മലയാള സാംസ്കാരിക രംഗത്ത് രണ്ട് ജഗതിമാര്‍ പ്രശസ്തരാണ്. ഒന്ന് അച്ഛന്‍ ജഗതി എന്‍.കെ. ആചാരി. മറ്റൊരാള്‍ ജഗതി ശ്രീകുമാര്‍. അച്ഛന്‍ ജഗതി പ്രശസ്ത നാടകരചയിതാവും എഴുത്തുകാരനും ആള്‍ ഇന്ത്യാ റേഡിയോയിലെ മികച്ച കലാകാരനും അഭിനേതാവും ആയിരുന്നു.
കലാനിലയം സ്ഥിരം നാടകവേദിയിലെ മിക്ക നാടകങ്ങളും അച്ഛന്‍ ജഗതിയുടെ സംഭാവനയായിരുന്നു. അതില്‍ ആക്ഷേപ ഹാസ്യനാടകമായ 'നാരദന്‍ കേരളത്തിലെ' ചില നര്‍മ്മ മുഹൂര്‍ത്തങ്ങള്‍ ഇപ്പോഴും ആസ്വാദകലോകം മറന്നിട്ടുണ്ടാകില്ല. അങ്ങനെ കലാലോകം അംഗീകരിക്കപ്പെട്ട ജഗതി നാണുവാചാരി കൊച്ചുകൃഷ്ണന്‍ ആചാരിയുടെയും പൊന്നമ്മാളിന്‍റെയും മകനായാണ് ജഗതി ശ്രീകുമാര്‍ 1950 ജനുവരി അഞ്ചിന് ഭൂജാതനാകുന്നത്. അച്ഛന്‍ ജഗതി നാടകരംഗത്തും ചലച്ചിത്രമേഖലയിലും ശ്രദ്ധേയമായ കയ്യൊപ്പുകള്‍ നടത്തിയിട്ടുണ്ടെങ്കിലും മകന്‍ ജഗതി പൂര്‍ണ്ണമായും ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത് ചലച്ചിത്ര രംഗത്തായിരുന്നു.

എണ്‍പതുകളുടെ രണ്ടാം പകുതി മുതല്‍ തൊണ്ണൂറുകള്‍ കടന്ന് 2012 മെയ് 10 ന് ദേശീയപാതയില്‍ മലപ്പുറം തേഞ്ഞിപ്പാലത്തിനടുത്ത് പാണാമ്പ്രവളവില്‍ ഗുരൂതരമായി അപകടത്തില്‍പ്പെടും വരെ മലയാള സിനിമ സഞ്ചരിച്ചിരുന്നത് ജഗതി ശ്രീകുമാര്‍ എന്ന ഒരൊറ്റ വ്യക്തിക്ക് പിറകെയായിരുന്നു. ചുക്കില്ലാത്ത കഷായംപോലെ താരമൂല്യമുള്ളതും അല്ലാത്തതുമായ എല്ലാ ചിത്രങ്ങളിലും ജഗതി സാന്നിധ്യം ഒരു മേമ്പൊടി പോലെങ്കിലും ഉണ്ടായിരുന്നു.
ജഗതി ശ്രീകുമാറിന്‍റെ അഭിനയത്തിന്‍റെ തുടക്കം തിരുവനന്തപുരം മോഡല്‍ സ്ക്കൂളില്‍ അഞ്ചാംതരത്തില്‍ പഠിക്കുമ്പോള്‍ നാടകത്തിലൂടെയായിരുന്നു. അതിനുമുമ്പുതന്നെ അച്ഛന്‍റെ നാടകങ്ങള്‍ കണ്ടുപരിചയിച്ച അഭിനയത്തിന്‍റെ വഴക്കവും ശീലവും ശ്രീകുമാറിനുണ്ടായിരുന്നു. എന്നാല്‍ അതിനുമുമ്പ് മൂന്നാം വയസ്സില്‍ ഒരു ബാലതാരമായി ജഗതി ഒരു ചലച്ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. അതിന് നിമിത്തമായത് അച്ഛനായിരുന്നു. ജഗതി എന്‍.കെ. ആചാരിയായിരുന്നു അച്ഛനും മകനും എന്ന ആ ചിത്രത്തിന്‍റെ തിരനാടകം രചിച്ചത്. പിന്നീട് സ്ക്കൂള്‍ വിദ്യാഭ്യാസം കഴിഞ്ഞ് ജഗതിയിലെ നടനെ പ്രതികൂല കാര്‍മേഘങ്ങളെ വകഞ്ഞുമാറ്റി സ്ഫുടം ചെയ്ത് തിളക്കമേറ്റാന്‍ സഹായിച്ചത് മാര്‍ ഇവാനിയോസ് കോളേജിലെ ബിരുദപഠനകാലമാണ്.
