തമിഴിൽ ‘മാനഗരം’ എന്ന ചിത്രം മുഖേന സംവിധായകനായി, പിന്നീട് കാർത്തി നായകനായ ‘കൈതി’, വിജയ് നായകനായ ‘മാസ്റ്റർ’, 'ലിയോ' കമൽഹാസൻ നായകനായ ‘വിക്രം’ എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്ത ലോഗേഷ് കനകരാജ് ഇപ്പോൾ ഒരുക്കി വരുന്ന ചിത്രം രജനികാന്ത് നായകനാകുന്ന 'കൂലി'യാണ്. 'ജയ്ബീം' എന്ന ചിത്രത്തിന് ശേഷം ജ്ഞാനവേൽ സംവിധാനം ചെയ്തിരിക്കുന്ന 'വേട്ടൈയ്യൻ' എന്ന സിനിമയാണ് രജനികാന്ത് നായകനായി അഭിനയിച്ചു അടുത്ത് റിലീസാകാനിരിക്കുന്നത്. ഈ ചിത്രം ഒക്ടോബർ 10-ന് റിലീസാകുമെന്നാണ് റിപ്പോർട്ട്. ഈ സിനിമയ്ക്കു ശേഷം രജിനികാന്തിന്റേതായി റിലീസാകാനിരിക്കുന്ന ചിത്രം ലോഗേഷ് കനകരാജ് സംവിധാനം ചെയ്തു വരുന്ന 'കൂലി'യാണ്. ഇതിൽ രജിനികാന്തിനൊപ്പം ശ്രുതി ഹാസൻ, സത്യരാജ്, നാസർ, അഭിരാമി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഈ ചിത്രത്തിൻ്റെ ഷൂട്ടിംഗ് ഹൈദരാബാദിൽ ആരംഭിച്ചു ഇപ്പോൾ തകൃതിയായി നടന്നു വരികയാണ്. ഈ സാഹചര്യത്തിലാണ് ലോകേഷ് കനകരാജ് അടുത്തതായി ഒരു പാൻ-ഇന്ത്യൻ ചിത്രം സംവിധാനം ചെയ്യാൻ പോകുന്നുവെന്നും, അതിൽ പ്രശസ്ത ബോളിവുഡ് നടനായ ആമിർഖാനാണ് നായകനായി അഭിനിയിക്കുന്നതെന്നും, അത് സംബന്ധമായുള്ള ചർച്ചകൾ നടന്നു വരികയാണെന്നുമുള്ള വാർത്തകൾ പുറത്തുവന്നിരിക്കുന്നത്. ഈ ചിത്രം നിർമ്മിക്കുന്നത് തെലുങ്കിലെ പ്രശസ്ത നിർമ്മാണ കമ്പനിയായ മൈത്രി മൂവി മേക്കേഴ്‌സ്' ആയിരിക്കുമെന്നും റിപ്പോർട്ടുണ്ട്. എന്നാൽ ഇത് സംബന്ധമായുള്ള ഔദ്യോഗിക വാർത്തകൾ ഒന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. അതേ സമയം ലോഗേഷ് കനകരാജ് 'കൂലി'ക്ക് ശേഷം സംവിധാനം ചെയ്യാനിരിക്കുന്ന ചിത്രം 'കൈതി'യുടെ രണ്ടാം ഭാഗമാണ്. അതിനാൽ ആമീർഖാനുമായുള്ള ചിത്രം തീരുമാനമാവുകയാണെങ്കിൽ 'കൈതി' രണ്ടാം ഭാഗത്തിന് ശേഷമായിരിക്കും ഒരുങ്ങുക എന്നും പറയപ്പെടുന്നുണ്ട്. .