NEWS

വണ്ടിഭ്രാന്തും സിനിമയും -അര്‍ജ്ജുന്‍ അശോകന്‍

News

 

വണ്ടി, സിനിമ, സൗഹൃദം, കുടുംബം എന്നിങ്ങനെ ജീവിതത്തിലെ പടിപടിയായുള്ള വളര്‍ച്ചയെക്കുറിച്ച് അര്‍ജ്ജുന്‍ അശോകന്‍ 'നാന'യോട് മനസ്സ് തുറക്കുന്നു...

അര്‍ജ്ജുനന്‍റെ ഭാര്യ നിഖിത ജീവിതത്തില്‍ എത്രമാത്രം സപ്പോര്‍ട്ട് ആണെന്ന് അര്‍ജുന്‍ മുന്നേ ഇന്‍റര്‍വ്യൂകളില്‍ പറഞ്ഞിട്ടുണ്ട്. അര്‍ജുന്‍ അശോകന്‍റെ ജിവിതത്തില്‍ മറക്കാന്‍ പറ്റാത്ത ഒരു ദിവസമായിരിക്കും അല്ലേ 2010 മാര്‍ച്ച് 7? 

അതെ.  എനിക്ക് അവളോട് അങ്ങോട്ട് പ്രേമം ഉണ്ടായിരുന്നു. പക്ഷേ ഞാന്‍ ആ ദിവസം പ്രൊപ്പോസ് ചെയ്യുമെന്ന് മുന്നേ പ്ലാന്‍ ചെയ്തിരുന്നില്ല. എന്‍റെ ഒരു സുഹൃത്ത് വിളിച്ച് എന്നോട് പറഞ്ഞു, എടാ നിഖിതയ്ക്ക് നിന്നോട് ഇഷ്ടമുണ്ട് എന്ന്. അന്ന് ഞാന്‍ പ്ലസ് വണ്‍ എക്സാം കഴിഞ്ഞ് നില്‍ക്കുകയാണ്. ഞാന്‍ അവളുടെ അടുത്ത് പോയി പ്രൊപ്പോസ് ചെയ്തു. പിന്നെ എല്ലാം ഒക്കെയായി. കാര്യങ്ങളെല്ലാം സെറ്റായി. പിന്നീട് ഞങ്ങള്‍ എട്ടുവര്‍ഷം പ്രേമിച്ചു. അതിനുശേഷമാണ് വിവാഹം കഴിച്ചത്.

ഈ എട്ടുവര്‍ഷത്തെ ദാമ്പത്യം എങ്ങനെയാണ് അര്‍ജുന്‍റെ ജീവിതത്തെ മാറ്റിയത്?

എനിക്ക് ബാംഗ്ലൂര്‍ പഠിക്കാന്‍ പോവാന്‍ ആഗ്രഹമുണ്ടായിരുന്നു. പക്ഷേ അത് ചെയ്യാതിരുന്നതിന് രണ്ട് കാരണങ്ങളുണ്ടായിരുന്നു. അതിലൊന്ന് വീട്ടില്‍ അത്രയും പൈസയുണ്ടായിരുന്നില്ല എന്നതും രണ്ടാമത്തെ കാര്യം അവളെ പിരിഞ്ഞിരിക്കാന്‍ കഴിയില്ല എന്നുള്ളതും.

പറവ എന്ന സിനിമയാണ് അര്‍ജുന്‍റെ തലവര മാറ്റിയത് എന്ന് പറയാനാകുമോ?

