NEWS

സിനിമ മാറുകയാണ്, കാലത്തിനൊപ്പം

News

ലോകസിനിമയ്ക്ക് തന്നെ വലിയ മാറ്റങ്ങള്‍ സംഭവിച്ച വര്‍ഷമാണ് 2022. കാലം മാറുമ്പോള്‍, പ്രേക്ഷകരുടെ അഭിരുചി മാറുമ്പോള്‍, അതനുസരിച്ച് സിനിമയുടെ നിര്‍മ്മാണവും കഥ പറച്ചില്‍ രീതിയുമെല്ലാം സ്വാഭാവികമായും മാറിക്കൊണ്ടേയിരിക്കും. 2022 ലെ മലയാള സിനിമകളും ഏറെ വ്യത്യസ്തതകളുമായാണ് പ്രേക്ഷകര്‍ക്ക് മുന്‍പിലെത്തിയത്. കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധികളെ തണുപ്പിച്ചശേഷം സിനിമയുടെ ഒരു മടങ്ങിവരവ് തന്നെയായിരുന്നു 2022 രേഖപ്പെടുത്തിയത്. കാലികപ്രാധാന്യമുള്ള ചിത്രങ്ങള്‍, പ്രേക്ഷകരെ കുടുകുടാ ചിരിപ്പിച്ച കഥാസന്ദര്‍ഭങ്ങള്‍, കണ്ണിമചിമ്മാതെ സ്ക്രീനിലേക്ക് നോക്കിയിരിക്കാന്‍ പ്രേക്ഷകരെ പ്രേരിപ്പിച്ച ത്രില്ലര്‍ ചിത്രങ്ങള്‍... അങ്ങനെ വിശേഷണങ്ങള്‍ ഏറെയാണ് 2022 ലെ മലയാളം സിനിമകള്‍ക്ക്. ഒരു വശത്ത് നായകനടന്‍മാരുടെ മാസ് കഥാപാത്രസന്നിവേശം കൊണ്ട് സിനിമ തിയേറ്റര്‍ ഇളക്കിമറിച്ചപ്പോള്‍ മറുവശത്ത് സിനിമ എന്നത് സ്ത്രീകഥാപാത്രങ്ങളുടെ ശക്തികൊണ്ട് കൂടി മുന്നോട്ടുപോകുന്ന ഒന്നാണെന്ന് നമ്മുടെ നായികമാരും തെളിയിച്ചു. അവതരണത്തിലെ വ്യത്യസ്തത ഓരോ സിനിമയ്ക്കും വേറിട്ട അഡ്രസ്സ് നല്‍കി. അഭിനയം വേണ്ട, മറിച്ച് ജീവിതമാണ് നമുക്ക് പ്രേക്ഷകരെ കാണിക്കാനുള്ളത് എന്ന് സംവിധായകര്‍ തെളിയിച്ച വര്‍ഷം. സ്വാഭാവിക അഭിനയമെന്തെന്ന് അഭിനേതാക്കള്‍ പറഞ്ഞുവെച്ചതും അഭിനയത്തിലെ കൊടുക്കല്‍ വാങ്ങലുകള്‍ക്ക് മികവേറിയതും 2022 ന്‍റെ സിനിമാക്കോളത്തിന് മാറ്റേകി. അഭിനേതാക്കള്‍ സംവിധായകന്‍റെ കുപ്പായമണിഞ്ഞു, സംവിധായകര്‍ അഭിനേതാക്കളായി, മറ്റൊരിടത്ത് അഭിനേതാക്കള്‍ നിര്‍മ്മാതാക്കളും രചയിതാക്കളും പാട്ടുകാരുമൊക്കെയായി. സിനിമയ്ക്കകത്തും പുറത്തും വേഷപ്പകര്‍ച്ചകള്‍ സജീവമായ ഒരു വര്‍ഷം.

