ലോ ബജറ്റ് സിനിമകളിലെ നായികാപദവിയില്‍ നിന്നും സ്ഥാനക്കയറ്റം കിട്ടിയ ആന്ധ്രാസുന്ദരി താരമായ തേജു അശ്വനിയെ പരിചയപ്പെടാം. ജി.വി. പ്രകാഷ്കുമാറിന്‍റെ ജോഡിയായി 'ബ്ലാക്മെയില്‍' എന്ന സിനിമയില്‍ തേജു നായികയായി. ജനിച്ചതും വളര്‍ന്നതുമൊക്കെ ആന്ധ്രയിലെങ്കിലും താരത്തിന് തമിഴ്ഭാഷ സരളം. കാരണം ഉന്നതവിദ്യാഭ്യാസം ചെന്നൈയിലെ സ്റ്റെല്ലാമേരീസ് കോളേജിലായിരുന്നു എന്നതുതന്നെ. അതുകൊണ്ടുതന്നെ സംഭാഷണവും എളുപ്പമായി.
നിങ്ങളുടെ കുടുംബത്തെക്കുറിച്ച്...?
ഞങ്ങളുടേത് ഒരു കലാകുടുംബമാണ്. അച്ഛന്‍ ഗിറ്റാറിസ്റ്റാണ്. അമ്മ കുച്ചുപ്പുടി ഡാന്‍സര്‍. രണ്ട് മക്കള്‍. മൂത്തത് ചേച്ചി. ഇളയവള്‍ ഞാനും. ചെറുപ്പം മുതലേ ഞാനും ചേച്ചിയും പാട്ടും നൃത്തവും അഭ്യസിച്ചുപോരുന്നു.
സിനിമയിലേയ്ക്ക് എത്തിയത് എങ്ങനെയാണ്...?
കോളേജ് പഠനം കഴിഞ്ഞപ്പോള്‍ ഒരുമാസം പോലും ഞാന്‍ വേസ്റ്റാക്കിയില്ല. സ്വന്തമായി ഒരു കമ്പനി തുടങ്ങി. സ്ക്കൂള്‍, കോളേജ് ഇവന്‍റുകള്‍ക്ക് ഡാന്‍സ് കോറിയോഗ്രാഫറായി പ്രവര്‍ത്തിച്ചു. ഡാന്‍സ് ചെയ്ത് ഇന്‍സ്റ്റായില്‍ തുടര്‍ച്ചയായി പോസ്റ്റുകള്‍ ചെയ്തു. സിനിമാ അവസരം താനേ എന്നെ തേടിയെത്തി.

കൊച്ചുകൊച്ചു പ്രോജക്റ്റുകളിലാണല്ലോ അഭിനയിച്ചത്, വലിയ പ്രോജക്ടില്‍ ഓപ്പണിങ്ങ് കിട്ടിയിരുന്നെങ്കില്‍ ഇന്ന് നിങ്ങള്‍ വലിയ നിലയില്‍ എത്തുമായിരുന്നില്ലേ?
അങ്ങനെയൊന്നും പറയരുത്. എന്നെ തേടി എത്തിയ അവസരങ്ങള്‍ ഞാന്‍ ഉപയോഗിച്ചു. വളരെ സന്തോഷത്തോടെയാണ് ആ പ്രോജക്റ്റുകളില്‍ അഭിനയിച്ചത്. എനിക്ക് തെല്ലും വിഷമമോ സങ്കടമോ ഇല്ല. എന്തു വിധിച്ചിട്ടുണ്ടോ അത് തീര്‍ച്ചയായും നടക്കും എന്ന് വിശ്വസിക്കുന്നവളാണ് ഞാന്‍. ദൈവം വിചാരിച്ചാലേ വലിയ അവസരങ്ങള്‍ തേടിവരികയുള്ളു. അതുപോലെ ദൈവം വിചാരിച്ചാല്‍ ആരുതടഞ്ഞാലും എന്തു തടസ്സമുണ്ടെങ്കിലും തീര്‍ച്ചയായും നല്ലത് നടന്നേ തീരു...'
