താങ്ങളുടെ സിനിമയിലേക്കുളള വരവ് എങ്ങനെയായിരുന്നു ?
വളരെ ചെറുപ്പം മുതലെ എനിക്ക് സിനിമയോട് വലിയ ഒരു അഭിനിവേശം തന്നെയുണ്ടായിരുന്നു. മിക്കവരെയുംപോലെ അഭിനയിക്കാനാണ് ആഗ്രഹിച്ചതും ശ്രമിച്ചതും. സിനിമയിൽ അഭിനയിക്കാനുളള യഥാർത്ഥ വഴികളിലൂടെ സഞ്ചരിക്കാൻ അറിയില്ലായിരുന്നതുകൊണ്ടുതന്നെ വളരെ കുറച്ച് ചിത്രങ്ങളിൽ മാത്രമേ അഭിനയിക്കാൻ കഴിഞ്ഞുളളൂ.
2000 ൽ ഞാൻ, ആർ ഗോപിനാഥ് സാറിന്റെ 'ഏകാകിനി' എന്ന സീരിയലിൽ അസോയിയേറ്റ് ഡയറക്ടറായി ജോയിൻ ചെയ്തു. അത് വലിയൊരു എക്‌സ്പീരിയൻ സായിരുന്നു.
2010 ൽ കോട്ടയത്ത് 'ആത്മാ' (ആർട്ടിസ്റ്റ് അസോസിയേഷൻ ഫോർ തീയേറ്റർ മ്യൂസിക് ആന്റ് ആർട്‌സ്) എന്ന പേരിൽ പുതിയൊരു സംഘടന രൂപീകരിച്ചപ്പോൾ അതിന്റെ സെക്രട്ടറിയാകാൻ കഴിഞ്ഞു. 2015 ആയപ്പോൾ പ്രാദേശിക രാജ്യാന്തര ചലച്ചിത്രമേള ചലച്ചിത്ര അക്കദമിയുമായി ചേർന്ന് ആത്മയുടെ നേതൃത്വത്തിൽ നടത്തുവാൻ കഴിഞ്ഞു.
ആ സമയത്ത് എന്റെ സിനിമാ സ്വപ്നങ്ങൾക്ക് വീണ്ടും ചിറകു മുളച്ചു തുടങ്ങി. സംവിധായകരായ ജയരാജ്, ജോഷി മാത്യു എന്നിവരുടെ സിനിമയിൽ അസോസിയേറ്റ് ഡയറക്ടറായി പ്രവർത്തിക്കുവാൻ എനിക്ക് കഴിഞ്ഞു. ഭയാനകം, അങ്ങ് ദൂരെ ഒരു ദേശത്ത് എന്നീ സിനിമകളായിരുന്നു അത്. പിന്നീട് സ്വന്തമായി ഒരു സിനിമ സംവിധാനം ചെയ്യുന്ന ചിന്ത വന്നപ്പോൾ എന്റെ മനസ്സിലുണ്ടായിരുന്ന ഒരു കഥ ഞാൻ തന്നെ സംവിധാനം ചെയ്തു. അതായിരുന്നു ''മോസ്‌ക്കോ കവല'' എന്ന സിനിമ. നവാഗത സംവിധായകനുളള കേരള ക്രിട്ടിക്‌സ് അസോസിയേഷന്റെ അവാർഡും എനിക്ക് ലഭിച്ചിരുന്നു
.
ഇപ്പോൾ രണ്ടാമത്തെ സിനിമ 'ഒറ്റമരം' റിലീസ് ചെയ്തുവല്ലോ?
'മോസ്‌ക്കോ കവല' എന്ന സിനിമയിൽ ജീവിതത്തിനോട് അടുത്തു നിൽക്കുന്ന കുറെപേരുടെ കഥയാണ് പറഞ്ഞത്. രണ്ടാമത്തെ സിനിമയായ ഒറ്റമരം ചെയ്യുമ്പോൾ ആദ്യ സിനിമയ്ക്കുണ്ടായ കുറവുകൾ പലതും പരിഹരിച്ചു കൊണ്ടാണ് ചെയ്തത്.
ബാബു നമ്പൂതിരി എന്ന നടനെ കേന്ദ്രകഥാപാത്രമാക്കാനുണ്ടായ കാരണം ?
ബാബു നമ്പൂതിരി എന്ന നടൻ എന്റെ ആദ്യ സിനിമയിലും അഭിനയിച്ചിട്ടുണ്ട്. വളരെ കംഫർട്ടബിളായ ഒരാർട്ടിസ്റ്റാണ് അദ്ദേഹം. നല്ല സിനിമയെ പ്രോത്സാഹിപ്പിക്കാൻ മനസ്സുളള ഒരു നടൻ കൂടിയാണ് അദ്ദേഹം. അദ്ദേഹത്തിന്റെ അഭിനയത്തി ലുളള എക്‌സ്പീരിയൻസ് ഒറ്റ മരത്തിലെ രവി എന്ന കഥാപാത്രം ചെയ്യാൻ എനിക്ക് ഏറ്റവും ഗുണകരമായി.
നിർമ്മാണം, ക്യാമറ, മറ്റഭിനേതാക്കൾ എന്നിവരുടെ സഹകരണത്തെക്കുറിച്ച്...?
അമേരിക്കൻ മലയാളിയായ റെജി സഖറിയ സാമ്പത്തികം തന്ന് സഹായിച്ചിട്ടുണ്ട്. ഈ പ്രോജക്ടിന് അത് വളരെ ഗുണം ചെയ്തിരുന്നു. ഈ ചിത്രത്തിന്റെ സ്‌ക്രീനിൽ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് അദ്ദേഹം സന്നിദ്ധ്യം അറിയിച്ചിട്ടുമുണ്ട്. പിന്നെ രാജേഷ് പീറ്ററിന്റെ ക്യാമറ വർക്കിനെക്കുറിച്ച് പ്രേക്ഷകരെല്ലാം നല്ല അഭിപ്രായം പറയുന്നുണ്ട്.
പുതിയ പ്രോജക്ടിനെ ക്കുറിച്ച് ?
അടുത്ത പ്രൊജക്ട് ജനുവരിയിൽ ആരംഭിക്കുന്ന രീതിയിൽ എഴുത്ത് ജോലികൾ നടന്നു വരികയാണ്. വ്യത്യസ്തമായ ഒരു സബ്ജക്ടാണത്. മനുഷ്യ ജീവിതവുമായി ബന്ധപ്പെട്ടു നിൽക്കുന്ന കഥയാണ്
ജി.കൃഷ്ണൻ.