മേഷന്‍ വരുത്തിയിരിക്കാം. അത് ചിലപ്പോള്‍ നമ്മുടെ സിനിമയ്ക്ക് പറ്റിയതായിരിക്കില്ല. അത്തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടായിട്ടുണ്ട്. പിന്നെ ക്യാരക്ടര്‍ പോസ്റ്ററുകള്‍ റിലീസ് ആയപ്പോള്‍തന്നെ പ്രേക്ഷകര്‍ ആ കഥാപാത്രത്തിന്‍റെ റോള്‍ എന്തായിരിക്കും എന്നൊക്കെ പ്രെഡിക്ട് ചെയ്യുന്നു. അതൊക്കെ ഒരു മെയ്ക്ക് അപ്പ് ആര്‍ട്ടിസ്റ്റിനെ സംബന്ധിച്ച് ക്രെഡിറ്റ് ആണ്.
സിനിമയില്‍ ഏതെങ്കിലും കഥാപാത്രത്തിന്‍റെ മേക്കിംഗില്‍ എന്തെങ്കിലും ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നോ?
കിഷോര്‍ എന്ന തമിഴ് നടന്‍റെ മെയ്ക്ക് ഓവര്‍ കുറച്ചു ബുദ്ധിമുട്ടുള്ളതായിരുന്നു. റിയല്‍ ലൈഫില്‍ കഷണ്ടിയുള്ള ഒരാളെ അദ്ദേഹത്തിന്‍റെ കഥാപാത്രം ആവശ്യപ്പെടുന്ന തരത്തില്‍ സ്റ്റൈലിഷ് ആക്കുക എന്നത് ശ്രമകരമാണ്. ഭയങ്കര സ്ട്രോംഗ് ആയ ഷാര്‍പ്പായ ഒരു കഥാപാത്രം ആണ് സിനിമയില്‍ അദ്ദേഹത്തിന്‍റേത്. അത് നല്ല പരിശ്രമത്തിലൂടെ വളരെ മികച്ചതായി ചെയ്യാന്‍ സാധിച്ചിട്ടുണ്ട്. അതുപോലെ സൈദിന്‍റെ ഗ്രാന്‍ഡ്മായുടെ കഥാപാത്രം ബുദ്ധിമുട്ടുണ്ടാക്കി. അറുപത്തി മൂന്നുവയസ്സുള്ള ഒരാളെ എണ്‍പതുകളിലേക്ക് ട്രാന്‍സ്ഫോം ചെയ്യണം.
മെയ്ക്ക് അപ്പ് എന്ന കലാരൂപത്തെ കുറിച്ചുള്ള സംവിധായകന്‍ പൃഥ്വിരാജിന്‍റെ ഒരു അറിവ് എത്രത്തോളം ഉണ്ടെന്നാണ് താങ്കള്‍ മനസ്സിലാക്കിയിരിക്കുന്നത്?
രാജു ഒരു ആക്ടിംഗ് ബാക്ക്ഗ്രൗണ്ടില്‍ നിന്നുമാണ് വന്നിട്ടുള്ളത്. എങ്കിലും ഒരു സംവിധായകന് വേണ്ട കാര്യങ്ങള്‍ ആണ് അദ്ദേഹം താന്‍ അഭിനയിച്ച എല്ലാ സിനിമകളില്‍ നിന്നും പഠിച്ചെടുത്തിട്ടുള്ളത്. അതാണല്ലോ പുള്ളിക്കാരന് കൂടുതല്‍ താല്‍പ്പര്യവും. എവിടെയും അസിസ്റ്റന്‍റ് ആയി വര്‍ക്ക് ചെയ്തില്ലെങ്കിലും ലെന്‍സിംഗ്, ക്യാമറ തുടങ്ങിയ എല്ലാ ടെക്നോളജിയിലും അദ്ദേഹത്തിന് ഇതിനോടകം വലിയ ധാരണ നേടിയെടുക്കാന്‍ സാധിച്ചിട്ടുണ്ട് എന്നാണ് ഞാന്‍ മനസ്സിലാക്കിയിട്ടുള്ളത്. പക്ഷേ ഒരു കലാരൂപത്തെ അദ്ദേഹം എത്രത്തോളം ആഴത്തില്‍ മനസ്സിലാക്കിയിട്ടുണ്ട് എന്നത് സംശയമാണ്. ഓരോരുത്തര്‍ക്കും ഓരോ താല്‍പ്പര്യം ആണല്ലോ. ഈ കഥാപാത്രത്തിനുവേണ്ടി തയ്യാറാവുന്ന സമയം ഒക്കെ വലിയ ക്ഷമയോടെ കാത്തിരിക്കാന്‍ പൃഥ്വി എന്ന നടനുണ്ട്. പുതിയ തലമുറയില്‍ ഉള്ള ആക്ടേഴ്സ് ഒക്കെ മെയ്ക്ക് അപ്പ് ചെയ്യുന്ന സമയത്ത് മുഴുവന്‍ സമയവും ഫോണില്‍ നോക്കിയിരിക്കും. എന്നാല്‍ പഴയ നടീനടന്മാര്‍ അങ്ങനെയല്ല. ഇതൊക്കെ തലമുറകളുടെ വ്യത്യാസമാണ്. അത് നമ്മള്‍ക്ക് വിമര്‍ശിക്കാന്‍ കഴിയില്ല.