സ്ക്രീനില്‍ നമ്മള്‍ കാണുന്ന നടനോ നടിയോ അവിടെ മാത്രം കാണാന്‍ കഴിയുന്ന ഒന്നാണെന്ന് നല്ല വെടിപ്പായി പറഞ്ഞുവെയ്ക്കുന്ന രീതിയില്‍ ഒരു പുതുക്കല്‍ പ്രക്രിയ 2022 ല്‍ നടന്നിരുന്നു. അനുഭവം കൊണ്ട് അഭിനയത്തെ അഡ്രസ്സ് ചെയ്യുന്ന നടീനടന്‍മാര്‍ക്കൊപ്പം പുതുമുഖ താരങ്ങളും 2022 ന് മിഴിവേകി. മമ്മൂട്ടി ചിത്രങ്ങള്‍ക്ക് വല്ലാത്തൊരു മിഴിവാണ് ഈ കടന്നുപോകുന്ന വര്‍ഷം സമ്മാനിക്കുന്നത്. കഴിഞ്ഞുപോയ വര്‍ഷങ്ങളിലെ മമ്മൂട്ടി ചിത്രങ്ങളോട് കിട പിടിക്കാവുന്ന രീതിയില്‍ ഈ വര്‍ഷത്തെ ചിത്രങ്ങള്‍ക്ക് പിന്നില്‍ കൃത്യമായ ഹോം വര്‍ക്ക് നടന്നിട്ടുണ്ട് എന്നത് വ്യക്തം. തന്നിലെ നടനെ കാലത്തിനനുസരിച്ച് അപ്ഗ്രേഡ് ചെയ്ത നടനായി മെഗാസ്റ്റാര്‍ മമ്മൂട്ടി തിളങ്ങിനിന്നു. ഭീഷ്മപര്‍വ്വവും പുഴുവും സി ബി ഐയുമെല്ലാം മമ്മൂട്ടി എന്ന നടന്‍റെ അഭിനയമികവിനെ ഭേദിക്കാന്‍ ഇനിയാര്‍ക്കും സാധിക്കില്ല എന്ന് ഒരിക്കല്‍ കൂടി പറഞ്ഞുവെച്ചപ്പോള്‍ റൊഷാക്ക് ഇന്നേവരെയുള്ള മമ്മൂട്ടി ചിത്രങ്ങളുടെ പട്ടികയില്‍ പുതിയ ഉപശീര്‍ഷകത്തിന് ഇടം കൊടുത്തു. 'ചാമ്പിക്കോ' തരംഗം കേരളക്കരയില്‍ മൊത്തം ആഞ്ഞടിച്ചതും ഈ വര്‍ഷത്തിന്‍റെ മാസ് ചിത്രങ്ങള്‍ക്ക് തുടക്കമിടാന്‍ കാരണമായതുമെല്ലാം ഭീഷ്മയുടെ ക്രെഡിറ്റ് ലിസ്റ്റിന് ഭാരം കൂട്ടി. ഇതാണ് സിനിമ എന്ന് ഭീഷ്മയുടെ അമരക്കാര്‍ക്ക് ചങ്ക് വിരിച്ചുനിന്ന് പറയാം. ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തില്‍ തന്നെ ഇതാദ്യമായി ഒരു അഞ്ചാം ഭാഗം... ഇത് മമ്മൂട്ടി ചിത്രത്തിന് മാത്രം സംഭവിക്കുന്ന ഒന്നാണ്. മലയാളികള്‍ക്ക് മമ്മൂട്ടി എന്ന നടന്‍ എത്രത്തോളം പ്രിയപ്പെട്ടത് എന്ന് പറഞ്ഞു ബോധ്യപ്പെടുത്തേണ്ടവര്‍ക്ക് സിബിഐ അഞ്ചാം ഭാഗത്തിന്‍റെ പോസ്റ്റര്‍ കാണിച്ചാല്‍ മാത്രം മതിയാകും.

