NEWS

കല ജീവിതത്തെ അനുകരിക്കുമോ?

News

ധികാരികതയിലും കൃത്യതയിലും ശ്രദ്ധ കേന്ദ്രീകരിച്ച് ചരിത്രങ്ങള്‍, രാഷ്ട്രീയ അഴിമതികള്‍, പ്രണയകഥകള്‍, പ്രകൃതി ദുരന്തങ്ങള്‍, അതിജീവനം തുടങ്ങി യഥാര്‍ത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയ കഥകള്‍ മലയാള സിനിമകളുടെ ഭാഗമായിട്ടുണ്ട്. മികവുറ്റ കഥ പറച്ചിലിലൂടെയും തിരക്കഥയിലെ സൂക്ഷ്മമായ ശ്രദ്ധയിലൂടെയും വളരെക്കാലം പ്രതിധ്വനിക്കുന്ന ആകര്‍ഷകവും ചിന്തോദ്ദീപകവുമായ റിയലിസ്റ്റിക് സിനിമാറ്റിക് അനുഭവം പല ചിത്രങ്ങളിലൂടെയും പ്രേക്ഷകന് മുന്നിലെത്തി. ഭരതന്‍റെ മാളൂട്ടി മുതല്‍ ചിദംബരത്തിന്‍റെ മഞ്ഞുമ്മല്‍ ബോയ്സ് വരെ എടുത്തുപരിശോധിച്ചാല്‍ ഈ സിനിമകള്‍ മനുഷ്യാവസ്ഥയുടെ ഭയം ധൈര്യം പ്രതിരോധം പ്രണയം സന്തോഷം സഹിഷ്ണുത എന്നീ ശക്തമായ ഭാവങ്ങളിലൂടെ നിലകൊള്ളുകയാണ്.

ഹോളിവുഡ് സിനിമകളില്‍ ഒരു കാലത്ത്, 'യഥാര്‍ത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി പുറത്തിറങ്ങുന്ന സിനിമ' എന്ന ടാഗ് ലൈനുകള്‍ സുപരിചിതമായിരുന്നു. ഈ ലൈനുകള്‍ തീര്‍ത്തും ചില പ്രമോഷണല്‍ തന്ത്രങ്ങള്‍ ആണെന്ന് ചിലര്‍ സംശയത്തോടെ സമീപിച്ചിരുന്നു. ഒരുപക്ഷേ ഒരു യഥാര്‍ത്ഥ കഥയെ അടിസ്ഥാനമാക്കിയെന്ന് അവകാശപ്പെടുന്ന സിനിമകളെക്കാള്‍ കൂടുതലായി ആ സിനിമകളൊന്നും അക്കാലത്ത് കാണാന്‍ പ്രേക്ഷകന് സാധിച്ചിട്ടുമില്ല. മലയാള സിനിമയില്‍ തുടക്കകാലം തൊട്ട് യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കിയുള്ള സിനിമകള്‍ വന്നിട്ടുണ്ട്. ചരിത്ര സംഭവങ്ങളിലെ പ്രധാന ഏടുകളായിരുന്നു തിരക്കഥകള്‍ ആയി ജനിച്ചിരുന്നത്.

കല ജീവിതത്തെ അനുകരിക്കുമോ? അതോ ജീവിതം കലയെ അനുകരിക്കുമോ? എന്ന പഴക്കമുള്ള ആ ചോദ്യത്തെക്കുറിച്ച് ഇപ്പോഴും അധികമാരും ചിന്തിക്കുന്നില്ല. ഈ വര്‍ഷത്തെ മലയാള സിനിമകളെ പരിഗണിച്ചാല്‍ യഥാര്‍ത്ഥ കഥകളെ അടിസ്ഥാനമാക്കിയുള്ള ചിത്രങ്ങള്‍ ഹിറ്റ് ലിസ്റ്റില്‍ ഇടം പിടിച്ചവയാണ്. അതോടൊപ്പം ഈ ചിത്രങ്ങളിലൂടെ ജീവിതം കലയെ അനുകരിക്കുകയും ചെയ്തു. ഇത്തരത്തിലുള്ള സിനിമകള്‍ കാണാന്‍ പ്രേക്ഷകന് ഒരാഗ്രഹം കൂടുതലാണ്. യഥാര്‍ത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ളതോ അതില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടതോ ആയ സിനിമകള്‍ വളരെ സാധാരണമായ ഒരു സംഭവം തന്നെയാണ് പറയുന്നത്.