എനിക്കിപ്പോഴും പറവയുടെ കാസ്റ്റിംഗ് കോളിന്‍റെ പോസ്റ്റര്‍ കണ്ടത് ഓര്‍മ്മയുണ്ട്. അതുകണ്ടിട്ട് അച്ഛന്‍ സൗബിന്‍ ഇക്കയെ വിളിക്കുകയായിരുന്നു. ഇതിനുമുന്‍പ് എന്നെ സൗബിക്ക എറണാകുളത്ത് തന്നെ പല സ്ഥലത്ത് വച്ച് കണ്ടിട്ടുണ്ട്. ഞാന്‍ അദ്ദേഹത്തെ അങ്ങോട്ട് പോയി സംസാരിക്കാറുമുണ്ടായിരുന്നു. അച്ഛന്‍ സൗബിക്കയുടെ കൂടെ മുന്നേ വര്‍ക്ക് ചെയ്തിട്ടുണ്ടല്ലോ. അങ്ങനെ അച്ഛന്‍ എനിക്ക് എന്തെങ്കിലും അവസരത്തിനുവേണ്ടി ആണ് അദ്ദേഹത്തെ വിളിക്കുന്നത്. അങ്ങനെയാണെങ്കില്‍ അന്ന് കാണാന്‍ പറയൂ എന്നാണ് അച്ഛന്‍ പറഞ്ഞത്. അദ്ദേഹം എന്നെ വിശ്വസിച്ചു. പറവ ഇപ്പോഴും പാക്ക് അപ്പ് ആയിട്ടില്ല എന്നാണ് എനിക്ക് തോന്നാറുള്ളത്. എനിക്ക് നല്ല രാശിയുള്ള ഒരു സിനിമ കൂടിയായിരുന്നു പറവ. അതിനുശേഷം ആണ് എനിക്ക് ഉണ്ടയിലേക്കും ട്രാന്‍സിലേക്കും ഒക്കെ വിളിവരുന്നത്. പറവയില്‍ നിന്ന് തുടങ്ങിയ ഒരു ഓട്ടമാണ് എന്‍റേത്.

കൊച്ചി പനമ്പിള്ളി നഗറില്‍ ഉള്ള കാര്‍ബാത്ത് എന്ന കാര്‍ വാഷിംഗ് സെന്‍റര്‍ തുടങ്ങുന്നതിലേക്കുള്ള ആലോചന എന്തായിരുന്നു?

എനിക്ക് ആ ഒരു സംരംഭം തുടങ്ങാനുള്ള പൈസ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നുള്ളതാണ്. വലുതിലേക്ക് പോകാനുള്ള പണം ഇല്ലായിരുന്നു. പിന്നെ എനിക്ക് കാറുകളോട് ഭയങ്കര താല്‍പ്പര്യമാണ്. അങ്ങനെതുടങ്ങിയ ഒരു സംരംഭമാണത്. സിനിമയിലേക്ക് പോകുന്നതിന് മുന്‍പേ എനിക്ക് സാമ്പത്തികമായി ചെറിയൊരു ബാക്കപ്പ് എങ്കിലും വേണം എന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു. സത്യം പറഞ്ഞാല്‍ അതൊരു രാശി ആയിരുന്നു. അതിനുശേഷം ആണല്ലോ എനിക്ക് സിനിമകള്‍ കിട്ടിത്തുടങ്ങിയത്.

വണ്ടികളോടുള്ള ഇഷ്ടം ചെറുപ്പം മുതലേ തുടങ്ങിയതാണോ?

അതെ. എനിക്ക് ചെറുപ്പം മുതല്‍ ഈ പറഞ്ഞ വണ്ടിപ്രാന്ത് ഉണ്ട്. ആദ്യം എന്‍റെ കയ്യില്‍ ഉണ്ടായിരുന്ന കാര്‍ ആള്‍ട്ടോ ആണ്. അതുപോലെ മിനികൂപ്പര്‍ എന്‍റെ ഡ്രീം കാറാണ്.

മകള്‍ ജനിച്ച ദിവസത്തെ എങ്ങനെയാണ് അര്‍ജുന്‍ ഓര്‍മ്മിക്കുന്നത്?

2020 നവംബര്‍ 25 നാണ് മകള്‍ ജനിക്കുന്നത്. നിഖിത ഗര്‍ഭിണിയാണ് എന്ന് അറിഞ്ഞപ്പോള്‍ തന്നെ എന്‍റെ കിളിയൊക്കെ പോയിരുന്നു. പക്ഷേ അതിനുശേഷം അതൊരു നല്ല ഫീല്‍ ആയിരുന്നു. പിന്നീട് മകള്‍ അച്ഛാ എന്ന് വിളിച്ചുതുടങ്ങിയ മൊമെന്‍റ് തൊട്ടാണ് ഞാന്‍ അച്ഛനായി എന്നുള്ള ഒരു യാഥാര്‍ത്ഥ്യം ആക്സപ്റ്റ് ചെയ്യുന്നത്. അച്ഛനായതിനുശേഷം എനിക്ക് മാറ്റങ്ങള്‍ ഉണ്ടോ എന്ന് ചോദിച്ചാല്‍ ഇല്ല എന്നായിരിക്കും ഉത്തരം. ഞാന്‍ ഷൂട്ടൊക്കെ ചെയ്ത് നടക്കുമ്പോള്‍ ഫാമിലിയിലെ മൊത്തം കാര്യങ്ങളും നോക്കുന്നത് അവള്‍ തന്നെയാണ്. എന്നാലും വീഡിയോകളില്‍ രണ്ടുപേരോടും സംസാരിക്കാറുണ്ട്.

