രജിനികാന്ത് നായകനാകുന്ന, 'ജെയ്ബീം'. എന്ന ചിത്രം സംവിധാനം ചെയ്ത ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന രജനിയുടെ 170-മത്തെ ചിത്രത്തിന്റെ ഷൂട്ടിങ് ഇന്നലെ തിരുവനന്തപുരത്തിൽ തുടങ്ങി തുടർന്ന് നടന്നു കൊണ്ടിരിക്കുകയാണ്. ഈ ചിത്രം നിമ്മിക്കുന്നത് തമിഴിലെ വമ്പൻ ബാനറായ ലൈക്ക പ്രൊഡക്ഷൻസ് ആണ്. ഈ ചിത്രത്തിൽ രജനികാന്തിനൊപ്പം മഞ്ജുവാര്യർ, റിത്തികാ സിംഗ്, തുഷാര വിജയൻ എന്നിവർ അഭിനയിക്കുന്ന വിവരങ്ങൾ ഇന്നലെ അപ്ഡേറ്റ് ചെയ്തിരുന്നു.
അതേ നേരം കുറച്ചു ദിവസങ്ങൾക്കു മുൻപ് ഈ ചിത്രത്തിൽ രജനിക്കൊപ്പം 'ബിഗ് ബി' അമിതാബച്ചനും, മലയാളികളുടെ സ്വന്തം നാടനായ ഫഹദ് ഫാസിലും അഭിനയിക്കാൻ സാധ്യതയുണ്ട് എന്നുള്ള വിവരം നാനയിൽ നൽകിയിരുന്നു. ആ വാർത്തയെ ഇപ്പോൾ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുണ്ട്. അതോടൊപ്പം ഈ ചിത്രത്തിൽ തെലുങ്ക് സിനിമയിലെ പ്രശസ്ത നടനും, 'ബാഹുബലി' എന്ന ചിത്രത്തിൽ ബല്ലാല ദേവനായി വന്നു എല്ലാവരെയും ആകർഷിച്ച റാണ ദുഖ ബാട്ടിയും ഒരു പ്രധാന കഥാപാത്രത്തിൽ അഭിനയിക്കുന്നത് കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനവും ചിത്രത്തിന്റെ അണിയറ പ്രവർത്തകർ നടത്തിയിട്ടുണ്ട്. അങ്ങനെ ഒരു വൻ താരനിരയാണ് ഈ ചിത്രത്തിൽ അണിനിരക്കുന്നത്.
32 വർഷങ്ങൾക്ക് ശേഷം രജനീകാന്തും, അമിതാബച്ചനും വീണ്ടും ഒന്നിക്കുന്ന ചിത്രം എന്ന നിലയിലും, ഒരുപാട് താരങ്ങൾ അണിനിരക്കുന്ന ചിത്രം എന്ന നിലയിലും ഇപ്പോൾതന്നെ ആരാധകരുടെ ഇടയിൽ വൻ പ്രതീക്ഷയാണ് ഈ ചിത്രം ഉണ്ടാക്കിയിരിക്കുന്നത്. അനിരുധ് തന്നെയാണ് ഈ ചിത്രത്തിന്റെയും സംഗീതസംവിധാനം നിർവഹിക്കുന്നത്. 'ജയിലർ' എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനു ശേഷം രജനികാന്ത് അഭിനയിക്കുന്ന ഈ ചിത്രത്തിനെ തുടർന്ന് തമിഴ് സിനിമയിലെ മറ്റൊരു ഹിറ്റ് മേക്കറായ ലോഗേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് രജനി അഭിനയിക്കാൻ ഇരിക്കുന്നത്.