NEWS

റിസ്‌ക്ക് എടുക്കാൻ താൽപ്പര്യമുള്ളവരുടെ മേഖലയാണ് സിനിമ;അഭിജിത്ത് അശോകൻ

News

സിനിമാമോഹവുമായി സിനിമയിലേക്ക് എത്തുന്നവർ ഒരുപാട് പേരാണ്. പക്ഷേ അതിൽ ജീവിതം തന്നെ സിനിമയ്ക്കായി മാറ്റിവയ്ക്കുന്ന ചെറുപ്പക്കാരുടെ കൂട്ടത്തിലാണ് ഈ യുവ ഡയറക്ടർ. തന്റെ ആദ്യസംരംഭത്തിൽ സ്റ്റേറ്റ് അവാർഡും രണ്ടാമത് ചിത്രം റിലീസാകും മുന്നേ പുരസ്ക്കാരങ്ങളും പ്രശംസയും കൊണ്ട് സ്വീകാര്യത നേടുന്ന ജനനം 1947 പ്രണയം തുടരുന്നു. സംവിധായകൻ അഭിജിത് അശോകൻ സിനിമാനുഭവങ്ങൾ നാനയോട് പങ്കുവയ്ക്കുന്നു.

എങ്ങനെയാണ് സിനിമാരംഗത്തേക്ക് എത്തുന്നത്?

സിനിമാരംഗത്തേയ്ക്ക് വരുന്നതിന് മുമ്പ് എം.ബി.എ പഠനശേഷം 6 മാസം ഒരു ബാങ്കിൽ ജോലി ചെയ്തു. ജോലിക്ക് പോകാൻ ഇഷ്ടം അല്ലാത്തതുകൊണ്ട് ആ ജോലി രാജിവെച്ചു. ഈ ലോകത്തുതന്നെ എനിക്ക് അന്നത്തെ കാലത്ത് എനിക്ക് അറിയാവുന്ന ആകെയുളള ഒരു സിനിമാക്കാരൻ എന്റെ നാട്ടിലുള്ള അരുൺ ചേട്ടൻ എന്ന ഒരു പോലീസുകാരൻ ആയിരുന്നു. നല്ല മനുഷ്യൻ ആയ പുള്ളിക്കാരൻ എന്നെയും കൂടെക്കൂട്ടി. അങ്ങനെ ഞങ്ങൾ ഒരുമിച്ചുചേർന്ന് ആണ് ആദ്യം സിനിമ ചെയ്യുന്നത്. ഞങ്ങളുടെ സ്വന്തം കോലുമിട്ടായി. അരുൺ വിശ്വം എന്ന കോലുമിട്ടായിയുടെ സംവിധായകൻ ആണ് എന്റെ ഗുരു. അദ്ദേഹം ആണ് എന്നെ സിനിമാരംഗത്തേക്ക് എത്തിച്ചത്.

ആദ്യ സിനിമ കോലുമിട്ടായി സംസ്ഥാന അവാർഡും കരസ്ഥമാക്കി. ആ സിനിമ സംഭവിക്കാൻ കാരണം?

