NEWS

ഇപ്പോഴത്തെ ഓണം ഇരട്ടിമധുരം പുതിയ സിനിമാവിശേഷങ്ങളും ഓണവിശേഷങ്ങളുമായി ചിത്രാനായർ

News

ആദ്യസിനിമ രതീഷ് സാറിന്റെ(രതീഷ് രാധാകൃഷ്ണൻ പൊതുവാൾ) ന്നാ താൻ കേസ് കൊട് തിയേറ്ററുകളിൽ എത്തിയത് കഴിഞ്ഞ വർഷമായിരുന്നു. ചെറിയ വേഷമായിരുന്നെങ്കിലും അതിൽ ഞാൻ അവതരിപ്പിച്ച സുമലത എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. അതുവരെ ഞാൻ ആഘോഷിച്ചിരുന്ന ഓണങ്ങളിൽ നിന്ന് ഇരട്ടിമധുരം പോലെയായിരുന്നു കഴിഞ്ഞ വർഷത്തെ ഓണം. പുറത്തുപോവുമ്പോൾ എല്ലാവരും സ്‌നേഹത്തോടെ സംസാരിക്കുകയും ഞാൻ ചെയ്ത കഥാപാത്രത്തെക്കുറിച്ച് പറയുകയും ചെയ്യുന്നു. അതിലുപരി ഒരു ആർട്ടിസ്റ്റ് എന്ന നിലയിൽ മറ്റൊരു സന്തോഷം ലഭിക്കാനില്ല. അതിലും വലിയ മറ്റൊരു സന്തോഷവുമില്ല. ഓണക്കാലത്തെ ഇരട്ടിമധുരം ഇതുതന്നെയാണ്. കഴിഞ്ഞവർഷത്തെ ഓണം സുമലതയ്ക്ക് കിട്ടിയ സ്വീകാര്യത തന്നെയായിരുന്നു. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണ് സുരേഷിന്റെയും സുമലതയുടേയും ഹൃദയഹാരിയായ പ്രണയകഥ. ന്നാ താൻ കേസ് കൊട് ഇറങ്ങിയിട്ട് ഇത്രയായിട്ടും സുമലതയുടെയും സുരേഷേട്ടന്റെയും പ്രണയം ഇപ്പോഴും റീലുകളിലും ഷോർട്ട്‌സുകളിലെ

മല്ലാം ആഘോഷമാകുന്നത് കാണുമ്പോൾ സന്തോഷം തോന്നാറുണ്ട്.

ഓണക്കാല ഓർമ്മകൾ

മലയോരപ്രദേശമാണ് ഞങ്ങളുടേത്. അതുകൊണ്ടുതന്നെ ഏത് ഫെസ്റ്റിവലായാലും അവിടെയുള്ള കുഞ്ഞു ആഘോഷം എന്നതിലുപരി വലിയ ആഘോഷങ്ങളോ ബഹളങ്ങളോ ഒന്നുമില്ലാത്ത ഒരു സ്ഥലമാണ്. വീട്ടുകാരെല്ലാം ഒത്തുചേരുന്നതിന്റെ സന്തോഷമാണ് മെയിൻ. പിന്നെ പുതിയ ഡ്രസ്സ് എടുക്കുന്നത് ഓണത്തിന്റെ മറ്റൊരു സന്തോഷമാണ്. ഓണക്കോടിക്ക് ഉണ്ടാകുന്ന ഒരു മണം അത് ഇപ്പോഴത്തെ പുതിയ ഡ്രെസ്സിനൊന്നും കാണാറില്ല. കുഞ്ഞുന്നാളിൽ പൂക്കൾ പറിക്കാൻ പോകുന്നത് മറ്റൊരു സന്തോഷമാണ്. അടുത്ത വീടുകളിലും പറമ്പുകളിലുമെല്ലാം പോയി പൂക്കൾ പറിക്കും. പൂക്കളം ഇടാനുള്ള പൂക്കൾ തലേന്നുതന്നെ സെറ്റാക്കും. വെക്കേഷൻ സമയമായതുകൊണ്ടുതന്നെ അച്ഛന്റെ വീട്ടിൽ പോവും. അച്ഛമ്മ അവിടെ ഊഞ്ഞാൽ എല്ലാം കെട്ടിത്തരും. അത് ഇപ്പോൾ ഓരോരുത്തരും അവരവരുടെ വഴികളിൽ തിരക്കായി. അതുകൊണ്ടുതന്നെ പണ്ട് ഒരുമിച്ചുണ്ടായിരുന്ന നിമിഷങ്ങൾ എല്ലാം നല്ല ഓർമ്മകളായി ഇപ്പോഴും മനസ്സിൽ നിറഞ്ഞുനിൽക്കുന്നുണ്ട്.

