തമിഴ് സിനിമക്ക് ഈ വർഷാരംഭം അത്രക്ക് സുഖമുള്ളതായിരുന്നില്ല. ഈ വർഷത്തെ ആദ്യത്തെ അഞ്ച് മാസം അവസാനിക്കാൻ ഇനി പത്ത് ദിവസങ്ങൾ മാത്രമേയുള്ളൂ. ഈ അഞ്ചു മാസ കാലയളവിൽ 90-ലധികം തമിഴ് സിനിമകൾ പുറത്തിറങ്ങുകയുണ്ടായി. എന്നാൽ അതിൽ ഈയിടെ റിലീസായ 'അരൺമനൈ-4' എന്ന ചിത്രം മാത്രമാണ് ലാഭം നൽകിയതെന്നാണ് കോളിവുഡ് വൃത്തങ്ങൾ പറയുന്നത്. അതേ സമയം 'ബ്രഹ്മയുഗം', 'പ്രേമലു', 'മഞ്ഞുമ്മൽ ബോയ്സ്', 'ആട് ജീവിതം' തുടങ്ങിയ മലയാള സിനിമകൾ തമിഴ്നാട്ടിൽ വമ്പൻ വിജയമായി പണം വാരിക്കൂട്ടുകയും ചെയ്തു. മുൻനിര താരങ്ങളുടെ സിനിമകളില്ലാത്തതാണ് ഈ വർഷം തമിഴ് സിനിമയുടെ തളർച്ചക്ക് കാരണമായത് എന്നാണു തമിഴ് സിനിമാ നിർമ്മാതാക്കൾ പറയുന്നത്. രജനികാന്തിന്റെ 'ലാൽ സലാം' എന്ന ചിത്രം റിലീസായിരുന്നെങ്കിലും ഈ ചിത്രം ബോക്സ് ഓഫീസിൽ വൻ പരാജയമായിരുന്നു. എന്നാൽ ഇക്കാര്യം അടുത്ത് വരുന്ന മാസങ്ങളിൽ പരിഹരിക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് തമിഴ് സിനിമാ ലോകം. അതിന് കാരണം തമിഴിൽ അടുത്തടുത്ത് റിലീസാകാനിരിക്കുന്നത് വമ്പൻ സിനിമകളാണ്. അതിൽ ആദ്യത്തെ ചിത്രം ധനുഷിൻ്റെ 'രായൻ' ആണ്. ഈ ചിത്രം ജൂൺ-13ന് റിലീസാകുമെന്നാണ് റിപ്പോർട്ട്. അടുത്തതായി കമൽഹാസൻ, ശങ്കർ കൂട്ടുകെട്ടിൽ ഒരുങ്ങിവരുന്ന 'ഇന്ത്യൻ-2'. ഈ ചിത്രം ജൂലൈ 12-ന് റിലീസാകുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുണ്ട്. വിജയ്‌യുടെ 'GOAT' സെപ്റ്റംബർ 5-ന് റിലീസാകുമെന്നാണ് റിപ്പോർട്ട്. രജനികാന്ത് നായകനാകുന്ന ‘വേട്ടയ്യൻ’ ഒക്ടോബറിൽ റിലീസാകും. ഈ ചിത്രങ്ങൾ കൂടാതെ, വിക്രമിൻ്റെ 'തങ്ങലാൻ', സൂര്യയുടെ 'കങ്കുവ', ശിവകാർത്തികേയൻ്റെ 'അമരൻ', കാർത്തിയുടെ 'വാ വാത്തിയാരെ', വിജയ് സേതുപതിയുടെ 'മഹാരാജ' തുടങ്ങിയ ചിത്രങ്ങളും ഈ വർഷത്തിൽ റിലീസാകും. ഈ ചിത്രങ്ങളുടെ റിലീസ് തിയ്യതി കുറിച്ചുള്ള പ്രഖ്യാപനങ്ങൾ അടുത്ത് തന്നെ ഉണ്ടാകുമെന്നാണ് പറയപ്പെടുന്നത്. അതുകൊണ്ട് 2024-ൻ്റെ രണ്ടാം പകുതി തമിഴ് സിനിമയെ സംബന്ധിച്ചിടത്തോളം സന്തോഷകരമായ ഒരു കാലഘട്ടമായിരിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.