തിയേറ്ററില്‍ തരംഗം സൃഷ്ടിക്കാതിരുന്നതാണോ അതോ ഓണ്‍ലൈന്‍ റിവ്യൂക്കാര്‍ക്ക് ഇരയായി മാറിയതാണോ മോണ്‍സ്റ്റര്‍ നേരിട്ട പ്രശ്നം? എന്താണെങ്കിലും സിനിമ കാണാതെ നിരൂപണം ചെയ്യുന്നവരും കോപ്പിയടിച്ച് റിവ്യൂ പോസ്റ്റ് ചെയ്യുന്നവരും ചിത്രം ഒന്ന് കണ്ടിരിക്കുന്നത് നല്ലതാണ്. മോഹന്‍ലാല്‍ ചിത്രങ്ങള്‍ എണ്ണത്തില്‍ കുറഞ്ഞുപോയാലും പ്രേക്ഷകര്‍ കാത്തിരിപ്പിലാണ്, പുത്തന്‍ മോഹന്‍ലാല്‍ ചിത്രങ്ങള്‍ക്കായി. ട്വല്‍ത്ത് മാന്‍ ഒരു ലാലേട്ടന്‍ മാജിക്ക് തന്നെയായിരുന്നു എന്ന് നിസ്സംശയം പറയാം.

ബേസില്‍ എന്ന സംവിധായകനെ മറന്ന് ബേസില്‍ എന്ന നടനെ പ്രേക്ഷകര്‍ കൂടുതല്‍ ആരാധിച്ച വര്‍ഷമാണ് 2022. പാല്‍ത്തു ജാന്‍വര്‍ നേടിയെടുത്ത വന്‍ പ്രേക്ഷക സ്വീകാര്യതയെയും കവച്ചുവെച്ച ജയ ജയ ജയ ജയ ഹേ തിയേറ്ററുകളില്‍ സൃഷ്ടിച്ചത് ഒരു പക്കാ ന്യൂ ജെന്‍ എഫക്റ്റ് തന്നെയായിരുന്നു. ഒരു മികച്ച സംവിധായകന് മികച്ച നടനാകാന്‍ തെല്ലും ബുദ്ധിമുട്ടില്ല എന്ന് അടിവരയിട്ടു പറഞ്ഞു ബേസില്‍ എന്ന കലാകാരന്‍. അഭിനയിച്ച ചിത്രങ്ങളെല്ലാം പ്രേക്ഷകര്‍ ഹൃദയത്തോട് ചേര്‍ത്തുവെച്ചപ്പോള്‍ ബേസില്‍ ചെയ്തുവെച്ച കഥാപാത്രത്തിന്‍റെ വികാരങ്ങളെ തന്‍റേതുമായി താരതമ്യം ചെയ്യാന്‍ പ്രേക്ഷകന് അനായാസം സാധിച്ചു. ദര്‍ശന എന്ന നടിയുടെ മറ്റൊരു മുഖമാണ് ഈ ചിത്രം കാണിച്ചുതന്നത്. ഇന്നത്തെ കാലത്തിന്‍റെ പെണ്‍മുഖമായി ദര്‍ശന ജ്വലിച്ചുനിന്നു.

ആസിഫ് അലിയിലെ നടന്‍ തിളങ്ങിനിന്ന വര്‍ഷമാണ് 2022. കൊത്തും കൂമനും പ്രേക്ഷകരെ ആകര്‍ഷിച്ചപ്പോള്‍ ഇന്നേവരെ കണ്ട ആസിഫ് അലി മാജിക്കിന് പുതിയൊരു നിര്‍വചനം നല്‍കാനും പ്രേക്ഷകര്‍ക്ക് സാധിച്ചു. ആസിഫ് എന്ന നടനില്‍ എന്നും പ്രേക്ഷകര്‍ക്ക് ഒരു വിശ്വാസമുണ്ട്. തിയേറ്ററില്‍ നിന്ന് ഇറങ്ങിപ്പോരുമ്പോള്‍ മാത്രം പ്രേക്ഷകന് ഫൈനല്‍ സീക്രട്ട് പറഞ്ഞുകൊടുക്കുന്ന സംവിധായകന്‍ ജീത്തു ജോസഫിനൊപ്പം ആസിഫെത്തിയത് ആരാധകരെ ഏറെ സന്തോഷത്തിലാഴ്ത്തിയിരുന്നു.