അമ്മയുണ്ടാക്കുന്ന ഓണസദ്യ

അമ്മയുണ്ടാക്കുന്ന ഏത് ഫുഡായാലും എനിക്കിഷ്ടമാണ്. ഓണസദ്യ അമ്മ തയ്യാറാക്കുമ്പോൾ കൂടെ നിന്ന് സഹായിക്കുക എന്നല്ലാതെ മെയിൻ ഷെഫ് എപ്പോഴും അമ്മയായിരിക്കും. ഓണസദ്യയിലെ കറികളെല്ലാം എനിക്കും ഉണ്ടാക്കാൻ അറിയാമെങ്കിലും ഇതുവരെയും പപ്പടം കാച്ചുന്നതല്ലാതെ മറ്റൊന്നും ഉണ്ടാക്കിയിട്ടില്ല. അമ്മ ഉണ്ടാക്കുന്നത്ര ടേസ്റ്റ് ഞാൻ ഉണ്ടാക്കിയാൽ ഉണ്ടാവൂല എന്ന തിരിച്ചറിവിലാണ് ഞാൻ ഒന്നിനും മുതിരാത്തത്. മധുരത്തിനോട് പ്രിയമായതുകൊണ്ട് പായസമാണ് ഓണസദ്യയിലെ പ്രിയപ്പെട്ടത്. കൂട്ടുകറിയും ഇഷ്ടമാണ്.

പുതിയ പ്രോജക്ടുകൾ?

ന്നാ താൻ കേസ് കൊട് റിലീസായി. ഇപ്പോൾ എന്റെ അഞ്ചാമത്തെ സിനിമയുടെ ഷൂട്ടാണ് നടക്കുന്നത്. ഞാൻ ചെയ്ത കഥാപാത്രത്തിൽ നിന്നുതന്നെ മറ്റൊരു സിനിമ വരുന്നുവെന്ന സന്തോഷവുമുണ്ട്. രതീഷ് സാറിന്റെ സുരേഷിന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥയുടെ ഷൂട്ട് പുരോഗമിക്കുകയാണ്. കൂടാതെ പത്മകുമാർ സാർ സംവിധാനം ചെയ്യുന്ന ക്വീൻ എലിസബത്ത് എന്ന ചിത്രത്തിലും അഭിനയിക്കുന്നുണ്ട്. നൗഷാദ് സാറും സിദ്ധിഖ് സാറും ഒരുമിച്ച് ചെയ്യുന്ന പൊറാട്ട് നാടകം എന്ന ചിത്രത്തിൽ ധർമ്മജൻ ചേട്ടന്റെ ഭാര്യയുടെ വേഷമാണ് ചെയ്യുന്നത്. പപ്പൻ നരിപ്പറ്റ സംവിധാനം ചെയ്യുന്ന 'വയസ്സ് എത്രയായി മുപ്പത്തി' എന്ന ചിത്രത്തിൽ ബിബിത എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. എല്ലാ സിനിമകളും പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.

കോസ്റ്റും കർട്ടസി - സാൻവി ബോട്ടിക് പയ്യന്നൂർ

മേക്കപ്പ് - രേഷ്മ പാറയിൽ മേക്കോവർ 

ക്യാമറ - വരുൺ അടുതില ഫോട്ടോഗ്രഫി

ബിന്ദു പി.പി


LATEST VIDEOS

Top News