വെങ്കട്ട്പ്രഭു സംവിധാനം ചെയ്യുന്ന 'GOAT' എന്ന ചിത്രത്തിൽ അഭിനയിക്കുന്ന വിജയ്, ഈ ചിത്രത്തിന് ശേഷം എച്ച്.വിനോദ് സംവിധാനം ചെയ്യുന്ന തൻ്റെ 69-മത്തെ ചിത്രത്തിലാണ് അഭിനയിക്കാൻ പോകുന്നത്. ഈ ചിത്രത്തിൻ്റെ പ്രാരംഭ ജോലികൾ ഇപ്പോൾ നടന്നു വരികയാണ്. ഓഗസ്റ്റ് മുതൽ ചിത്രത്തിൻ്റെ ചിത്രീകരണം ആരംഭിക്കാനാണ് പദ്ധതി. രാഷ്ട്രീയത്തിൽ പ്രവേശിച്ചിരിക്കുന്ന വിജയ്‌യുടെ ഭാവി രാഷ്ട്രീയ നയങ്ങൾ ജനങ്ങളിലെത്തിക്കുന്ന തരത്തിൽ ഈ ചിത്രത്തിൻ്റെ ഇതിവൃത്തം ഉണ്ടായിരിക്കുമെന്നാണ് സൂചന. തൻ്റെ 69-മത്തെ ചിത്രം പൂർത്തിയാക്കിയ ശേഷം സിനിമാഭിനയം നിർത്തി വെച്ച് രാഷ്ട്രീയ രംഗത്തേക്ക് കടക്കുമെന്ന് വിജയ് കുറച്ച് മാസങ്ങൾക്ക് മുമ്പ് പ്രഖ്യാപിച്ചിരുന്നു. അതിനായി വിജയ്, 'തമിഴക വെട്രി കഴകം' എന്ന പാർട്ടിയുടെ പേരും പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തിൽ തൻ്റെ ജന്മദിനമായ ജൂൺ 22ന് മധുരയിൽ പാർട്ടിയെ പ്രതിനിധീകരിച്ച് ആദ്യ മഹാസമ്മേളനം നടത്താൻ വിജയ് തീരുമാനിച്ചിരിക്കുന്നതായുള്ള വാർത്തകളാണ് ഇപ്പോൾ കോളിവുഡിൽ സംസാര വിഷയമായിരിക്കുന്നത്. ഈ മഹാ സമ്മേളനത്തിൽ തമിഴ്‌നാട്ടിലെ എല്ലാ വിജയ് ആരാധകരും വന്ന് പങ്കെടുക്കുമെന്നും പറയപ്പെടുന്നുണ്ട്. 2026-ൽ നടക്കാനിരിക്കുന്ന തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയ്‌യുടെ 'തമിഴക വെട്രി കഴകം' പാർട്ടി തമിഴ്നാട്ടിലുള്ള എല്ലാ മണ്ഡലങ്ങളിലും മത്സരിക്കും. അതിനാൽ വിജയ്‌യുടെ ശക്തിയെ, ജന പിന്തുണയെ തെളിയിക്കുന്ന തരത്തിലായിരിക്കും മഹാ സമ്മേളനം നടക്കുക എന്നാണു പറയപ്പെടുന്നത്.
⁰