NEWS

സിനിമയില്‍ എത്തി 25 വര്‍ഷം കഴിഞ്ഞു എന്ന് വിശ്വസിക്കാനാകുന്നില്ല - കൃഷ്ണ

News

25 വര്‍ഷം സിനിമയില്‍ തികച്ചിരിക്കുന്നു. പ്രേക്ഷകര്‍ ഇപ്പോഴും താങ്കളെ ഒരു യുവനടന്‍ എന്ന രീതിയില്‍ തന്നെയാണ് കണക്കാക്കുന്നത്. അതെന്താവും കാരണം?

വളരെ കുറച്ച് സിനിമകളെ ചെയ്തിട്ടുള്ളൂ. ജനങ്ങളുടെ മനസ്സില്‍ എന്നും നിലനില്‍ക്കുന്ന വേഷങ്ങള്‍ ചെയ്തത് കൊണ്ടായിരിക്കണം അവര്‍ എപ്പോഴും എന്നെ ഓര്‍മ്മിക്കുന്നത്. 25 വര്‍ഷം കഴിഞ്ഞുവെന്ന കാര്യം വിശ്വസിക്കാനാവുന്നില്ല.

ഒരു പക്കാ സിനിമാകുടുംബത്തില്‍ ജനിച്ച വ്യക്തിയാണ് എന്നിട്ടും?

ഞാനും ഒരു പക്കാ സിനിമാകുടുംബക്കാരനാണ്. ലളിത പത്മിനി രാഗിണിമാരുടെ കൊച്ചുമകന്‍ എന്ന പേര് എപ്പോഴുമുണ്ട്. ശോഭനച്ചേച്ചിയോടാണ് ഞാനേറ്റവും കൂട്ട്.

സിനിമാകുടുംബത്തിലായതുകൊണ്ട് സിനിമതന്നെയാണ് ജീവിതം എന്നുറപ്പിച്ചിരുന്നോ?
ഫാസിലിന്‍റെ 'നോക്കെത്താദൂരത്ത് കണ്ണുംനട്ട്' എന്ന സിനിമയില്‍ ചെറിയൊരു റോള്‍ ചെയ്തിരുന്നു. ഒരു ചൈല്‍ഡ് ആര്‍ട്ടിസ്റ്റ് ആയിട്ടായിരുന്നു. പിന്നെ ശോഭനച്ചേച്ചിയുടെ കൂടെ മണിച്ചിത്രത്താഴിന്‍റെ സെറ്റിലും പോയിട്ടുണ്ട്. അവിടന്നൊക്കെയാവണം എനിക്ക് സിനിമയോട് ഇഷ്ടം തുടങ്ങുന്നത്. ആ ഇഷ്ടം വളര്‍ന്നു. പിന്നെ ഓഡിഷനുകള്‍ അറ്റന്‍ഡ് ചെയ്തു. അങ്ങനെ'ഷാജഹാന്‍' സംഭവിച്ചു.

വളരെ ചെറിയ പ്രായത്തില്‍തന്നെ നായകനായി...?

അതാലോചിക്കുമ്പോള്‍ വിഷമം തോന്നും. ഒരു പക്വതയൊക്കെയായിട്ട് സിനിമയിലേക്ക് വന്നാല്‍ മതിയായിരുന്നുവെന്ന് തോന്നും. എനിക്ക് സിനിമകളുടെ എണ്ണം കുറഞ്ഞത് അതുകൊണ്ടായിരിക്കുമെന്ന് ഞാന്‍ പലപ്പോഴും ആലോചിക്കാറുണ്ട്.

ഇതിനിടയില്‍ ഒരുപാട് സംവിധായകരുടെ കൂടെ ജോലി ചെയ്യാന്‍ പറ്റിയല്ലോ...?

അതെ. കമല്‍, ജോഷി, വിനയന്‍ ഇങ്ങനെ ഒരുപാട് സംവിധായകര്‍ എന്നെ സഹായിച്ചിട്ടുണ്ട്. സിനിമകളില്ലാതിരുന്ന കാലത്ത് എനിക്ക് വേഷങ്ങള്‍ തന്നത് വിനയന്‍ സാറാണ്. എന്നെ സിനിമയിലേക്ക് പരുവപ്പെടുത്തിയത് അദ്ദേഹമാണെന്ന് പറയാം. നമ്മള്‍ അവസരങ്ങള്‍ തേടിച്ചെല്ലുമ്പോള്‍ ചില സംവിധായകര്‍ നമ്മളില്‍ നിന്നും മനഃപൂര്‍വ്വം മാറിനില്‍ക്കാറുണ്ട്. ചില അഭിനേതാക്കളും അങ്ങനെത്തന്നെ.

ഈ സമയം കൊണ്ട് ജീവിതത്തില്‍ പഠിച്ച പാഠങ്ങള്‍...?

സിനിമയില്ലാതിരുന്ന സമയത്ത് ഞാന്‍ ബാഗുമെടുത്ത് ഡെല്‍ഹിക്ക് വിട്ടു. അന്നെനിക്ക് ഹിന്ദി അറിയില്ലായിരുന്നു. അവിടെച്ചെന്ന് ഒരു ഹോട്ടലില്‍ ഹെല്‍പ്പര്‍ ജോലിക്ക് കയറി. അവിടെ നിന്നാണ് ഞാന്‍ ജീവിതം പഠിക്കുന്നത്. ഇവിടെ നിന്നും പോകുമ്പോള്‍ ഞാന്‍ വളരെ വീക്കായിരുന്നു. പക്ഷേ ഭാഷ പോലുമറിയാതെയുള്ള ഡെല്‍ഹി ജീവിതം എന്നെ കരുത്തനാക്കി.

 


LATEST VIDEOS

Interviews