കുഞ്ചാക്കോ ബോബനിലെ നടന്‍ വെല്ലുവിളികളെ തന്നിലേക്ക് സ്വീകരിച്ച ഒരു വര്‍ഷം. 'ദേവദൂതര്‍ പാടി' മാജിക്ക് ചാക്കോച്ചന്‍റെ കരിയറിലെ വലിയ ഒരു ഏടായി മാറുമ്പോള്‍ അഭിനയമികവിന്‍റെ കാര്യത്തില്‍ ആര്‍ക്കും ശക്തമായ മത്സരം നല്‍കും വിധം ചാക്കോച്ചനിലെ നടന്‍ ശോഭിക്കുകയാണ്. പട, ന്നാ താന്‍ കേസ് കൊട് തുടങ്ങിയ ചാക്കോച്ചന്‍ ചിത്രങ്ങള്‍ക്ക് ഒരു ഫ്രഷ് ഫീല്‍ തന്നെ ഉണ്ടായിരുന്നു.

താരപുത്രന്മാര്‍ വെള്ളിത്തിര കീഴടക്കിയ വര്‍ഷമാണ് 2022. പ്രേക്ഷകഹൃദയം കവര്‍ന്നുകൊണ്ട് ഹൃദയം തിയേറ്ററിലെത്തിയതോടെ ഈ വര്‍ഷത്തെ സിനിമകളില്‍ പ്രേക്ഷകര്‍ പ്രതീക്ഷകള്‍ കണ്ടെത്തുകയായിരുന്നു. മോഹന്‍ലാലിന്‍റെ മകന്‍ എന്ന ലേബലല്ല, നടന്‍ പ്രണവ് മോഹന്‍ലാല്‍ എന്ന ലേബല്‍ തന്നെ പ്രണവിന് നേടിക്കൊടുത്ത വര്‍ഷം. ഇതേവരെ കണ്ട പ്രണവിനെ മറക്കാനും പുതിയൊരു ആക്റ്റിംഗ് മാജിക്ക് പ്രണവില്‍ കാണാനും പ്രേക്ഷകര്‍ക്ക് സാധിച്ച വര്‍ഷം. ഹൃദയം ഒരു പുത്തന്‍ അധ്യായം തന്നെയായിരുന്നു. കോവിഡ് മഹാമാരിക്ക് ശേഷം മലയാളസിനിമയ്ക്ക് വല്ലാത്തൊരു ജീവന്‍ ലഭിച്ച ചിത്രം, ബിഗ്സ്ക്രീനുകളുടെ ഹൃദയതാളം തിരിച്ചുകൊണ്ടുവന്ന ചിത്രം. പ്രണവിനൊപ്പം പ്രിയതാരസുന്ദരികളും ഒത്തുചേര്‍ന്നപ്പോള്‍ സിനിമ എന്നത് ഒരു അനുഭവമാണെന്നത് ഹൃദയത്തിലൂടെ പറഞ്ഞുവെയ്ക്കാന്‍ മലയാളസിനിമക്ക് സാധിച്ചു. സല്യൂട്ട് ദുല്‍ഖര്‍ സല്‍മാന്‍റെ അഭിനയമികവ് തിയേറ്ററില്‍ വരച്ചുകാട്ടിയ ചിത്രമായി മാറി. ഡി ക്യൂവിനെ തെന്നിന്ത്യക്ക് വിട്ടുകൊടുക്കാതെ പിടിച്ചുനിര്‍ത്താന്‍ നമ്മള്‍ മലയാളികള്‍ക്ക് സാധിച്ചു. ശ്രീനിവാസന്‍റെ മക്കള്‍ എന്ന ലേബല്‍ ആവശ്യം വന്നിട്ടില്ലാത്ത വിനീതിനും ധ്യാനിനും പുതുമയുള്ള കഥാപാത്രങ്ങളെ കിട്ടിയ വര്‍ഷം കൂടിയായിരുന്നു 2022. മുകുന്ദന്‍ ഉണ്ണി അസ്സോസിയേറ്റ്സ് എന്ന ചിത്രത്തിലൂടെ വിനീത് ശ്രീനിവാസന്‍ അഭിനയരംഗത്ത് ഒന്നുകൂടി കാലുറപ്പിച്ചുവെച്ചു. ഉടലും വീകവുമെല്ലാം ധ്യാനിന് വേറിട്ട കഥാപാത്രങ്ങളെ നല്‍കി.