സാധാരണ കഥാതന്തുവില്‍ നിന്നും വ്യത്യസ്തമായി യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയുള്ള സിനിമ കാണാനായിരിക്കും പ്രേക്ഷകന് കൂടുതല്‍ താല്‍പ്പര്യമെന്നാണ് കളക്ഷന്‍ റെക്കോര്‍ഡുകള്‍ പോലും സൂചിപ്പിക്കുന്നത്. ചരിത്രപുരുഷന്മാരെ അടിസ്ഥാനമാക്കിയുള്ള കഥകള്‍, യഥാര്‍ത്ഥ കുറ്റകൃത്യങ്ങള്‍, പ്രമുഖരായ എഴുത്തുകാരുടെയും സംഗീതജ്ഞരുടെയും ജീവിതത്തെ ആസ്പദമാക്കിയുള്ള സിനിമകള്‍ ഇവയൊക്കെ മലയാള സിനിമയുടെ തുടക്കകാലം മുതല്‍തന്നെ പരിചിതമാണ്. അവയൊക്കെ ഇന്ന് കാണുമ്പോഴും വീര്യത്തിന് ഒട്ടും കുറവ് വന്നിട്ടില്ല.
ഹിറ്റ് ചാര്‍ട്ടില്‍ ഇടംപിടിച്ച യഥാര്‍ത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ള ചില 

സിനിമകളെ പരിചയപ്പെടാം...

'ജാനേമന്‍' എന്ന ചിത്രത്തിനുശേഷം ചിദംബരം സംവിധാനം ചെയ്ത 'മഞ്ഞുമ്മല്‍ ബോയ്സ്' യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയുള്ള ഒരു സര്‍വൈവല്‍ ത്രില്ലറാണ്. കൊച്ചിയിലെ മഞ്ഞുമ്മല്‍ എന്ന പ്രദേശത്തുനിന്നും ഒരു സുഹൃത്സംഘം കൊടൈക്കനാലിലേക്ക് യാത്ര പോകുന്നതും പിന്നീടവര്‍ക്ക് അഭിമുഖീകരിക്കേണ്ടിവരുന്ന അപ്രതീക്ഷിത സംഭവങ്ങളുമാണ് ചിത്രത്തിന്‍റെ പ്രമേയം. പ്രേക്ഷകര്‍ക്ക് വ്യത്യസ്തമായ യാത്രാനുഭവത്തോടെ വേറിട്ട കഥാപശ്ചാത്തലവും ചിത്രം സമ്മാനിച്ചിരുന്നു.

കൊടൈക്കനാലിലെ പ്രശസ്തമായ ടൂറിസ്റ്റ് സ്പോട്ടായ ഡെവിള്‍സ് കിച്ചന്‍ അഥവാ ഗുണകേവ്സും അവിടുത്തെ നിഗൂഢതകളുമായിരുന്നു ചിത്രം പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിച്ചത്. ത്രില്ലിംഗ് മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കി മഞ്ഞുമ്മല്‍ ബോയ്സ് പ്രേക്ഷകനെ സീറ്റിന്‍റെ തുമ്പത്താണ് പിടിച്ചിരുത്തിയത്. സ്ക്രീനില്‍ കാണുന്നത് യഥാര്‍ത്ഥത്തില്‍ സംഭവിച്ചതാണെന്ന സത്യവും പ്രേക്ഷകനെ ഒരുപാട് അലട്ടിയിരുന്നു. മലയാളത്തില്‍ പുറത്തിറങ്ങിയ സര്‍വൈവല്‍ ത്രില്ലറുകളുടെ പട്ടികയില്‍ മുന്‍പന്തിയില്‍ ഇടംപിടിക്കാനും ഈ ചിത്രത്തിന് സാധിച്ചു.

മലയാളത്തിന് പുറമെ ഹോളിവുഡ്ഡില്‍ കാസ്റ്റ് എവെ, ദ് റവനന്‍റ്, 127 അവേര്‍സ്, ലൈഫ് ഓഫ് പൈ തുടങ്ങിയ ക്ലാസിക് ചിത്രങ്ങളും ഈ ഗണത്തിന്‍റെ ഉദാഹരണങ്ങളാണ്.
ഇന്‍ഡസ്ട്രി ഹിറ്റായി മാറിയ മറ്റൊരു ചിത്രമാണ് 'ആടുജീവിതം.' പ്രമുഖ ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോര്‍ട്ട് പ്രകാരം ചിത്രം 79 കോടിയാണ് കേരളത്തില്‍ നിന്നും മാത്രം സ്വന്തമാക്കിയിരിക്കുന്നത്. നിലവില്‍ പ്രദര്‍ശനം തുടര്‍ന്ന് ചിത്രം ആഗോളതലത്തില്‍ 150 കോടി ക്ലബ്ബും പിന്നിട്ട് ജൈത്രയാത്ര തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. 

