യോനി പ്രതിഷ്ഠയുള്ള കാമാഖ്യ ക്ഷേത്രത്തിൽ ദർശനം നടത്തിയ നടി തമന്നയുടെ ചിത്രങ്ങൾ സൈബർ ലോകത്ത് വൈറലാകുന്നു. കുടുംബത്തോടൊപ്പമാണ് തെന്നിന്ത്യൻ താരസുന്ദരി കാമാഖ്യ ക്ഷേത്രത്തിൽ ദർശനം നടത്തിയത്. കഴുത്തിൽ പൂമാലയും നെറ്റിയിൽ തിലകവുമണിഞ്ഞ ചിത്രങ്ങളാണ് താരം സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. കുടുംബത്തോടൊപ്പമുള്ള ഭക്തിസാന്ദ്രമായ നിമിഷങ്ങൾ എന്ന കുറിപ്പോടെയാണ് ചിത്രങ്ങൾ പങ്കുവച്ചത്.
യോനിയെ പൂജിക്കുന്ന കാമാഖ്യ ക്ഷേത്രത്തെ രാജ്യത്തെ നാല് പ്രധാനപ്പെട്ട ശക്തി പീഢങ്ങളിൽ ഒന്നായാണ് കണക്കാക്കുന്നത്. ഒരു ചെറിയ ഗുഹയ്ക്കുള്ളിലായി കൽഫലകത്തിൽ കൊത്തിവെച്ചിരിക്കുന്ന ദേവിയുടെ യോനിയാണ് ഇവിടുത്തെ പ്രതിഷ്ഠ. ദക്ഷയാഗസമയത്ത് ജീവത്യാഗം ചെയ്ത സതീദേവിയുടെ ശരീരം മഹാവിഷ്ണുവിന്റെ സുദർശന ചക്രത്തിന്റെ പ്രയോഗത്താൽ 108 കഷണങ്ങളായി ചിതറി. ഇതിൽ യോനീഭാഗം വീണത് ഇവിടെയെന്നാണ് വിശ്വാസം.
ആസാമിലെ ഗുവഹാത്തിയുടെ പടിഞ്ഞാറൻ ഭാഗത്ത് നീലാഞ്ചൽ കുന്നിന് മുകളിലാണ് പ്രശസ്തമായ ഈ ക്ഷേത്രം. എട്ടാം നൂറ്റാണ്ടിൽ പണികഴിപ്പിച്ച ഈ ക്ഷേത്രം പിന്നെ നിരവധി തവണ തകർക്കപ്പെടുകയും പുതുക്കിപ്പണിയുകയുമൊക്കെ ചെയ്തു. പതിനേഴാം നൂറ്റാണ്ടു മുതൽ ദൂരദേശങ്ങളിൽ നിന്നു പോലും ആൾക്കാർ എത്തിത്തുടങ്ങി. ക്ഷേത്രത്തിന്റെ കീർത്തി ലോകമെമ്പോടും മുഴങ്ങിക്കേട്ടു. ഇവിടെ ഉപയോഗിച്ചിട്ടുള്ള വാസ്തു വിദ്യയും പ്രരശംസ പിടിച്ചു പറ്റാറുള്ള ഒന്നാണ്. ക്ഷേത്രത്തിന് മുകളിൽ കാണുന്ന വലിയ താഴികക്കുടമാണ് ഏറ്റവും വലിയ പ്രത്യേകത. പശ്ചാത്തലത്തിൽ നീലാഞ്ചൽ കുന്നും കാണാം. എല്ലാ വർഷവും ജൂണിൽ നടക്കുന്ന അമ്പുബാച്ചി ഉത്സവത്തിനായി ദൂരദേശങ്ങളിൽ നിന്നു പോലും നൂറു കണക്കിന് ആൾക്കാർ എത്താറുണ്ട്. മൂന്നു മുതൽ നാലു ദിവസം വരെ നീണ്ടു നിൽക്കുന്ന ഉത്സവമാണിത്.
കാമാഖ്യ ക്ഷേത്രത്തിലെ പ്രധാന ഉത്സവം അമ്പുബാച്ചി മേളയാണ്. ഈ മേളയിൽ പങ്കെടുക്കുന്നതിന്റെ ഭാഗമായി ഭക്തർ വ്രതം അനുഷ്ഠിക്കുന്നു. കാമഖ്യ രജസ്വലയാകുമെന്ന വിശ്വാസത്തിൽ ക്ഷേത്രത്തിന്റെ വാതിലുകൾ ഈ സമയം അടച്ചിടും. പൂജകളൊന്നും തന്നെ നടക്കാറുമില്ല. അതേ സമയം ക്ഷേത്രത്തിന്റെ പുറത്ത് ആഘോഷങ്ങൾ അരങ്ങേറും. നൂറു കണക്കിന് ഭക്തരാണ് ഈ ആഘോഷത്തിൽ പങ്കുകൊള്ളുന്നത്. വിവിധ ദേശങ്ങളിൽ നിന്ന് ആൾക്കാർ ഒഴുകെയെത്തുന്നു. നാലാം ദിവസം ക്ഷേത്രത്തിന്റെ വാതിലുകൾ വീണ്ടും തുറക്കുന്നു. അപ്പോൾ തന്നെ പതിവ് പൂജകളും ആരംഭിക്കും. ഇനിയും വിചിത്രമായ സംഭവങ്ങളുണ്ട്. പൂജകൾക്കു ശേഷം പൂജാരി നൽകുന്ന ചുവന്ന തുണകളുടെ കഷണങ്ങളുമായി ഭക്തർ ഇവിടെ നിന്ന് മടങ്ങുന്നു. ഈ ചുവന്ന തുണി കാമാഖ്യയുടെ ആർത്തവ രക്തം പുരണ്ടാതാണെന്ന് കരുതപ്പെടുന്നു. ഇത് ഒരു അനുഗ്രഹമായി കണ്ടാണ് ഭക്തർ തുണികളുമായി വീടുകളിലേക്ക് മടങ്ങുന്നത്.