സ്റ്റണ്ട് രംഗങ്ങള്‍ വളരെ നാച്ചുറല്‍ ആയി ആവിഷ്ക്കരിക്കുന്നതില്‍ മെയ്ക്ക് അപ്പ് ഇന്‍ഡസ്ട്രിക്ക് വലിയ പങ്കുണ്ട്. എന്നൊക്കെ രക്തം ഒഴുകുന്നതുപോലും അത്രയും നാച്ചുറല്‍ ആയി ആണല്ലോ ചെയ്യുന്നത്. അതിനെക്കുറിച്ച് എന്താണ് പറയാനുള്ളത്?
എമ്പുരാന്‍ ഒരു ഓവര്‍ വയലന്‍സ് ഉള്ള സിനിമയല്ല. അത്തരം സിനിമകള്‍ ഒരു ട്രെന്‍ഡ് ആയി മാറരുത് എന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. സിനിമ ഒരിക്കലും വയലന്‍സിനെ പ്രൊമോട്ട് ചെയ്യുന്നില്ല. ഒരാളെ കൊല്ലുന്ന സീനില്‍ അത് എത്ര അപകടകരമായ സീന്‍ ആണെങ്കിലും അത് ഒട്ടും ബുദ്ധിമുട്ട് ഉണ്ടാകാത്ത രീതിക്ക് ആണ് എമ്പുരാനില്‍ അവതരിപ്പിച്ചിട്ടുള്ളത്. എയ്സ്തറ്റിക് ആയി അത് ചെയ്യാന്‍ മാക്സിമം ശ്രമിച്ചിട്ടുണ്ട്.
സാനിയയില്‍ ആയാലും മഞ്ജുവാര്യരില്‍ ആയാലും അഞ്ചുവര്‍ഷത്തെ മാറ്റങ്ങള്‍ കൊണ്ടുവരണമല്ലോ. അതിനുകിട്ടിയ നിര്‍ദ്ദേശങ്ങള്‍ എന്തൊക്കെ ആയിരുന്നു?
മഞ്ജുചേച്ചിക്ക് വില്ലന്‍ സിനിമയിലെ കഥാപാത്രവുമായി സാമ്യം തോന്നിക്കുന്ന പോലെയുള്ള മെയ്ക്ക് അപ്പ് വേണം എന്നാണ് പറഞ്ഞത്. അതില്‍ വളരെ സിംപിള്‍ ആയിരുന്നുവല്ലോ. അതില്‍ മെയ്ക്ക് അപ്പ് ചെയ്തിട്ടില്ല എന്ന് തോന്നിക്കുന്ന രീതിയിലാണ് ചെയ്തത്. പിന്നെ സാനിയയ്ക്ക് ആണെങ്കിലും അഞ്ചുവര്‍ഷത്തെ ഇടവേളയുടെ എല്ലാ മാറ്റങ്ങളും കൊണ്ടുവരണം. ഒരു മെയ്ക്ക് അപ്പ് ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ അതെല്ലാം കൊണ്ടുവരിക എന്നത് ശ്രമകരമല്ല.
അപ്പൂസ് കെ.എസ്