ബെന്യാമിന്‍റെ ആടുജീവിതം എന്ന നോവല്‍ ആസ്പദമാക്കി ബ്ലെസിയാണ് ചലച്ചിത്രമായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തിച്ചത്. നജീബിന്‍റെ പ്രവാസജീവിതത്തിലെ ദുരിതമുഖമാണ് ചിത്രത്തിന് പ്രമേയമായിരിക്കുന്നത്. കഷ്ടതകളില്‍ നിന്ന് രക്ഷപ്പെട്ട് പിറന്ന നാട്ടിലേക്കെത്താന്‍ വെമ്പല്‍ കൊള്ളുന്ന മനുഷ്യന്‍റെ മനസ്സിലെ സങ്കോചങ്ങളാണ് ചിത്രത്തില്‍ ഉടനീളം കാണിച്ചിരിക്കുന്നത്. ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ ജീവചരിത്രം ആസ്പദമാക്കി സംവിധായകന്‍ വിനയന്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ച 'പത്തൊമ്പതാം നൂറ്റാണ്ട്' എന്ന സിനിമയുടെ പ്രഭകള്‍ മായും മുന്‍പേയാണ് അഭ്രപാളിയിലൂടെ നജീബ് എന്ന മനുഷ്യന്‍റെ ജീവിതം സിനിമയിലൂടെ പ്രേക്ഷകര്‍ക്ക് മുന്നില്‍ വീണ്ടും ചര്‍ച്ചയായത്. 

2014 ല്‍ ഇറാഖിലെ തിക്രിത് നഗരത്തില്‍ ഇന്ത്യയിലെ ഒരു കൂട്ടം നേഴ്സുമാര്‍ നേരിട്ട ദുരനുഭവത്തെ വരച്ചുകാട്ടിയ ചിത്രമാണ് 'ടേക്ക് ഓഫ്.' മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത ചിത്രം മലയാളത്തിലെ മികച്ച സര്‍വൈവല്‍  ത്രില്ലറുകളില്‍ ഒന്നാണ്. ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് പാര്‍വ്വതി തിരുവോത്ത് ആയിരുന്നു. കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍, ആസിഫ് അലി തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു.

സമാനഗണത്തില്‍പ്പെടുന്ന സര്‍വൈവല്‍  ത്രില്ലര്‍ വിഭാഗത്തില്‍ പ്രേക്ഷകശ്രദ്ധ നേടിയ മറ്റൊരു മലയാള ചിത്രമാണ് 'ഹെലന്‍.' അന്ന ബെന്‍ ആയിരുന്നു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. 18 ഡിഗ്രി സെല്‍ഷ്യല്‍സില്‍ ഒരു രാത്രി മുഴുവന്‍ ഫ്രീസറില്‍ അകപ്പെട്ട ഹെലന്‍ എന്ന പെണ്‍കുട്ടി അഭിമുഖീകരിച്ച പ്രശ്നങ്ങളും അവളുടെ അതിജീവനവുമായിരുന്നു പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിച്ചത്. യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കി അണിയിച്ചൊരുക്കിയ ചിത്രം മാത്തുക്കുട്ടി സേവ്യറാണ് സംവിധാനം ചെയ്തത്.

അനശ്വര പ്രണയത്തിന്‍റെ കഥപറഞ്ഞ 'എന്ന് നിന്‍റെ മൊയ്തീന്‍' എന്ന ചിത്രവും ഒരു യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കി വെള്ളിത്തിരയില്‍ എത്തിച്ച ഒന്നാണ്. കാഞ്ചനമാലയുടെയും മൊയ്തീന്‍റെയും പ്രണയം പറഞ്ഞ സിനിമ സംവിധാനം ചെയ്തത് ആര്‍.എസ്. വിമല്‍ ആണ്. 1970 കളില്‍ കോഴിക്കോട് വച്ച് ഒരു ബോട്ട് അപകടത്തില്‍ ആയിരുന്നു മൊയ്തീന്‍ മരണപ്പെടുന്നത്. പ്രണയത്തിന്‍റെ പേമാരിയിലും വിരഹത്തിന്‍റെ കുത്തൊഴുക്കിലും സിനിമ കണ്ടിറങ്ങിയ ഓരോ പ്രേക്ഷകനും മനസ്സില്‍ പറഞ്ഞ രണ്ടുപേരായിരുന്നു കാഞ്ചനമാല, മൊയ്തീന്‍ എന്നത്. 

