NEWS

സിനിമ പോലൊരു കോമ്പറ്റീഷന്‍ ഉള്ള മാധ്യമത്തില്‍ കഴിഞ്ഞ പതിനഞ്ച് കൊല്ലമായി നിലനില്‍ക്കാനായത് തന്നെ വലിയ വിജയമാണ് -Nandan Unni

News


ഹൈസ്ക്കൂള്‍ മുതല്‍ കോളേജ് വിദ്യാഭ്യാസകാലം വരെ ഏത് അധ്യാപകര്‍ ക്ലാസ്മുറിയില്‍ വന്നു 'ഭാവിയില്‍ ആരാവാനാണ് ആഗ്രഹം' എന്ന് ചോദിച്ചാലും എനിക്ക് ഒറ്റ ഉത്തരമേ ഉണ്ടായിരുന്നുള്ളൂ. സിനിമാ നടന്‍ ആവണം. കാലം എത്ര മാറി മറിഞ്ഞിട്ടും ഒരിക്കല്‍പോലും മാറ്റിപ്പറയാന്‍ തോന്നാതിരുന്ന ആ ആഗ്രഹത്തിന് ഇന്ന് ചിറക് മുളച്ചിരിക്കുകയാണ്. കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി കൊച്ചി പള്ളുരുത്തിക്കാരന്‍ ആയ നന്ദന്‍ ഉണ്ണി ഇന്ന് ഏറെ ആരാധകരുള്ള സിനിമ നടന്‍ ആണ്.

ഴയകാലത്ത്, ഞാന്‍ ആരാധിച്ചിരുന്ന പല നടന്മാരും നന്നായി മിമിക്രി ചെയ്യുന്നവര്‍ ആയിരുന്നു. അതുകൊണ്ടുതന്നെ, മിമിക്രി ആണ് സിനിമയിലേക്കുള്ള ആദ്യപടി എന്ന് ഞാനും വിശ്വസിച്ചിരുന്നു. പല പ്രമുഖരുടെയും ശബ്ദം അനുകരിക്കാന്‍ പഠിച്ചു. സിനിമാ താരങ്ങള്‍ സ്റ്റേജുകളില്‍ സ്കിറ്റ് ചെയ്യുന്നത് കണ്ട് അത്തരം സ്കിറ്റുകള്‍ തട്ടിക്കൂട്ടാനുള്ള ശ്രമങ്ങള്‍ തുടങ്ങി. കലോത്സവങ്ങളില്‍ സ്ഥിരം വിജയിയായി മാറി. ഓരോ പുതിയ മിമിക്രി അഭ്യാസങ്ങള്‍ പഠിച്ചശേഷം പ്രശസ്ത കലാകാരന്‍ ആയ സാജന്‍ പള്ളുരുത്തിയെ പോയി കാണും. കലാഭവനില്‍ ചേരണം എന്നായിരുന്നു ആഗ്രഹം. 

പക്ഷേ പല കാരണങ്ങള്‍ കൊണ്ട് ഇനടന്നില്ല. പിന്നീട് ഞാനും സുഹൃത്തുക്കളും കൂടി ഒരു കോമഡി ട്രൂപ്പ് തുടങ്ങി. ഒരു അമ്പലത്തിലെ ഉത്സവവേദിയില്‍ തുടക്കം കുറിച്ച ആ ട്രൂപ്പ്, ഞങ്ങളുടേതല്ലാത്ത കാരണങ്ങളാല്‍ അതേ പരിപാടിക്ക് ഇടയില്‍വച്ച് തന്നെ നിര്‍ത്തി പിരിച്ചുവിടേണ്ടി വന്നു. അക്കാലത്ത് സിനിമാ കാസ്റ്റിംഗ് കോളുകള്‍ പത്രങ്ങളിലും മാസികകളിലുമായിരുന്നു വരുന്നത്. ഒരിക്കല്‍ പത്രത്തില്‍ കുട്ടികളുടെ സിനിമയിലേക്ക് അഭിനേതാക്കളെ ക്ഷണിക്കുന്നു എന്ന വാര്‍ത്ത കണ്ട് അച്ഛനുമായി തിരുവനന്തപുരത്തേയ്ക്ക് ചെന്നു. സിനിമയില്‍ അഭിനയിക്കണം എങ്കില്‍ 5000 രൂപ അവര്‍ക്ക് നല്‍കണമത്രേ. കയ്യില്‍ പൈസ ഇല്ലാത്ത ആ സാഹചര്യത്തിലും എന്‍റെ ആഗ്രഹത്തിന് വേണ്ടി അച്ഛന്‍ എവിടെനിന്നോ പൈസ ഒപ്പിച്ച് അവര്‍ക്ക ്നല്‍കി. പിന്നീടാണ് അതൊരു വലിയ ചതിവായിരുന്നു എന്ന് തിരിച്ചറിഞ്ഞത്. അതോടെ അത്തരം ഓഡിഷനുകള്‍ക്ക് തല വയ്ക്കുന്ന പരിപാടി നിര്‍ത്തലാക്കി.