അര്‍ജുന്‍ അഭിനയിച്ച കഥാപാത്രങ്ങളില്‍ ഏറ്റവും കിക്ക് തന്നിട്ടുള്ള ഒരു കഥാപാത്രം ഏതാണ്?

അത് ഭ്രമയുഗത്തിലെ കഥാപാത്രം തന്നെയാണ്. ഞാന്‍ വളരെ അധികം ഇഷ്ടപ്പെട്ട് ചെയ്ത ഒരു കഥാപാത്രമാണത്. ചാത്തനായി അഭിനയിച്ച ആ ദിവസം എനിക്ക് ഉറങ്ങാന്‍ തന്നെ കഴിഞ്ഞില്ല. ആ ഒരു പീരിയഡിലാണ് ഞാന്‍ മദ്യപാനം ഒക്കെ പൂര്‍ണ്ണമായും ഒഴിവാക്കിയത്. പക്ഷേ വളരെ ബുദ്ധിമുട്ടി അഭിനയിച്ച ഒരു സിനിമ ആയിരുന്നില്ല ഭ്രമയുഗം.

ഇതുവരെയുള്ള അഭിനയജീവിതത്തില്‍ ആക്ടിംഗ് സൈഡ് ഏത് ഭാഗത്താണ് അര്‍ജുന് ഒരു ഇംപ്രൂവ്മെന്‍റ് വേണമെന്ന് തോന്നിയിട്ടുള്ളത്?

അത് ഫൈറ്റിംഗ് തന്നെയാണ്. പറയാന്‍ ഞാന്‍ അജഗജാന്തരത്തില്‍ ഒക്കെ ഫൈറ്റ് ചെയ്തിട്ടുണ്ട്. പക്ഷേ കുറച്ചുകൂടി ഒന്ന് സ്റ്റൈലായി ചെയ്യാന്‍ പറ്റിയിരുന്നെങ്കില്‍ എന്ന് ആലോചിക്കാറുണ്ട്. ഒരുപാട് തയ്യാറെടുപ്പുകള്‍ ചെയ്ത് അഭിനയിക്കേണ്ട ഒന്നാണ് ഫൈറ്റ് സ്വീക്വന്‍സ്.

ജീവിതത്തില്‍ സിനിമ പഠിപ്പിച്ച ഏറ്റവും വലിയപാഠം എന്താണ്?

ഒരു സിനിമ മാത്രമായി അങ്ങനെ ഒന്നും പഠിപ്പിച്ചിട്ടില്ല. പല സിനിമകളാണ് എന്നെ പഠിപ്പിച്ചത്. അതുപോലെ സിനിമയുടെ ഭാഗമായ പല വ്യക്തികളും പഠിപ്പിച്ചിട്ടുണ്ട്. പ്രായപരിധി ഒന്നുമില്ലാതെ ഒരുപാട് സുഹൃത്തുക്കളെ എനിക്ക് തന്നത് സിനിമയാണ്. ഇനി എന്‍റെ ജീവിതത്തില്‍ സുഹൃത്തുക്കള്‍ ഒന്നും ഉണ്ടാകില്ല എന്നുകരുതിയിരുന്ന സമയത്താണ് സിനിമയിലൂടെ കുറച്ചധികം സുഹൃത്തുക്കളെ എനിക്ക് ലഭിച്ചത്. ആരെയും വിശ്വസിക്കരുത് എന്നും എല്ലാവരെയും ഒരുപോലെ വിശ്വസിക്കണമെന്നും സിനിമ പഠിപ്പിച്ച പാഠങ്ങളാണ്. ചില സമയത്ത് എല്ലാവരും സെല്‍ഫിഷ് ആണെന്ന് തോന്നും. നമ്മളും സെല്‍ഫിഷ് ആകും. എനിക്കും സെല്‍ഫിഷ് ആകേണ്ടി വന്നിട്ടുണ്ട്. പല സിനിമകളും പ്ലാന്‍ ചെയ്തപോലെ എടുക്കാന്‍ പലര്‍ക്കും കഴിയാതെ വന്നിട്ടുണ്ട്. സിനിമയില്‍ നമ്മളെ കൊണ്ടുവരാന്‍ വേണ്ടി മാത്രം പല കാര്യങ്ങളും പറയും, എന്നാല്‍ ഷൂട്ടിംഗ് സമയത്ത് അതൊന്നും നടക്കുകയില്ല. നടക്കുന്നത് വേറൊന്ന് ആയിരിക്കും. ഇതെല്ലാം ഫേസ് ചെയ്യേണ്ടി വന്നിട്ടുണ്ട്.