അന്ന് അവിടെ ബോട്ടണി വിദ്യാര്‍ത്ഥിയായിരുന്നു ജഗതി. പഠനത്തോടൊപ്പം കലാലയ നാടകത്തില്‍ ശ്രദ്ധേയമായ വേഷത്തിലെത്തി സര്‍വ്വരുടെയും പ്രശംസ നേടിയെടുക്കാന്‍ ജഗതിക്ക് കഴിഞ്ഞിരുന്നു. ഒപ്പം രവി വള്ളത്തോളുമുണ്ടായിരുന്നു.
ബിരുദപഠനത്തിനുശേഷം എങ്ങനെയും ഒരു ജോലി സമ്പാദിക്കണം എന്നൊരു നിര്‍ബന്ധം മനസ്സിനെ നിരന്തരം ശല്യപ്പെടുത്തിക്കൊണ്ടിരുന്നു. അത് അദ്ദേഹത്തെ കൊണ്ടുചെന്നെത്തിച്ചത് ചെന്നൈയില്‍ ഒരു മെഡിക്കല്‍ റെപ്രസന്‍റേറ്റീവ് എന്ന ജീവിതവേഷത്തിലായിരുന്നു. രണ്ട് സാഹചര്യങ്ങളായിരുന്നു വേഗമൊരു ജോലി സ്വന്തമാക്കാന്‍ പ്രേരകഘടകമായത്. അതിലാദ്യത്തേത് പ്രായപൂര്‍ത്തിയായ മകന്‍റെ ജീവിതച്ചെലവ് വഹിക്കാന്‍ താന്‍ തയ്യാറല്ലെന്ന അച്ഛന്‍റെ കര്‍ക്കശനിലപാടായിരുന്നു. മറ്റൊന്ന് അഗാധമായ പ്രണയത്തിന്‍റെ ചുഴിയില്‍പ്പെട്ട് അവസാനം കൂടെ വന്നെത്തിയ പ്രണയിനിയായ, ഭാര്യയുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ നിര്‍ബന്ധിക്കപ്പെട്ട ഭര്‍ത്താവിന്‍റെ ചുമതലാബോധവും. അക്കാലത്ത് ടീന്‍ഷീറ്റുമേഞ്ഞ ചെന്നൈയിലെ ഒരു കൂരയില്‍ വിയര്‍ത്തുവിമ്മി പട്ടിണി കിടന്ന കാലം ജഗതി പല വേദികളില്‍ പറഞ്ഞിട്ടുണ്ട്.
അക്കാലത്ത് ചെന്നൈ വിവിധ ദക്ഷിണേന്ത്യന്‍ ചലച്ചിത്രങ്ങള്‍ പ്രജനനം കൊള്ളുന്ന ഒരു വലിയ പാടശേഖരവും പടനിര്‍മ്മാണ കേന്ദ്രവുമായിരുന്നു. ഒട്ടുമിക്ക മലയാള ചലച്ചിത്രങ്ങളും അവിടെയായിരുന്നു പൂവിട്ടുതളിര്‍ത്തത്. പകല്‍ മുഴുവന്‍ മെഡിക്കല്‍ കമ്പനി പ്രതിനിധിയുടെ ജോലിയും ശേഷം കിട്ടുന്ന ഇടവേളകളില്‍ ചലച്ചിത്രാവസരങ്ങള്‍ തേടി ഓരോ ചലച്ചിത്ര നിര്‍മ്മാതാവിന്‍റെയും വാതിലില്‍ മുട്ടുകയായിരുന്നു അന്നത്തെ പ്രധാന ജഗതി ഹോബി. വാതില്‍മുട്ടല്‍ അനസ്യൂതം തുടര്‍ന്നെങ്കിലും എല്ലാ സെയ്ത്താന്മാരും നിഷേധത്തിന്‍റെ വാതില്‍ ജഗതിക്ക് മുമ്പില്‍ കൊട്ടിയടയ്ക്കുകയാണുണ്ടായത്. ഒടുവില്‍ അദ്ദേഹത്തിന് മുമ്പില്‍ ഒരു മിശിഹാ മാത്രം അവസരത്തിന്‍റെ വാതില്‍ മലര്‍ക്കെത്തുറന്നു.
