NEWS

സിനിമ ക്യാമറ-ഔട്ട്ഡോര്‍ യൂണിറ്റുകള്‍ സമരത്തിലേക്ക്

News

കൊച്ചി, കേരളത്തില്‍ ചിത്രീകരിക്കുന്ന മലയാള ചിത്രങ്ങള്‍ക്ക് ക്യാമറയും, ഔട്ട്ഡോര്‍ യൂണിറ്റും മറ്റനുബന്ധ ഉപകരണങ്ങളും തൊഴിലാളികളേയും ഇതര സംസ്ഥാനങ്ങളില്‍ നിന്നും വരുത്തി ചിത്രീകരണം തുടരുന്ന പ്രവണതയ്ക്കെതിരെ സിനിമ എക്യുപ്മെന്‍റ്സ് ഓണേഴ്സ് വെല്‍ഫെയര്‍ അസോസിയേഷന്‍ കേരള (CEOAK) പ്രതിഷേധയോഗം നടത്തി.
കോടിക്കണക്കിന് രൂപ ചിലവഴിച്ച് ആധുനിക ചലച്ചിത്രോപകരണങ്ങള്‍ വാങ്ങി, നികുതിഉള്‍പ്പെടെ ഭീമമായ തുക ചിലവഴിച്ചുകൊണ്ടിരിക്കുന്ന കേരളത്തിലെ എക്യുപ്മെന്‍റ്സ് റെന്‍റല്‍ യൂണിറ്റുകളെയും തൊഴിലാളികളെയും അതിഭീമമായ സാമ്പത്തിക ബാദ്ധ്യതയിലേക്കും തൊഴിലില്ലായ്മയിലേക്കും തള്ളിവിടുന്നതാണ് നിര്‍മ്മാതാക്കളുടെ നടപടിയെന്ന് യോഗം വിലയിരുത്തി.
ചിത്രീകരണത്തിനായി ഛായാഗ്രാഹകന്‍മാര്‍ ആവശ്യപ്പെടുന്ന ഏത് ആധുനിക ഉപകരണങ്ങളും മറ്റുസംസ്ഥാനങ്ങളില്‍ നിന്നും ലഭിക്കുന്ന അതേ വാടകയില്‍തന്നെ നല്‍കാന്‍ കഴിവുള്ളവരാണ് കേരളത്തിലെ ക്യാമറ-ഔട്ട് ഡോര്‍ യൂണിറ്റുകള്‍. ഈ യാഥാര്‍ത്ഥ്യം മൂടിവച്ച് വന്‍ തുക കുറവെന്ന് വ്യാജ കണക്കുകള്‍ കാണിച്ച് നിര്‍മാതാക്കളെ ഇടനിലക്കാര്‍ തെറ്റിദ്ധരിപ്പിക്കുകയാണ് വാസ്തവത്തില്‍ ചെയ്തുകൊണ്ടിരിക്കുന്നത്.
ആന്ധ്ര-തെലങ്കാന, തമിഴ്നാട്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലാവട്ടെ കേരളത്തില്‍ നിന്നുള്ള ക്യാമറ-ഔട്ട്ഡോര്‍ യൂണിറ്റുകളെ പ്രവര്‍ത്തിപ്പിക്കാന്‍അനുവദിക്കാറില്ല എന്നസത്യം ഇവിടെ മൂടിവെയ്ക്കപ്പെടുന്നു. ഈ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഔട്ട്ഡോര്‍ യൂണിറ്റ് വാഹനങ്ങളാകട്ടെ വന്‍തോതില്‍ റോഡ് ടാക്സ് നിയമങ്ങള്‍ കാറ്റില്‍പറത്തിയാണ് കേരളത്തില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്നത്. ഈയിനത്തിലും സംസ്ഥാനത്ത് വന്‍തോതിലുള്ള നികുതിവെട്ടിപ്പാണ് നടക്കുന്നത്. ഈ പ്രവണത തുടര്‍ന്നാല്‍ സിയോക് പ്രത്യക്ഷസമരപരിപാടികളിലേക്ക് നീങ്ങുമെന്ന് സിയോക് സെക്രട്ടറി അജയ് ആര്‍ട്ടോണ്‍ പറഞ്ഞു. സിയോക്, കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ബി. രാകേഷിന് പ്രതിഷേധം രേഖാമൂലം കൈമാറി. പ്രസിഡന്‍റ് ഷിബു മദര്‍ലാന്‍റ് സിനി യൂണിറ്റ്, അനൂപ് ഉമ്മന്‍ സിനിഫ്ളാഷ് മൂവീസ്, രാജേഷ് സൂര്യവിഷല്‍ മീഡിയ, ജോഷി എസ്.ജെ. സിനി യൂണിറ്റ്, വിനയന്‍ വൈഷ്ണ മൂവീസ് എന്നിവര്‍ പങ്കെടുത്തു.


LATEST VIDEOS

Latest