'ആർ.ആർ.ആർ' എന്ന ചിത്രത്തിന് ശേഷം രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ തെലുങ്കിലെ മുൻനിര നായകന്മാരിൽ ഒരാളായ മഹേഷ് ബാബുവാണ് നായകനായി അഭിനയിക്കുന്നതെന്നുള്ള വിവരം എല്ലാവർക്കും അറിയാവുന്നതാണ്. ഇത് മഹേഷ് ബാബുവിന്റെ 29-ാമത്തെ ചിത്രമാണ്.
പ്രശസ്ത ബോളിവുഡ് താരമായ പ്രിയങ്ക ചോപ്ര നായികയായി എത്തുന്ന ഈ ചിത്രത്തിൽ മലയാള നടൻ പൃഥ്വിരാജ് ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ടെന്നുള്ള വാർത്തയും മുൻപ് നൽകിയിരുന്നു.
ചിത്രത്തിന്റെ ഷൂട്ടിങ്ങ് തുടങ്ങി പുരോഗമിച്ച് വരികയാണ്. ചിത്രത്തിൽ അഭിനയിക്കുന്ന ഈ മൂന്നുപേരെ കൂടാതെ, ചിത്രത്തിലെ മറ്റുള്ള പ്രധാന വേഷങ്ങളിൽ ആരൊക്കെ എത്തുമെന്നതിനെക്കുറിച്ച് കൂടുതൽ വിവരങ്ങളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല.
എന്നാൽ ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുന്ന ഒരു വാർത്ത ഈ ചിത്രത്തിൽ ഒരു പ്രധാന വേഷം അവതരിപ്പിക്കാൻ തമിഴ് നടൻ 'ചിയാൻ' വിക്രമുമായി ചർച്ചകൾ നടക്കുന്നുണ്ടെന്നുള്ളതാണ്. ഇത് ഒരു പാൻ-ഇന്ത്യൻ ചിത്രമായി ഒരുങ്ങിവരുന്നതിനാൽ ഈ ചിത്രത്തിൽ വിക്രം അഭിനയിക്കും എന്നുതന്നെയാണ് പറയപ്പെടുന്നത്. ആ ഔദ്യോഗിക വാർത്തക്കായി കാത്തിരിക്കാം.