സിനിമ ചെയ്യാനായി ഒരുപാട് കഥകൾ, തിരക്കഥകൾ എഴുതി. ആരും മൈൻഡ് ചെയ്തില്ല. 22 വയസ്സുള്ളപ്പോൾ ആണ് ആദ്യസിനിമയുടെ നിർമ്മാണം. കഥ പറയാനായി ചെല്ലുമ്പോൾ എല്ലാ ആർട്ടിസ്റ്റ് പ്രൊഡക്ഷൻ എല്ലാം ഒഴിവാക്കുകയായിരുന്നു. 22 വയസ്സുള്ള ഒരു പയ്യൻ പറയുന്ന കഥകൾ അവർക്ക് വിശ്വസനീയം അല്ലായിരുന്നു. ആ ചെറുപ്പക്കാരനിൽ ആരും വിശ്വസിച്ചില്ല. കുറച്ചൂകൂടെ പ്രായം ആകുമ്പോൾ ചെയ്യാം സിനിമ, ഇപ്പോൾ പഠനം നടക്കട്ടെ, ജോലി ചെയ്യൂ എന്ന് ഒക്കെ എല്ലാവരും പറഞ്ഞു. ആകെ ഞാൻ പറഞ്ഞ ഒരു കഥ നല്ലത് ആണെന്ന് എന്നോട് പറഞ്ഞ ആളാണ് അരുൺ വിശ്വം. എന്റെ സിനിമ ചെയ്യാൻ അദ്ദേഹം സമ്മതിച്ചു. പക്ഷേ ഞങ്ങൾക്ക് നിർമ്മാതാവ് ഇല്ലായിരുന്നു. അങ്ങനെ ഒരു ദിവസം പത്രം കാലത്തു വായിക്കുന്നു. ഒരു ദിവസം സംസ്ഥാന അവാർഡ് വാർത്ത വരുന്നു. ഞാൻ അത് വായിക്കുന്നു. എല്ലാ അവാർഡ് തുകകളിലും വലിയ തുക കുട്ടികളുടെ മികച്ച ചിത്രം സംസ്ഥാന അവാർഡ് 4 ലക്ഷം രൂപ. 5 ലക്ഷം രൂപയ്ക്ക് ഒരു സിനിമ അതായിരുന്നു ലക്ഷ്യം. 4 ലക്ഷം സേഫ് ആയി സംസ്ഥാന അവാർഡ് കിട്ടും. ആരും വരില്ലാത്ത ഒരു ഏരിയ ആണല്ലോ അന്നത്തെ കാലത്ത് കുട്ടികളുടെ സിനിമ. 4 ലക്ഷം സേഫ്, ഒരു ലക്ഷം നഷ്ടം സാരമില്ല എന്നാലും സിനിമാക്കാരൻ ആവാമല്ലോ എന്ന് ഓർത്തു. ഞങ്ങൾ അത് ചെയ്യുന്നു. ഞാനും അരുൺ വിശ്വം കൂടെ രണ്ടുപേരും കൂടെ ചെയ്യാൻ ഇരുന്ന ഷോർട്ട് ഫിലിം ആയിരുന്നു ക്രയോൺസ് എന്ന് പേരുള്ള ഒരു ചിത്രം. പിന്നീട് ചിത്രം കോലുമിട്ടായി ആയി മാറിയപ്പോൾ പടത്തിന് വെച്ചിരുന്ന ക്രയോൺസ് എന്ന പേര് പ്രൊഡക്ഷൻ കമ്പനിക്ക് നൽകി. തുടർന്ന് ഞാൻ  മൂന്ന് സിനിമകൾ ചെയ്തു. ദൈവം അനുഗ്രഹിച്ച് കോലുമിട്ടായി എന്ത് എങ്ങനെയെന്ന് പ്ലാൻ ചെയ്തുതുടങ്ങിയ കാലത്ത് എനിക്കൊരു ബിസിനസ് ഉണ്ടായിരുന്നു. റെന്റ് എ കാർ ബിസിനസ്സ്. സിനിമയിൽ വരാൻ ഏറ്റവും എളുപ്പം നിർമ്മാണം ആണല്ലോ. അതുകൊണ്ട്  കാർ എല്ലാം വിറ്റ് ചേട്ടന്റെ ഭാര്യയുടെ സ്വർണ്ണവും കൂട്ടികാരിൽ നിന്നും വാങ്ങിയ കടവും എല്ലാം വെച്ച് ഉള്ള പൈസയ്ക്ക് കോലുമിട്ടായി എന്ന ആദ്യ സിനിമ ചെയ്തു, സംസ്ഥാന അവാർഡ് കിട്ടി. കുട്ടികളുടെ മികച്ച ചിത്രം.

ജനനം 1947 പ്രണയം തുടരുന്നു എന്ന ചിത്രത്തിലേക്ക് എത്താൻ കാരണം?

നല്ല സിനിമ ചെയ്യണം എന്ന ആഗ്രഹവുമായി ഒരുപാട് നടന്നു. ആക്ടേഴ്സ് ഡേറ്റ് അത് വലിയ ഒരു പ്രശ്നം ആയി വന്നു. 3 വർഷം നടന്നു. അത് നടത്തി എടുക്കാൻ പറ്റാതെ വന്നപ്പോൾ സിനിമ എങ്ങനെ എങ്കിലും ചെയ്യണം അത് ആരും ചെയ്യാത്ത തരത്തിൽ ഉള്ള ഒരു സിനിമയായിരിക്കണമെന്ന് ചിന്തിച്ചു.  ജനനം 1947 തുടരുന്നു എന്ന സിനിമയിലെ നായകൻ ആ കഥയ്ക്ക് അനുയോജ്യനായ ഒരു പുതിയ ഒരാൾ ആയിരിക്കണമെന്ന് ആഗ്രഹിച്ചു. അങ്ങനെ ചെയ്ത സിനിമ ആണിത്. പിന്നെ എനിക്ക് ചുറ്റും ഉണ്ടായ സംഭവങ്ങൾ ആരും പറയാത്ത തരത്തിൽ ഉള്ള ഒരു പ്രണയകഥയുടെ ചട്ടക്കൂട്ടിലൊരുക്കി. ഇതെല്ലാം ആയിരുന്നു ജനനം 1947 പ്രണയം എന്ന സിനിമയിൽ ഞാൻ എത്താൻ കാരണം.

