കുക്കിംഗ് കൈത്തൊഴിലാണെന്ന് പറഞ്ഞുവല്ലോ. എങ്ങനെയാണ് പാചകം പഠിക്കുന്നത്?
എന്‍റെ അച്ഛന് എറണാകുളത്ത് ഒരു റെസ്റ്റോറന്‍റ് ഉണ്ടായിരുന്നു. അവിടെ നിന്നാണ് ഓരോന്നോരോന്നായി പഠിച്ചത്. ആദ്യം ചപ്പാത്തി പരത്താനും ഉണ്ടാക്കാനും പഠിച്ചു. അതിനുശേഷം പൊറോട്ട. ഇപ്പോള്‍ എനിക്ക് 10 കിലോഗ്രാം ബിരിയാണി സ്വന്തമായി ഉണ്ടാക്കാനറിയാം.
പഠിക്കുന്ന സമയത്താണ് സിനിമയില്‍ വരുന്നത്. പഠനകാലം ഒഴിവാക്കിയതില്‍ എന്തെങ്കിലും വിഷമം തോന്നിയിട്ടുണ്ടോ?
ഞാന്‍ ഡിഗ്രി പൂര്‍ത്തിയാക്കിയിട്ടാണ് സിനിമയിലേക്ക് തിരിഞ്ഞത്. അതുകൊണ്ട് പഠനകാലം നഷ്ടമായിട്ടൊന്നുമില്ല. പിന്നെ ഒരു അഭിനേതാവിന് നല്ല വിദ്യാഭ്യാസം ഉണ്ടായിരിക്കണം എന്നുതന്നെയാണ് എന്‍റെ പക്ഷം. ഇപ്പോള്‍ വരുന്ന അഭിനേതാക്കള്‍ക്കൊക്കെ നല്ല വിദ്യാഭ്യാസം ഉണ്ട്.
ഇപ്പോള്‍ സ്വന്തമായൊരു റെസ്റ്റോറന്‍റ് നടത്തുന്നു. അതിനെപ്പറ്റി...?
ആന്ധ്ര മീല്‍സ് കൊടുക്കുന്ന തന്തൂര്‍ എന്നാണ് റെസ്റ്റോറന്‍റിന്‍റെ പേര്. ഒരുപാട് ആന്ധ്രക്കാര്‍ വന്ന് ഭക്ഷണം കഴിക്കാറുണ്ട്. ഒരു ബിസിനസുകാരനെന്ന നിലയില്‍ തലയുയര്‍ത്തി നില്‍ക്കാനാവുന്നുണ്ട്. ഒരുപാടാളുകള്‍ക്ക് ജോലി കൊടുത്തു. അനേകം പേര്‍ക്ക് ഭക്ഷണം കൊടുക്കുന്നു. ഇതെല്ലാം സന്തോഷം തരുന്ന കാര്യങ്ങള്‍ തന്നെ.
ഒരു റെസ്റ്റോറന്‍റ് നിലനിര്‍ത്തുന്നതില്‍ എന്തെങ്കിലും ബുദ്ധിമുട്ടുകളുണ്ടായിട്ടുണ്ടോ?
വലിയ ബുദ്ധിമുട്ടാണ്. ഒരു ഹോട്ടല്‍ തുടങ്ങാനിത്ര പണിയില്ല. പക്ഷേ ജനങ്ങളുടെ വിശ്വാസം ആര്‍ജ്ജിച്ച് അത് നിലനിര്‍ത്തിക്കൊണ്ട് പോകണമെങ്കില്‍ നല്ല പണിയുണ്ട്.
വിജയ്യുടെ കൂടെ ഷാജഹാനില്‍ ചെയ്ത വേഷം...?
മലയാളത്തില്‍ അത്ര തെളിച്ചമില്ലാത്ത കാലത്തായിരുന്നു ഷാജഹാനിലേക്ക് വിളിവരുന്നത്. വിജയ്യുടെ ഒപ്പം വിജയ്യേക്കാള്‍ ഒട്ടും മോശമല്ലാത്ത കഥാപാത്രം. അതായിരുന്നു അവര്‍ക്ക് വേണ്ടത്. പടം വന്‍ഹിറ്റായി. അതോടുകൂടി എന്‍റെ ഗ്രാഫും വളരുമെന്നാണ് ഞാന്‍ പ്രതീക്ഷിച്ചത്. പക്ഷേ അതൊന്നും സംഭവിച്ചില്ല.
കുടുംബം?
ഭാര്യ ശിഖ. അഡ്വക്കേറ്റാണ്. മകന്‍ ശിവന്‍, മകള്‍ ഗൗരി. ഭാര്യയും നല്ലൊര കലാകാരിയാണ്. തബല വായിക്കും.
ഒരു സിനിമാക്കാരനായിരുന്നില്ലെങ്കില്‍ ആരാകുമായിരുന്നു?
ഞാന്‍ നന്നായി പഠിച്ച് ഒരു ഷെഫ് ആയിട്ടുണ്ടാകും. വിദേശരാജ്യങ്ങളില്‍ പോയി നിന്നിട്ടുണ്ടാകും. ഇപ്പോഴും സിനിമയാണ് എന്നെ ഈ നാട്ടില്‍ പിടിച്ചുനിര്‍ത്തുന്നത്.