അത് ശ്രീകുമാരന്‍ തമ്പിയായിരുന്നു. തമ്പി തന്നെ കഥയും തിരക്കഥയും സംഭാഷണവും ഗാനങ്ങളും രചിച്ച് ഭവാനി രാജേശ്വരി പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ നിര്‍മ്മിച്ച 'ചട്ടമ്പിക്കല്യാണി' എന്ന ചിത്രത്തില്‍ ഒരു ചെറിയ വേഷം. അടൂര്‍ ഭാസിയുടെ കൂടെ എപ്പോഴും നടക്കുന്ന ഒരു ശിങ്കിടിപ്പയ്യന്‍. ആ ചിത്രം സംവിധാനം ചെയ്തത് ശശികുമാറായിരുന്നു. അന്നത്തെ ഒരു ഹിറ്റ് ചിത്രമായിരുന്നത്. തുടര്‍ന്ന് ചില ചിത്രങ്ങളില്‍ ചെറിയ വേഷത്തില്‍ ജഗതി പ്രത്യക്ഷപ്പെട്ടുകൊണ്ടിരുന്നു. ഇതിനിടയില്‍ ഭാര്യയായി കൂടെക്കൂടിയ പ്രണയിനി നടിയായി അറിയപ്പെട്ടുതുടങ്ങുകയും ഒരു പ്രമുഖനടന്‍റെ ഭാര്യാസ്ഥാനം അലങ്കരിക്കുകയും ചെയ്തു. എന്നാല്‍ ഈ പ്രണയ- ദാമ്പത്യഭംഗമൊന്നും ജഗതിയുടെ അഭിനയസഞ്ചാരത്തിന് ഒട്ടും തടസ്സമായിരുന്നില്ല.

അതിവേഗം തിരക്കുകളില്‍ നിന്നും തിരക്കുകളിലേയ്ക്ക് ഒരു എണ്ണയിട്ട അഭിനയയന്ത്രം കണക്കെ ജഗതി പ്രവര്‍ത്തിച്ചുകൊണ്ടിരുന്നു. പല സെറ്റുകളിലും ജഗതിയെ തന്‍റെ ചിത്രങ്ങളിലേയ്ക്ക് കൂട്ടിക്കൊണ്ടുപോകാന്‍ നിര്‍മ്മാതാക്കള്‍ തമ്മില്‍ മത്സരിക്കുകയും അത് കലഹമായി വളരുകയും ചെയ്തിരുന്നു. അപ്പോഴും ജഗതി കൈക്കൊണ്ടത് പൂര്‍ണ്ണ നിസ്സംഗത്വമായിരുന്നു. മത്സരത്തില്‍ ജയിക്കുന്നവര്‍ തന്നെ കൊണ്ടുപോകട്ടെ എന്ന നിലപാട്. ഇതിനിടയിലാണ് ജഗതിയുടെ നല്ല പങ്കാളിയായി ശോഭ ജീവിതത്തില്‍ എത്തിച്ചേര്‍ന്നത്. കാലം കടന്നുപോകെ ചന്ദ്രകളങ്കം എന്നപോലെ ജഗതി അറിഞ്ഞോ അറിയാതെയോ വിതുരവിവാദത്തില്‍ കുടുങ്ങുകയും ചെയ്തു.
സമയം പിന്നെയും ആരെയും കാത്തുനില്‍ക്കാതെ അതിദ്രുതം സഞ്ചരിച്ചുകൊണ്ടേയിരുന്നു. അങ്ങനെ തിരക്കേറിയ ഒരു അഭിനയ സഞ്ചാരത്തിനിടയിലാണ് ജഗതി ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്യുന്ന 'ഇടവപ്പാതി'യുടെ ചിത്രീകരണത്തിന് കുടകിലേയ്ക്കുള്ള യാത്രയ്ക്കിടെ മലപ്പുറം പാണാമ്പ്രയില്‍ അപകടത്തില്‍പ്പെടുന്നത്. തുടര്‍ന്ന് കോഴിക്കോട് മിംസിലേയും വെല്ലൂര്‍ മെഡിക്കല്‍ കോളേജിലേയും വിദഗ്ദ്ധ ചികിത്സ. അതുകഴിഞ്ഞ് ചില മാസങ്ങളുടെ ഇടവേളയ്ക്കുശേഷം ജഗതി ശ്രീകുമാര്‍ തിരുവനന്തപുരം പേയാടിലെ വീട്ടില്‍ മടങ്ങി എത്തിയിരുന്നു. അദ്ദേഹത്തെ കാണാന്‍ നാന അവിടെ എത്തുമ്പോള്‍ എവിടെയും മറ്റു മാധ്യമപ്രവര്‍ത്തകരുടെ വമ്പിച്ച തിരക്ക്. അവര്‍ അഭിമുഖങ്ങള്‍ പകര്‍ത്തുന്നു. ചിത്രങ്ങള്‍ എടുക്കുന്നു. ഒടുവില്‍ 'നാന'യ്ക്ക് മാത്രമായി പപ്പയെ വിട്ടുതരാമെന്ന് മകള്‍ പാര്‍വ്വതി സമ്മതിക്കുന്നു.