നാളുകള്‍ക്കുശേഷം ഞാന്‍ കമ്പ്യൂട്ടര്‍ പഠിച്ചു ഒരു ഓഫീസില്‍ ജോലിക്ക് കയറി. അതിനോടൊപ്പം തന്നെ പല സിനിമകളിലും ജൂനിയര്‍ ആര്‍ട്ടിസ്റ്റ് ആയി പോയിത്തുടങ്ങി. പ്രജ എന്ന സിനിമയിലെ ക്ലൈമാക്സ് ഷൂട്ടിനുവേണ്ടി തലേദിവസം കൂട്ടുകാരുടെ കയ്യില്‍ നിന്ന് വെള്ളഷര്‍ട്ടും മുണ്ടും ഒപ്പിച്ച് ലെ മെറിഡിയന്‍ ഹോട്ടലിന് മുന്‍പില്‍ 2000 ആളുകളില്‍ ഒരാളായി പോയത് ഇപ്പോഴും ഓര്‍മ്മയുണ്ട്. ഷൂട്ട് കഴിയുമ്പോള്‍ നൂറ് രൂപയും, നല്ല ഭക്ഷണവും കിട്ടും. അന്ന് ലാലേട്ടനെ ഒക്കെ അടുത്ത് കണ്ടപ്പോഴുണ്ടായ സന്തോഷം വളരെ വലുതായിരുന്നു. പോകുന്ന വഴി മറ്റേതെങ്കിലും സിനിമാ ഷൂട്ടിംഗ് കണ്ടാല്‍ വണ്ടിനിര്‍ത്തി ഇറങ്ങും. അന്തസ്സായി അവസരം ചോദിക്കും.

ജൂനിയര്‍ ആര്‍ട്ടിസ്റ്റായി പ്പോകുന്ന സിനിമകളുടെ എണ്ണം കൂടിക്കൂടി വന്നപ്പോള്‍ മനസ്സിലായി, ഇതല്ല സിനിമയിലേക്കുള്ള വഴി എന്ന്. അങ്ങനെയാണ് നാടകത്തില്‍ ഒരു കൈ ശ്രമിക്കാം എന്ന് കരുതിയത്. ജോലി കഴിഞ്ഞുള്ള അവധിദിവസങ്ങളില്‍ നാടകം ചെയ്യാന്‍ പോകും. ആദ്യം വൈക്കം തിരുനാള്‍ നാടകഗ്രൂപ്പില്‍ ശ്രീ ജോണ്‍ ടി വേക്കന്‍റെ ശിഷ്യന്‍മാരില്‍ ഒരാളായിരുന്നു ഞാന്‍. പിന്നീട് ചങ്ങമ്പുഴ പാര്‍ക്കില്‍ ലോധര്‍മ്മി എന്ന പേരിലുള്ള ഒരു അമച്വര്‍ നാടകസംഘത്തിന്‍റെ ഭാഗം ആയി. അവിടെ എനിക്കൊപ്പം വിനയ് ഫോര്‍ട്ടും ഉണ്ടായിരുന്നു. ഞങ്ങള്‍ കര്‍ണ്ണഭാരം എന്ന പേരില്‍ ഒരു നാടകം അവതരിപ്പിച്ച് ഒരുപാട് വേദികള്‍ കയ്യടക്കി. നാടകത്തില്‍ നിന്നാണ് അഭിനയത്തിന്‍റെ ബാലപാഠങ്ങള്‍ പഠിച്ചത്.

അവസരങ്ങള്‍ തേടിയുള്ള പത്രവാര്‍ത്തകള്‍ക്കിടയിലാണ് ഒരിക്കല്‍ ദിലീപ് നിര്‍മ്മിക്കുന്ന ചിത്രത്തിലേക്ക് പുതുമുഖങ്ങളെ ക്ഷണിക്കുന്നു എന്ന തലക്കെട്ട് കണ്ണില്‍ ഉടക്കിയത്. ഓഡിഷന് പോയ മൂവായിരം പേരില്‍ നിന്ന് തെരഞ്ഞെടുത്ത 15 പേരില്‍ ഒരാളായി ഞാനും ഉണ്ടായിരുന്നു. ആ സിനിമ ആണ് മലര്‍വാടി ആര്‍ട്സ് ക്ലബ്ബ്. സിനിമയ്ക്കുവേണ്ടി മൂന്ന് ദിവസത്തെ വര്‍ക്ക് ഷോപ്പ് ഉണ്ടായിരുന്നു. ഓഫീസില്‍ കള്ളം പറഞ്ഞാണ് അതിന് പോയത്. പക്ഷേ വര്‍ക്ക് ഷോപ്പിനെകുറിച്ചുള്ള വാര്‍ത്ത ഫോട്ടോസഹിതം പത്രത്തില്‍ വന്നതോടെ ഓഫീസിലുള്ളവര്‍ എന്നെ കയ്യോടെ പൊക്കി. ആദ്യമായി അഭിനയിക്കുന്ന സിനിമ എന്ന നിലയില്‍ മലര്‍വാടി ഏറെ പ്രിയപ്പെട്ടതാണ്. സിനിമയിലേക്കുള്ള ഒഫീഷ്യല്‍ എന്‍ട്രി സമ്മാനിച്ച വിനീത് ശ്രീനിവാസന്‍ ഞങ്ങളുടെ എല്ലാം ഗുരുവായി മാറി.