ഉണ്ണി മുകുന്ദന്‍ നടനില്‍ നിന്നും നിര്‍മ്മാതാവിന്‍റെ കുപ്പായം കൂടി അണിഞ്ഞ വര്‍ഷമാണ് 2022. മേപ്പടിയാനും ഷെഫീക്കിന്‍റെ സന്തോഷവും ഈ വര്‍ഷത്തിന്‍റെ തുടക്കത്തിലും ഒടുക്കത്തിലുമായി തിയേറ്ററുകള്‍ ഏറ്റെടുത്ത ചിത്രമായി മാറി. ഒരു റൊമാന്‍റിക്ക് നടനായി പ്രേക്ഷകര്‍ ചേര്‍ത്തുവെച്ചിരുന്ന ഉണ്ണിയെ അല്‍പ്പം ഗൗരവമേറിയ പ്രൊഡ്യൂസര്‍ റോളില്‍ കാണാന്‍ കഴിഞ്ഞ സമയം കൂടിയാണിത്.
2022 എന്നത് ഷൈന്‍ ടോം ചാക്കോ എന്ന നടന്‍റെ തിളക്കമാര്‍ന്ന ഒരു വര്‍ഷം കൂടിയാണ്. വിചിത്രമായ അഭിനയശൈലി സ്വീകരിച്ച് വിചിത്രത്തില്‍ തിളങ്ങി, വെയിലും ഭാരത സര്‍ക്കസും ഷൈന്‍ ടോം ചാക്കോ എന്ന നടന്‍റെ വേറിട്ട ഭാവഭേദങ്ങള്‍ തിയേറ്ററില്‍ എത്തിച്ച ചിത്രങ്ങളായി മാറുകയാണ്.

നാരദന്‍ ഒരു ഓര്‍മ്മപ്പെടുത്തലാണ്. കാലികപ്രാധാന്യമുള്ള ഒരു ചിത്രത്തിലെ കേന്ദ്രകഥാപാത്രമാവുക വഴി ടോവിനോ തോമസ് പ്രേക്ഷകര്‍ക്ക് മുന്‍പില്‍ വ്യത്യസ്തമായൊരു ഗെറ്റപ്പില്‍ എത്തുകയായിരുന്നു. ഡിയര്‍ ഫ്രണ്ട് എന്ന ചിത്രം ടോവിനോയുടെ വേറിട്ട മുഖം സ്ക്രീനില്‍ അവതരിപ്പിച്ചു.

ഇന്നോളമുള്ള പൃഥ്വിരാജ് ചിത്രങ്ങളെ ഒരു വശത്തേക്ക് മാറ്റിനിര്‍ത്തിയിട്ട് ജനഗണമന ഒന്നു പ്രത്യേകം തന്നെ വിലയിരുത്തണം. ഒരു നടന്‍റെ ഉത്തരവാദിത്തങ്ങളെ പ്രതിഫലിപ്പിക്കുന്ന കഥാപാത്രമായി പൃഥ്വി തിളങ്ങി. ഗോള്‍ഡ് പൃഥി എന്ന നടന്‍റെ മറ്റൊരു അടയാളപ്പെടുത്തലായി മാറി.