അപ്പോള്‍ പൂര്‍ണ്ണ ദൈവവിശ്വാസിയാണല്ലേ...?
അതെ. ദൈവത്തില്‍ വിശ്വാസമുണ്ട്. മനുഷ്യരിലും അചഞ്ചലമായ വിശ്വാസമുണ്ട്. നമ്മള്‍ മറ്റുള്ളവര്‍ക്ക് നന്മ ചെയ്താല്‍ നമുക്ക് നല്ലതേ നടക്കൂ. തിന്മ ചെയ്താല്‍ നമുക്കും തിന്മകളേ നടക്കൂ. നമുക്കുണ്ടാവുന്ന എല്ലാ അനുഭവങ്ങള്‍ക്കും കാരണം നമ്മുടെ പ്രവര്‍ത്തി(കര്‍മ്മം)യാണെന്നതില്‍ എനിക്ക് പൂര്‍ണ്ണവിശ്വാസമുണ്ട്.
വീട്ടില്‍ രണ്ടുമക്കളും പെണ്‍കുട്ടികളാണല്ലോ. ഒരു സഹോദരന്‍ ഇല്ലാത്ത കുറവ് എപ്പോഴെങ്കിലും ഫീല്‍ ചെയ്തിട്ടുണ്ടോ..?
ഇല്ല. എന്നാല്‍ അച്ഛനും അമ്മയ്ക്കും വിഷമം ഉണ്ടായിരുന്നു. ഇന്ന് ആ വിഷമം അവര്‍ക്കില്ല. നമുക്കൊരു മകനുണ്ടായിരുന്നെങ്കില്‍ ഭാവിയില്‍ നമ്മളെ സംരക്ഷിക്കും എന്ന് പലപ്പോഴും മാതാപിതാക്കള്‍ പറയാറുണ്ടായിരുന്നു. അത് കേള്‍ക്കുമ്പോള്‍ എനിക്കും ചേച്ചിക്കും ചെറിയ വിഷമം തോന്നും. ചേച്ചി വിവാഹം കഴിച്ച് സെറ്റിലായി. ഞാന്‍ അഭിനയിക്കാനെത്തി. നന്നായി സമ്പാദിക്കുന്നുമുണ്ട്. അച്ഛനേയും അമ്മയേയും ഞാന്‍ നന്നായി സംരക്ഷിക്കും.'
ഒരു ആണ്‍കുട്ടി തന്‍റെ കുടുംബത്തിനുവേണ്ടി എന്തൊക്കെ ചെയ്യുമോ അതൊക്കെ ഇപ്പോള്‍ ഞാന്‍ എന്‍റെ കുടുംബത്തിനായി ചെയ്യുന്നുണ്ട്. നമുക്ക് ആണ്‍കുട്ടിയാണ് ഉണ്ടായിരുന്നതെങ്കില്‍ അവന്‍ പോലും നമ്മളെ ഇങ്ങനെ സംരക്ഷിക്കുമായിരുന്നില്ല എന്ന് അച്ഛന്‍ തന്നെ പറയാന്‍ തുടങ്ങി. മാത്രമല്ല ചെറുപ്പം മുതലേ ബോള്‍ഡായി വളര്‍ന്ന പെണ്‍കുട്ടിയാണ് ഞാന്‍. പിന്നെന്തിന് ആണായി ജനിച്ചില്ലല്ലോ എന്ന് കരുതി വിഷമിക്കണം.
പുതിയ പ്രോജക്റ്റുകള്‍... ഭാവി പ്രോജക്റ്റുകള്‍...?
തമിഴില്‍ 'ബ്ലാക്ക്മെയില്‍' പൂര്‍ത്തിയായി. ഇതിനിടെ തെലുങ്കില്‍ രണ്ടുപടം ചെയ്തു. അതും തൃപ്തിയേകിയ കഥാപാത്രങ്ങള്‍ തന്നെ. നാലഞ്ച് പുതിയ പടങ്ങളുടെ ഓഫറുകള്‍ വന്നിട്ടുണ്ട്.