പിന്നീട് കുറെ സിനിമകളില്‍ ചെറിയ വേഷങ്ങളൊക്കെ ചെയ്തു. എന്നാലും എനിക്കൊരു ബ്രേക്ക് സമ്മാനിച്ചത് വിനീതേട്ടന്‍ തന്നെ നല്‍കിയ തട്ടത്തിന്‍ മറയത്തിലെ ജയില്‍പ്പുള്ളിയുടെ കഥാപാത്രമാണ്. അന്ന് തട്ടത്തിന്‍ മറയത്തുണ്ടാക്കിയ ഓളം വലുതായിരുന്നു. 'ട്വിസ്റ്റ്' എന്നൊരൊറ്റ ഡയലോഗ് എന്‍റെ ജീവിതത്തിലും ട്വിസ്റ്റ് കൊണ്ടുവരികയായിരുന്നു. പിന്നെ ബെസ്റ്റ് ആക്ടര്‍, ഇമ്മാനുവല്‍, 1983, എന്ന് നിന്‍റെ മൊയ്തീന്‍, പാവാട, എബി, തീരം തുടങ്ങി എണ്‍പതോളം സിനിമകളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്തു. നാളുകള്‍ക്ക് ഇപ്പുറം എനിക്ക് നടനെന്ന നിലയില്‍ കരുത്തുനല്‍കിയ സിനിമ ആണ് ആട്ടം. ആഗ്രഹിച്ചതുപോലെ സിനിമയില്‍ നിറഞ്ഞുനില്‍ക്കുന്ന കഥാപാത്രമാണ് എന്‍റേത്. ഇന്ന് ഇന്ത്യയിലെ തന്നെ മികച്ച ചിത്രമായി ദേശീയ അവാര്‍ഡ് നേടി ആട്ടം തലയുയര്‍ത്തി നില്‍ക്കുമ്പോള്‍ അഭിമാനമാണ്. 

ആട്ടം പോലെ ഇനിയും നല്ല സിനിമകളുടെ ഭാഗം ആകണം എന്നതാണ് ലക്ഷ്യം. സിനിമ പോലൊരു കോമ്പറ്റീഷന്‍ ഉള്ള മാധ്യമത്തില്‍ കഴിഞ്ഞ പതിനഞ്ച് കൊല്ലമായി നിലനില്‍ക്കാനായത് തന്നെ വലിയ വിജയമാണ്. എന്നാല്‍ ആഗ്രഹങ്ങള്‍ അവസാനിക്കുന്നില്ലല്ലോ... മനസ്സില്‍ തങ്ങിനില്‍ക്കുന്ന, കരിയറില്‍ നാഴിക ക്കല്ലായി മാറാന്‍ കെല്‍പ്പുള്ള മറ്റ് പല കരുത്തന്‍ കഥാപാത്രങ്ങളെയും പ്രതീക്ഷിച്ചാണ് മുന്നോട്ടുള്ള പ്രയാണങ്ങള്‍... സൂക്ഷ്മദര്‍ശിനി, ബോംബെ പോസിറ്റീവ്, ആനന്ദ് ശ്രീബാല, ഇടുക്കി സംഭവം, അരുണ്‍ വൈഗ സംവിധാനം ചെയ്യുന്ന ഒരു ചിത്രം എന്നിവയാണ് ഇനി ഇറങ്ങാനുള്ള സിനിമകള്‍. കൂടാതെ അടുത്തായി ഒരു തമിഴ് സിനിമയില്‍ അഭിനയിച്ചു. അച്ഛന്‍(ലേറ്റ്) രാധാകൃഷ്ണന്‍, അമ്മ നിര്‍മ്മല, ഭാര്യ ഷൈലജ, മകള്‍ ആരാധ്യ. എന്‍റെ ആഗ്രഹങ്ങള്‍ക്കൊപ്പം കുടുംബവും കൂടെ നില്‍ക്കുന്നതാണ് എന്‍റെ ബലം.

 


LATEST VIDEOS

Interviews