ചതുരവും നൈറ്റ് ഡ്രൈവുമെല്ലാം റോഷന്‍ മാത്യു എന്ന നടന്‍റെ സാന്നിധ്യം മലയാളസിനിമയില്‍ ഒന്നുറപ്പിച്ചുവെക്കുന്നത് തന്നെയായിരുന്നു. ഓട്ടോറിക്ഷക്കാരന്‍റെ ഭാര്യയും ജനഗണമനയും സുരാജ് വെഞ്ഞാറമൂടിന്‍റെ അഭിനയമികവിന് തിളക്കം കൂട്ടി.

സ്ത്രീജീവിതം പ്രമേയമാക്കിയ ഒരുത്തീയിലൂടെ നവ്യാ നായരുടെ തിരിച്ചുവരവുണ്ടായപ്പോള്‍ പ്രേക്ഷകര്‍ക്ക് അത് വേറിട്ട അനുഭവമായി. നന്ദനത്തിന് ശേഷം നവ്യ വെട്ടിത്തിളങ്ങിയ ചിത്രം. ബാലാമണിക്ക് ശേഷം അത്രയും തന്നെ സ്ട്രോങ്ങായ ഒരു അഡ്രസ്സ് നവ്യക്ക് നേടിക്കൊടുത്ത ചിത്രം. ഇനി ഉത്തരത്തിലൂടെ അപര്‍ണ ബാലമുരളി വേറിട്ട ഒരു കഥാപാത്രത്തിന് ജീവന്‍ കൊടുത്തു. അപര്‍ണയുടെ കരിയറിലെ തന്നെ പ്രത്യേകം എടുത്തുവെക്കാവുന്ന ഒരു ചിത്രം.

പടവെട്ട്, മഹാവീര്യര്‍, സാറ്റര്‍ഡേ നൈറ്റ് തുടങ്ങി നിവിന്‍ പോളിയുടെ ചിത്രങ്ങള്‍ തിയേറ്ററുകള്‍ക്ക് നല്‍കിയ ഒരു ഫീല്‍, അത് നിവിന് മാത്രം പ്രേക്ഷകര്‍ക്ക് നല്‍കാന്‍ കഴിയുന്ന ഒന്നായി ആരാധകര്‍ തന്നെ പറഞ്ഞുവെക്കുന്നു. ഫഹദ് ഫാസില്‍ എന്ന നടന്‍റെ അഭിനയജീവിതത്തില്‍ തന്നെ തിളങ്ങിനില്‍ക്കുന്ന ഏടായിരിക്കും മലയന്‍കുഞ്ഞ് എന്ന ചിത്രം. അഭിനയമല്ല സിനിമ എന്ന് പ്രേക്ഷകര്‍ക്ക് തോന്നിപ്പോയ നിമിഷങ്ങളായിരുന്നു ബിഗ്സ്ക്രീനില്‍ മലയന്‍കുഞ്ഞ് സമ്മാനിച്ചതെല്ലാം.

സംവിധായകന്‍ വിനയന്‍ ചരിത്രത്തിന്‍റെ പശ്ചാത്തലവുമായി എത്തിയപ്പോള്‍ പത്തൊന്‍പതാം നൂറ്റാണ്ട് ഈ നൂറ്റാണ്ടിലെ തന്നെ ചരിത്രം പറഞ്ഞ വേറിട്ട ചിത്രമായി മാറി. ഒരു തെക്കന്‍ തല്ലുകേസും ഉല്ലാസവും തുടങ്ങി ഒരുപിടി ബിജുമേനോന്‍ ചിത്രങ്ങള്‍ മലയാളസിനിമയ്ക്ക് മാറ്റേകിയ വര്‍ഷം കൂടിയായിരുന്നു 2022.