അതിഭാവുകത്വകല്‍പ്പനകള്‍ക്കപ്പുറം ആത്മാര്‍ത്ഥമായ പ്രണയത്തിന്‍റെ ആഴവും പരപ്പും പ്രേക്ഷകനിലേക്ക് എത്തിക്കാന്‍ ചിത്രത്തിലൂടെ സംവിധായകന് സാധിക്കുകയും ചെയ്തു. ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. പൃഥ്വിരാജ് സുകുമാരനും പാര്‍വ്വതി തിരുവോത്തുമാണ്.

വാണിജ്യപരമായ വിജയത്തിനോടൊപ്പം നിരൂപക പ്രശംസ നേടിയ മമ്മൂട്ടി ചിത്രമാണ് 'കണ്ണൂര്‍ സ്ക്വാഡ്.' ഒരു കേസ് അന്വേഷണത്തിന്‍റെ ഭാഗമായി പോലീസ് സംഘം ഇന്ത്യ മൊത്തം നടത്തുന്ന യാത്രയുടെ കഥയാണ് ചിത്രം പ്രേക്ഷകര്‍ക്ക് മുന്നിലെത്തിച്ചത്. യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയത്. നവാഗതനായ റോബി വര്‍ഗ്ഗീസ് രാജ് ആണ് സംവിധാനം നിര്‍വ്വഹിച്ചത്. റോണി ഡേവിഡും റോബിനും ചേര്‍ന്നാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയത്. പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് മലയാളത്തിന്‍റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയാണ്.

കേരളത്തില്‍ ആദ്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ബലാത്സംഗ കേസിനെ ആസ്പദമാക്കി സംവിധായകന്‍ രഞ്ജിത്ത് ഒരുക്കിയ ചിത്രമാണ് 'പാലേരി മാണിക്യം ഒരു പാതിരാകൊലപാതകത്തിന്‍റെ കഥ.' 1950 കളുടെ അവസാനത്തില്‍ കീഴ്ജാതിയില്‍പ്പെട്ട മാണിക്യം എന്ന സ്ത്രീയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവമാണ് ചിത്രത്തിന്‍റെ ഇതിവൃത്തമാക്കിയത്. പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് മമ്മൂട്ടിയാണ്.

2019 ലെ മലയാള ഹിറ്റ് ചിത്രങ്ങളില്‍ ഒന്നാണ് ആഷിക് അബു ഒരുക്കിയ 'വൈറസ്.' 2018 ല്‍ അപ്രതീക്ഷിതമായി കേരളത്തില്‍ ഒരുപാട് പേരുടെ ജീവനെടുത്ത നിപ്പ എന്ന മഹാമാരിയെ കേന്ദ്രീകരിച്ചാണ് ചിത്രം കഥ പറഞ്ഞത്. മലയാള സിനിമയിലെ പ്രമുഖ താരങ്ങള്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി. റിമ കല്ലിങ്കല്‍, സൗബിന്‍ ഷാഹിര്‍, പാര്‍വ്വതി തിരുവോത്ത്, ടൊവിനോ തോമസ്, ദിലീഷ് പോത്തന്‍, രേവതി, കുഞ്ചാക്കോ ബോബന്‍, ഇന്ദ്രജിത്ത് സുകുമാരന്‍, ശ്രീനാഥ് ഭാസി തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായത്.

ഭരതന്‍റെ സംവിധാനത്തില്‍ 1990 കളില്‍ റിലീസായ മലയാളത്തിലെ മികച്ച സര്‍വൈവല്‍  ത്രില്ലറുകളില്‍ ഒന്നാണ് 'മാളൂട്ടി.' ഉര്‍വ്വശിയും ജയറാമും ബേബി ശ്യാമിലിയും ആണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായത്. മറ്റ് സാങ്കേതിക സംവിധാനങ്ങള്‍ ഒന്നുമില്ലാതിരുന്ന അക്കാലത്ത് മലയാളികളുടെ നെഞ്ചിടിപ്പ് കൂട്ടിയ ഏറ്റവും മികച്ച സര്‍വൈവല്‍  ത്രില്ലറുകളില്‍ ഒന്നാണ് ഈ ചിത്രം. മാളൂട്ടി എന്ന കുഞ്ഞുപെണ്‍കുട്ടി പറമ്പിലെ ആഴമുള്ള കുഴിക്കിണറില്‍ വീഴുന്നതും മണിക്കൂറുകള്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിന് ഒടുവില്‍ കുഞ്ഞിനെ രക്ഷപ്പെടുത്തുന്നതുമാണ് ചിത്രത്തിന്‍റെ പ്രമേയം. യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയാണ് ചിത്രം സംവിധായകര്‍ ഒരുക്കിയത്.

 


LATEST VIDEOS

Top News