പുതിയ ജനറേഷന്‍ അഭിനേതാക്കളില്‍ അസൂയയോടെ അര്‍ജുന്‍ നോക്കിക്കാണുന്ന രണ്ട് പ്രതിഭകള്‍ ആരാണ്?

ഒന്ന് നസ്ലിന്‍ തന്നെയാണ്. രണ്ടാമത് സംഗീതും. ശരിക്കും രണ്ടുപേര്‍ മാത്രമായി പറയാന്‍ കഴിയില്ല. മാത്യു ഉം അടിപൊളിയാണ്. ഇവരുടെയൊക്കെ സ്ക്രിപ്റ്റ് സെലക്ഷന്‍ അടിപൊളിയാണ്. ഫാമിലിയിലെ സന്ദീപും പിക്കപ്പ് ലൈന്‍ താരം കാര്‍ത്തിക്കും നല്ല അഭിനേതാക്കളാണ്. ഇങ്ങനെ കുറെപ്പേരുണ്ട്.

അന്യഭാഷാ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ടോ? അങ്ങനെ എന്തെങ്കിലും പ്ലാനിംഗ് നടക്കുന്നുണ്ടോ?

തമിഴില്‍ ഞാന്‍ അഭിനയിച്ച 2 സിനിമകള്‍ റിലീസ് ആകാന്‍ ഉണ്ട്. ഒരെണ്ണത്തിന്‍റെ ഷൂട്ട് തുടങ്ങാന്‍ പോവുകയാണ്. എ.എല്‍. വിജയ്സാറിന്‍റെ ഒരു സിനിമയില്‍ സെക്കന്‍റ് ഹീറോ ആയി അഭിനയിച്ചു. ജൂണ്‍ സിനിമ കണ്ടിട്ടാണെന്ന് തോന്നുന്നു എന്നെ വിജയ്സാര്‍ വിളിക്കുന്നത്. തമിഴ് അഭിനയിക്കുമ്പോള്‍ ഭാഷ തന്നെയായിരുന്നു പ്രശ്നം. നമ്മള്‍ മലയാളത്തിനെ എത്ര തമിഴിലേക്ക് ആക്കാന്‍ ശ്രമിച്ചാലും അത് നടക്കില്ല. പിന്നെ അവര്‍ക്ക് തംഗ്ലീഷില്‍ എഴുതിത്തന്ന സംഭാഷണങ്ങള്‍ ആണ് സഹായിച്ചത്. കിടിലന്‍ കഥാപാത്രം ആണ് ഇത്.

അര്‍ജുന്‍ അഭിനയിച്ച ചിത്രങ്ങളില്‍ അച്ഛന് അര്‍ജുന്‍ എന്ന നടനെപ്പറ്റി ഏറ്റവും മതിപ്പ് തോന്നുന്നത് ഏതാണെന്നാണ് തോന്നുന്നത്?

അത് തീര്‍ച്ചയായും ഭ്രമയുഗവും രോമാഞ്ചവും തന്നെയാണ്. നന്നായി ചെയ്തിട്ടുണ്ട് എന്ന് അച്ഛന്‍ പറഞ്ഞത് ഇത് രണ്ടിലുമാണ്. എന്നാല്‍ അമ്മയ്ക്കാണെങ്കില്‍ ഞാന്‍ അഭിനയിച്ച എല്ലാ സിനിമകളും ഇഷ്ടമാണ്. എങ്ങനെയെങ്കിലും ഞാന്‍ സിനിമയില്‍ അഭിനയിച്ചുകണ്ടാല്‍ മതി, അതാണ് അമ്മയുടെ ആഗ്രഹം.

 


LATEST VIDEOS

Interviews