NEWS

പ്രേംനസീറും ഹ്യുണ്ടായി കമ്പനിയും തമ്മിൽ ?

News

എര്‍ടിഗയുടെ സെക്കന്റ് റോയിൽ ക്യാപ്റ്റൻ സീറ്റ് മാത്രം ഉൾപ്പെടുത്തി ഫ്രണ്ട് ലൈറ്റും ഗ്രില്ലും പിൻഭാഗത്തെ ചില എലമെന്റ്സും മാറ്റി എക്സ്.എൽ. സിക്സ് എന്ന് പേരിട്ട് വിറ്റ മാരുതിക്ക് മുന്നിൽ ഹ്യുണ്ടായി ഒന്നുമല്ലെന്നാണ് അക്കൂട്ടര്‍ പറയുന്നത്

തിരുവനന്തപുരം: നിത്യഹരിതനായകൻ പ്രേംനസീറും കൊറിയൻ വാഹനനിര്‍മ്മാതാക്കളായ ഹ്യുണ്ടായി കമ്പനിയും തമ്മില്‍ എന്താ ബന്ധം? ഒറ്റനോട്ടത്തിൽ അലുവയും മത്തിക്കറിയും പോലെ രണ്ടും രണ്ട് ധ്രുവങ്ങളിൽപ്പെടുന്ന സംഗതികളാണെങ്കിലും ന്യൂജെൻ വാഹനടെക്കികൾക്ക് അങ്ങിനെ തറപ്പിച്ച് പറയാൻ സാധിക്കുന്നില്ല. വേഷപ്രച്ഛന്നനാകാൻ കവിളിൽ ഉണക്കമുന്തിരി ഒട്ടിച്ചുവരുന്ന പ്രേംനസീറിന്റെ മുഖമാണ് അവര്‍ ഹ്യൂണ്ടായി കമ്പനിയുടെ കരവിരുതിനോട് ഉപമിക്കുന്നത്. നോര്‍മൽ വേരിയന്റിൽ ഇറക്കുന്ന മോഡലുകൾ ഹിറ്റാകുമ്പോൾ അതിൽ ചെറിയപരിഷ്കാരമൊക്കെ വരുത്തി എൻ ലൈൻ എന്ന ബാഡ്ജിംഗ് കൂടി നൽകി വിലയിൽ ലേശം വര്‍ദ്ധനവ് വരുത്തി വിൽക്കുന്നതാണ് ഹ്യുണ്ടായുടെ ഒരു പൊതുരീതി. ഐ 20 എന്ന സൂപ്പര്‍ഹിറ്റ് മോഡലിൽ പരീക്ഷിച്ച് വിജയം കൈവരിച്ച ഫോര്‍മുല ഇപ്പോൾ ജനപ്രിയ എസ്.യു.വി. ആയ ക്രറ്റയിലും ഹ്യുണ്ടായി പരീക്ഷിച്ചിരിക്കുകയാണ്. അടിസ്ഥാനപരമായി ക്രറ്റയിൽ ഒരു മാറ്റവും കമ്പനി വരുത്തിയിട്ടില്ല. എൻജിൻ സ്പെകും ഇതര ടെക്നിക്കൽ പാരാമീറ്റേഴ്സും എല്ലാം പഴയ ക്രറ്റയുടേത് തന്നെ. വശങ്ങളിലെല്ലാം ലേശം ചുവപ്പിന്റെ അതിപ്രസരം വരുത്തി ഫ്രണ്ട് ഗ്രില്ലിലും ബാക് ബംപറിലും ലേശം സ്പോര്‍ട്ടി ഫീൽ കൊണ്ടുവന്നു. അകത്തേക്ക് കടന്നാൽ സ്റ്റിയറിംഗിലും സീറ്റുകളിലുമെല്ലാം റെഡ് സ്റ്റിച്ചിംഗ് കൊണ്ടുവന്നു. ആകെമൊത്തം ഒരു കാക്കാക്കുളി പോലെ ചില തട്ടിക്കൂട്ട് പരിഷ്കാരങ്ങൾ. പക്ഷേ, വാഹനത്തിന്റെ വിലയിൽ മാത്രം ഒന്നരലക്ഷം രൂപയുടെ വര്‍ദ്ധനവ്. ഇതെങ്ങിനെ സഹിക്കുമെന്നാണ് വാഹനപ്രേമികളായ പാപ്പരാസികൾ ചോദിക്കുന്നത്.

അതേസമയം, ഇത്തരം പരിഷ്കാരം നടത്തുന്ന ആദ്യകമ്പനി ഹ്യുണ്ടായി അല്ലെന്ന് വാദിക്കുന്നവരും സൈബര്‍ സ്പേസിൽ ധാരാളം. അക്കൂട്ടര്‍ ഉന്നയിക്കുന്നത് മാരുതി സുസുക്കിയുടെ കരവിരുതിനെക്കുറിച്ചാണ്. മാന്യമര്യാദിക്ക് വിറ്റുകൊണ്ടിരുന്ന ജനപ്രിയ എം.യു.വി. എര്‍ടിഗയുടെ സെക്കന്റ് റോയിൽ ക്യാപ്റ്റൻ സീറ്റ് മാത്രം ഉൾപ്പെടുത്തി ഫ്രണ്ട് ലൈറ്റും ഗ്രില്ലും പിൻഭാഗത്തെ ചില എലമെന്റ്സും മാറ്റി എക്സ്.എൽ. സിക്സ് എന്ന് പേരിട്ട് വിറ്റ മാരുതിക്ക് മുന്നിൽ ഹ്യുണ്ടായി ഒന്നുമല്ലെന്നാണ് അക്കൂട്ടര്‍ പറയുന്നത്. എന്നാൽ പ്രമുഖ വാഹനനിര്‍മ്മാതാക്കളായ ടാറ്റയുടെ മുന്നിൽ ഇവരൊക്കെ ശിശുക്കളാണെന്ന പക്ഷക്കാരുമുണ്ട്. ഒന്നുപറഞ്ഞ് രണ്ടാമത്തേതിന് ഫേസ് ലിഫ്റ്റ് ഇറക്കി കസ്റ്റമേഴ്സിനെ ആശയക്കുഴപ്പത്തിലാകുന്നതിൽ അഗ്രഗണ്യരാണത്രേ ടാറ്റാ ഗ്രൂപ്പ്. പുത്തൻമോടിയിൽ തങ്ങൾ കൊണ്ടുനടക്കുന്ന വാഹനം ഒന്നോരണ്ടോ കൊല്ലത്തിനുള്ളിൽ ഫേസ് ലിഫ്റ്റിലൂടെയോ ലിമിറ്റഡ് എഡിഷൻ, ബ്ലാക്ക് എഡിഷൻ എന്നിവ ഇറക്കുന്നതിലൂടെയോ ഔട്ട് ഡേറ്റഡ് ആക്കുന്ന ടാറ്റയോട് ദൈവം ചോദിക്കുമെന്നാണ് ചില പാപ്പരാസികളുടെ പരിവേദനം.


LATEST VIDEOS

Exclusive