"2023-ൽ പുറത്തിറങ്ങി വമ്പൻ വിജയമായ തമിഴ് ചിത്രമാണ് രജനികാന്ത് നായകനായി നെൽസൺ സംവിധാനം ചെയ്ത 'ജയിലർ'. ഇതിൽ രജിനികാന്തിനൊപ്പം മോഹൻലാൽ, ശിവരാജ് കുമാർ, ജോക്കി ഷെറാഫ് , വസന്ത് രവി, രമ്യ കൃഷ്ണൻ, യോഗി ബാബു തുടങ്ങി ഒരുപാട് താരങ്ങൾ അഭിനയിച്ചിരുന്നു. മലയാള നടനായ വിനായകനാണ് ചിത്രത്തിലെ പ്രധാന വില്ലൻ വേഷം അവതരിപ്പിച്ചത്. ഈ സിനിമയുടെ വിജയത്തെത്തുടർന്ന്, നെൽസൺ ചിത്രത്തിന്റെ രണ്ടാം ഭാഗം സംവിധാനം ചെയ്യാനിരിക്കുകയാണ്. ഇതിന്റെ പ്രഖ്യാപനം അടുത്തിടെ പുറത്ത് വന്നിരുന്നു. രജനികാന്ത് ഇപ്പോള്‍ ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന 'കൂലി' എന്ന ചിത്രത്തിലാണ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്, അതിനാല്‍ 'കൂലി'യുടെ ഷൂട്ടിങ്ങ് പൂര്‍ത്തിയായതും രജനികാന്ത് 'ജയിലര്‍' രണ്ടാം ഭാഗത്തിൽ ജോയിൻ ചെയ്യുമെന്നാണ് പറയപ്പെടുന്നത്. ഒന്നാം ഭാഗത്തിൽ വിനായകൻ അവതരിപ്പിച്ച വില്ലൻ കഥാപാത്രം കൊല്ലപ്പെട്ടതിനെ തുടർന്ന് ഇപ്പോൾ രണ്ടാം ഭാഗത്തിൽ വില്ലൻ വേഷം അവതരിപ്പിക്കാനുള്ള നടനെയും, മറ്റുള്ള കഥാപാത്രങ്ങൾ അവതരിപ്പിക്കാനുള്ള നടീ, നടന്മാരെയും തിരഞ്ഞെടുക്കുന്ന തിരക്കിലാണ് നെൽസൺ! ഇതിന്റെ ഭാഗമായി വില്ലൻ കഥാപാത്രം അവതരിപ്പിക്കാൻ മലയാള നടനായ ചെമ്പൻ വിനോദ് ജോസുമായി നെൽസൺ ചർച്ചകൾ നടത്തി എന്നുള്ള ഒരു റിപ്പോർട്ട് പുറത്തുവന്നിട്ടുണ്ട്. അതേ സമയം, തമിഴ് നടനായ എസ്.ജെ.സൂര്യയെ വില്ലനാക്കാനും സാധ്യതയുണ്ട് എന്നുള്ള ഒരു റിപ്പോർട്ടും ഉണ്ട്. എന്നാൽ വിനായകനെ പോലെ മലയാള നടനായ ചെമ്പൻ വിനോദ് ജോസിനെ തന്നെയായിരിക്കും നെൽസൺ തിരഞ്ഞെടുക്കുക എന്നാണ് പറയപ്പെടുന്നത്. കാരണം ആദ്യ ഭാഗം വമ്പൻ വിജയമായ സെന്റിമെൻറ്, മറ്റൊരു കാരണം എസ്.ജെ.സൂര്യ പുതിയ ചിത്രങ്ങൾക്ക് കാൾ ഷീറ്റ് നൽകാൻ സാധിക്കാത്ത തരത്തിൽ ഒരുപാട് ചിത്രങ്ങളിൽ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. 'ജയിലറി'ൽ ആരായിരിക്കും വില്ലനാകുക എന്നുള്ള ഔദ്യോഗിക വാർത്ത അടുത്തുതന്നെ പുറത്തുവരുന്നതായിരിക്കും.