ഡ്രായിംഗ് റൂമില്‍ വച്ചാണ് അപകടശേഷം 'നാന' ജഗതിശ്രീകുമാറിനെക്കണ്ടത്. അദ്ദേഹം ഒരു വീല്‍ച്ചെയറിലിരുന്ന് ടി.വി കാണുകയായിരുന്നു. വെള്ള പാന്‍റ്സും ഷര്‍ട്ടുമായിരുന്നു വേഷം. വലതുകൈ വീല്‍ച്ചെയറിന്‍റെ ഹാന്‍റ് റെസ്റ്റില്‍ വിശ്രമിക്കുന്നു. ഞങ്ങളെ മനസ്സിലായോ എന്ന ചോദ്യത്തിന് ഒരല്‍പ്പം ക്ഷീണത്തോടെയുള്ള പുഞ്ചിരിയായിരുന്നു മറുപടിയെങ്കിലും മുഖം അമ്പിളിത്തിളക്കമേറ്റിയതായിരുന്നു. പിന്നീടുള്ള ചോദ്യങ്ങള്‍ക്കെല്ലാം മറുപടി പറഞ്ഞത് മകളായിരുന്നു.
സ്പീച്ച് തെറാപ്പിയും മ്യൂസിക് തെറാപ്പിയും ഫിസിയോതെറാപ്പിയും ചികിത്സയുടെ ഭാഗമാണ്. രാവിലെ എട്ടുമണിയോടെ ഉണരും. പ്രഭാതകൃത്യങ്ങള്‍ക്കുശേഷം പ്രാതല്‍ കഴിക്കും. മറ്റ് അസുഖങ്ങള്‍ ഇല്ലാത്തതുകൊണ്ട് ആഹാരത്തിന് ഒരു നിയന്ത്രണവും ഇല്ല. ഇടതുകൈകൊണ്ട് ആഹാരം സ്വന്തമായിട്ടാണ് പപ്പ കഴിക്കുന്നത്. ഫ്രീടൈമില്‍ സിനിമ കാണും, പാട്ടുകേള്‍ക്കും. സിനിമയെക്കുറിച്ചുള്ള കാര്യങ്ങള്‍ കേള്‍ക്കുന്നത് വലിയ ഇഷ്ടമാണ്. മകള്‍ പറഞ്ഞു. ജഗതിയെക്കുറിച്ചുള്ള ഈ എക്സ്ക്ലുസീവ് ഇന്‍റര്‍വ്യൂ പ്രസിദ്ധീകരിച്ചത് പന്ത്രണ്ട് വര്‍ഷത്തിന് മുമ്പ് 2013 മാര്‍ച്ച് 24 ലെ നാനയിലാണ്.

ജഗതി വര്‍ത്തമാനകാല സിനിമയില്‍ സാന്നിധ്യം കൊള്ളുന്നില്ലെങ്കിലും എവിടെയൊക്കെ അദ്ദേഹത്തിന്‍റെ നിശ്ശബ്ദ സാമീപ്യം പ്രേക്ഷകര്‍ക്ക് അനുഭവമാകുന്നുണ്ടെന്നതാണ് യാഥാര്‍ത്ഥ്യം. അടുത്തിടെ ജഗതി വര്‍ഷങ്ങള്‍ക്കുശേഷം 'അമ്മ'യുടെ ജനറല്‍ ബോഡി മീറ്റിംഗില്‍ പങ്കെടുത്തത് വലിയ വാര്‍ത്തയായിരുന്നു. അതുപോലെതന്നെ തിരുവനന്തപുരത്തേയ്ക്കുള്ള മടക്കയാത്രയ്ക്കിടയില്‍ വിമാനത്തില്‍ ജഗതിയുണ്ടെന്നറിഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍ അദ്ദേഹത്തിനരികിലെത്തി ക്ഷേമമന്വേഷിച്ചതും സൗഹൃദം പുതുക്കിയതും ശ്രദ്ധേയമായിരുന്നു. ഇതെല്ലാം ജഗതിക്ക് തുല്യം ജഗതി മാത്രമേയുള്ളൂവെന്നതിന്‍റെ അക്ഷരസാക്ഷ്യമാണ്.