NEWS

ചിന്തയുടെയും ഭാവനയുടെയും അക്ഷരലോകത്തേയ്ക്ക് മലയാളിയെ കൂട്ടിക്കൊണ്ടുപോയ പത്രാധിപർ ആർ. കൃഷ്ണസ്വാമിയുടെ ജന്മശതാബ്ദി

News

പ്രസിദ്ധീകരണരംഗത്ത് ശ്രദ്ധേയവും വേറിട്ടതുമായ പന്ഥാവിലൂടെ സഞ്ചരിക്കുകയും മലയാള ഭാഷയ്ക്കും സാഹിത്യത്തിനും തുല്യപ്രാധാന്യത്തോടെ സവിശേഷ സംഭാവന നൽകുകയും ചെയ്ത ശ്രേഷ്ഠവ്യക്തിത്വത്തിനുടമയാണ് ആർ. കൃഷ്ണസ്വാമി. വ്യവസായത്തിന്റെ അനവധി വാതിലുകൾ മുന്നിൽ തുറന്നുകിടന്നപ്പോഴും മറ്റുള്ളവർ വിജയപ്രതീക്ഷയെപ്പറ്റി സംശയത്തോട വീക്ഷിച്ചിരുന്ന ചിന്തയുടെയും ഭാവനയുടെയും അക്ഷരലോകത്തേയ്ക്ക് മലയാളിയെ കൂട്ടിക്കൊണ്ടുപോവുകയും ധന്യമാക്കുകയും ചെയ്ത വിവിധ സ്വഭാവമുൾക്കൊള്ളുന്ന പ്രസിദ്ധീകരണ ശൃംഖലയ്ക്ക് നാന്ദികുറിച്ച പത്രാധിപരാണ് അദ്ദേഹം. മലയാളത്തിെല മികച്ച സാഹിത്യകാരന്മാരുമായും രാഷ്ട്രീയ പ്രവർത്തകരുമായും സിനിമാരംഗെത്ത പ്രതിഭകളുമായുള്ള ഇഷ്ടവും നിത്യചങ്ങാത്തവും പല സന്ദർഭത്തിൽ അദ്ദേഹം നേതൃത്വം നൽകിയ പ്രസിദ്ധീകരണങ്ങൾക്ക് സഹായകമായതുപോലെതന്നെ അവരുടെ അമൂല്യമായ സർഗ്ഗ- പ്രവർത്തനശേഷിയെ സന്ദർഭോചിതമായി കരുത്തുറ്റതാക്കുകയും ചെയ്തിരുന്നു. ആർ. കൃഷ്ണസ്വാമി തുടങ്ങിയ പ്രസിദ്ധീകരണപരമ്പരകളിൽ സിനിമാവാരികയായ നാനയോടൊപ്പം സമകാലിക രാഷ്ട്രീയ സാമൂഹിക പ്രശ്‌നങ്ങൾ ചർച്ച ചെയ്യുന്ന കേരളശബ്ദവും സ്ത്രീകളുടെ ആരോഗ്യവും സൗന്ദര്യബോധം വർദ്ധിപ്പിക്കുന്നതും അവരുടെ നാനാവിധമായ അറിവുകളെ ഉണർത്തുന്നതുമായ മഹിളാരത്‌നവും ഉൾപ്പെടുന്നു എന്നത് പ്രത്യേകം ഓർമ്മിക്കേണ്ടതുണ്ട്. ഈ പ്രസിദ്ധീകരണങ്ങൾ ഇപ്പോഴും മാധ്യമരംഗത്ത് നല്ല തിളക്കത്തോടെ നിലനിൽക്കുന്നു എന്നതാണ് ശ്രദ്ധേയം. അതുപോലെ ആർ.കൃഷ്ണസ്വാമി തുടങ്ങിവച്ച രാധാസ് ആയുർവ്വേദിക് സോപ്പും അതിന്റെ അനുബന്ധ ഉൽപ്പന്നങ്ങളും ഉന്നതനിലവാരത്തിൽ ഇന്നും നിലനിർത്തിക്കൊണ്ടുപോകുന്നതിൽ അനന്തരതലമുറയ്ക്ക് കഴിയുന്നുണ്ട് എന്നത് പ്രശംസനീയമായ കാര്യമാണ്. ഈ സംരംഭത്തിന്റെ സ്ഥാപകനായ ആർ. കൃഷ്ണസ്വാമിയുടെ നൂറാം ജന്മവർഷമാണ് 2023. അദ്ദേഹം ജനിച്ചത് 1923 ഫെബ്രുവരി 12-നാണ്.

മലയാള സിനിമയുടെ ജാതകപ്രസിദ്ധീകരണമെന്ന് വിശേഷിപ്പിക്കാവുന്ന നാന ബാല്യകാലം മുതൽ ഇന്നുവരെ അനസ്യൂതമായി അതിന്റെ ഉയർച്ചതാഴ്ചകൾക്കൊപ്പം സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. നാനയുടെ തുടക്കകാലത്ത് അപൂർവ്വം ചില സിനിമാപ്രസിദ്ധീകരണങ്ങൾ മലയാളത്തിൽ ഉണ്ടായിരുന്നു. അവയ്‌ക്കൊന്നും തന്നെ പ്രേക്ഷകരിലും വായനക്കാരിലും വേണ്ടത്ര ഇടം നേടാൻ കഴിഞ്ഞിരുന്നില്ല. അവയുടെ എല്ലാ ന്യൂനതകളും പരിഹരിച്ച് ഷൂട്ടിംഗ് റിപ്പോർട്ടുകളും താര അഭിമുഖങ്ങളും അണിയറയിലെ പ്രഗത്ഭ വ്യക്തിത്വങ്ങള പരിചയപ്പെടുത്തലും ഉൾപ്പെടെ ഒരു നവഭാവുകത്വത്തോടെ മലയാളസിനിമയ്ക്ക് പുത്തൻ ഉണർവ്വ് നൽകണമെന്ന ആർ. കൃഷ്ണസ്വാമിയുടെ ഉറച്ച തീരുമാനത്തിന്റെ ഫലമാണ് നാന സിനിമാപ്രസിദ്ധീകരണത്തിന്റെ പിറവി. അതിപ്പോൾ അൻപതിൽപ്പരം വർഷം കടന്നിരിക്കുന്നു. സിനിമയുടെ മായികത്തിളക്കത്തിൽ ആകർഷിക്കപ്പെട്ട് ലക്ഷ്യത്തിൽ എത്തിപ്പെടാൻ കഴിയാതെ പിന്നാക്കം തള്ളപ്പെടുന്ന കഴിവുറ്റവരെ മുന്നിലെത്തിക്കാൻ നാനയ്ക്ക് എന്നും കഴിഞ്ഞിരുന്നു. സിനിമയുടെ പരിചിത കാഴ്ചകളിൽ നിന്ന് ഭിന്നമായി വായനക്കാരന്റെ കൗതുകത്തെ വളർത്തി അവരുടെ സങ്കൽപ്പങ്ങളേയും ചിന്തയെയും യാഥാർത്ഥ്യമാക്കുന്ന ധന്യതയ്ക്ക് നിമിത്തമായ നാനയുടെ സ്ഥാപകൻ ആർ. കൃഷ്ണസ്വാമിയുടെ ശ്രേഷ്ഠവ്യക്തിത്വത്തിനും ഓർമ്മകൾക്കും മുമ്പിൽ പ്രണാമം.

 


LATEST VIDEOS

Top News