സിനിമയെന്നത് ബിഗ്സ്ക്രീനാണ് എന്ന ചിന്തയെ ഒന്നുകൂടി നവീകരിച്ച ഒരു വര്‍ഷമാണ് കടന്നുപോകുന്നത്. തിയേറ്ററുകളിലെ വെള്ളിത്തിര എന്ന ഇമേജിനപ്പുറം ഒ ടി ടി പ്ലാറ്റ്ഫോമിനും സാധ്യതകളേറിയ ഒരാണ്ട് തന്നെയാണ് 2022. സിനിമകള്‍ തീയേറ്ററില്‍ പ്രദര്‍ശിപ്പിക്കുക എന്ന ഉദ്ദേശ്യവും ഒ ടി ടിക്കായി നിര്‍മ്മിക്കുന്ന ചിത്രങ്ങളും ഉണ്ടായിത്തുടങ്ങി. കുറഞ്ഞ മുതല്‍മുടക്കില്‍ വലിയ ലാഭം കൊയ്യാന്‍ സിനിമയ്ക്ക് സാധിക്കും എന്ന് തെളിയിച്ച വര്‍ഷം. 2022 പിന്നിടുമ്പോള്‍ മലയാള സിനിമാപ്രേമികളുടെ പ്രതീക്ഷകളും ഉയരുകയാണ്. സാധ്യതകള്‍ ഉയരുന്നു. ഓപ്ഷനുകള്‍ ഏറെയുള്ള ഒന്നായി സിനിമ മാറുമ്പോള്‍ പ്രേക്ഷകര്‍ തങ്ങള്‍ക്ക് വേണ്ടത് തിരഞ്ഞെടുക്കാനുള്ള അവരുടെ അവസരങ്ങളെ വിവേകപൂര്‍വം ഉപയോഗിക്കാനും തുടങ്ങിക്കഴിഞ്ഞു. സിനിമയ്ക്കകത്ത് ഒരു മത്സരമുണ്ട്, അഭിനയത്തിന്‍റെ കാര്യത്തിലും മേക്കിംഗിന്‍റെ കാര്യത്തിലും പ്രകടമായ ഒരു മത്സരം... മികച്ച ചിത്രങ്ങള്‍ നിര്‍മിക്കുക എന്നതിനപ്പുറം കഥയില്‍ മാത്രമല്ല മികവ് വേണ്ടത് സാങ്കേതികമായും ആ മികവ് പുലര്‍ത്തണമെന്ന ചിന്തയും സിനിമയുടെ അണിയറയിലുണ്ട്. സിനിമയില്‍ നിന്ന് എന്ത് സ്വീകരിക്കണമെന്നത് ഒരു ചോദ്യമല്ല, മറിച്ച് സെന്‍സറിംഗ് ഉള്ളപ്പോഴും പ്രേക്ഷകന്‍റെ യുക്തിബോധത്തിന് പ്രാധാന്യം ഉണ്ടാവേണ്ട രീതിയിലാണ് സിനിമയുടെ വളര്‍ച്ച. സിനിമയില്‍ നിന്ന് എന്തെടുക്കണം, എങ്ങനെയെടുക്കണം, എന്ത് ഉപേക്ഷിക്കണമെന്നെല്ലാം പ്രേക്ഷകര്‍ തന്നെ തീരുമാനിച്ചേ മതിയാകൂ.. സിനിമയിലെ സെന്‍സറിങ്ങിനെപ്പറ്റി ഒരുപാട് വിമര്‍ശനങ്ങള്‍ ഉണ്ടായ വര്‍ഷം കൂടിയാണ് 2022. തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്ന സിനിമകള്‍ക്ക് ഉണ്ടാവേണ്ട നിലവാരത്തെപ്പറ്റി വിമര്‍ശനങ്ങള്‍ പോലും ഉയര്‍ന്നുവന്ന ഒരു സമയം. എന്താണെങ്കിലും മലയാളികള്‍ക്ക് ആശ്വസിക്കാവുന്ന, സന്തോഷിക്കാവുന്ന ഒരു കാര്യമെന്തെന്നാല്‍ സിനിമ വളരുകയാണ്, നമ്മള്‍ പ്രേക്ഷകരും.


LATEST VIDEOS

Top News