ഇതിലെ കഥാപാത്രങ്ങളെ സെലക്ട് ചെയ്യുന്നത് ബുദ്ധിമുട്ടായിരുന്നോ?

ഉണ്ടായിരുന്നു. ഈ സിനിമയുടെ കാസ്റ്റിംഗ് ആണ് ഈ സിനിമയുടെ ഏറ്റവും വലിയ പ്രത്യേത. അത് അങ്ങനെതന്നെ വേണം എന്ന് നിർബന്ധം ഉണ്ടായിരുന്നു.

മനസ്സിലുള്ള ഏറ്റവും വലിയ ആഗ്രഹം?

ഇപ്പോൾ മനസ്സിലുള്ള വലിയ ആഗ്രഹം എന്നെപ്പോലെ ഉള്ളവർ ഇൻഡിപെൻഡന്റ് ഫിലിം മേക്കേഴ്സ് കടം വാങ്ങിയും ലോൺ എടുത്തും സിനിമകൾ ഉണ്ടാകുന്നു. ഈ സിനിമകൾ ഇവിടെയുള്ള കോടികൾ മുടക്കി ഉണ്ടാകുന്ന സിനിമയെക്കാൾ മികച്ചു നിൽക്കുന്നുണ്ട്. പക്ഷേ അവർക്ക് അത് പ്രദർശിപ്പിക്കുവാനും ആ പ്രദർശനത്തിൽ നിന്നും വരുമാനം ഉണ്ടാക്കുവാനും ഉള്ള സാദ്ധ്യതകൾ വളരെ കുറവാണ്. അതിനായി ആമസോൺ പോലെയോ സോണി പോലെയോ നെറ്റ്ഫ്ളിക്സ് പോലെയോ ഒരു ഒ.ടി.ടി പ്ലാറ്റ്ഫോറം ഉണ്ടാക്കി എടുക്കണം. ഫിലിം കണ്ടന്റ് ഡെവലപ് ചെയ്യാനും പ്രൊഡ്യൂസ് ചെയ്യാനും എനിക്ക് ഇപ്പോൾ സാധിക്കും. പക്ഷേ സെയിൽസ് ചെയ്യാൻ എന്നെപ്പോലെ സിനിമയെ സമീപിക്കുന്നവർക്ക് വേണ്ടിയും ജനങ്ങൾ സിനിമ കാണുവാനും അതിൽ നിന്നും വരുമാനം ഉണ്ടാക്കുവാൻ ഉള്ള പ്ലാറ്റ്ഫോംസ് ഉണ്ടാകണം. അതിന് 7 ഓഫീസെങ്കിലും വേണം 7 ഭൂഖണ്ഡങ്ങളിൽ.

ഇഷ്ടപ്പെട്ട പ്രോജക്ട് പകുതി വഴിയിൽ വച്ചുനിന്ന് പോയിട്ടുണ്ടോ?

ഉണ്ട്. ഒരുപാട് ആഗ്രഹിച്ച ഒരു സിനിമ പാതിവഴിയിൽ വെച്ച് നിന്നുപോയിട്ടുണ്ട്. ഒരു 2 വർഷം എടുത്തു തിരക്കഥ പൂർത്തിയാക്കിയ ഒരു സിനിമയുണ്ട്. പൃഥ്വി എന്നാണ് ആ സിനിമയുടെ പേര്. ഈ സിനിമ ഈ സിനിമയ്ക്ക് ശേഷം ചെയ്യണം. എന്നെ വിശ്വസിച്ചു ഒരു നിർമ്മാതാവും നടനും വന്നാൽ മാത്രം പൂർത്തിയാക്കാൻ പറ്റുന്ന ഒരു സിനിമ ആണ് പൃഥ്വി. അത് ചെയ്യണം എന്ന് ഭയങ്കര ആഗ്രഹമുണ്ട്.

ജനനം 1947 പ്രണയം തുടരുന്നു. ഒരുപാട് പുരസ്കാരങ്ങൾ നേടിയല്ലോ ആ സിനിമയെക്കുറിച്ച് മറക്കാനാകാത്ത അനുഭവങ്ങൾ എന്തൊക്കെയാണ്?

ഈ സിനിമ തന്നെയാണ് മറക്കാൻ ആവാത്ത ഏറ്റവും വലിയ അനുഭവം. കാരണം ആ സിനിമ ഷൂട്ട് ചെയ്ത 30 ദിവസങ്ങൾ ജീവിതത്തിൽ തന്ന സന്തോഷം ഈ ലോകത്ത് മറ്റൊന്നിനും തരാൻ കഴിഞ്ഞിട്ടില്ല.

ഭാവിപദ്ധതികൾ എന്തൊക്കെയാണ്?

പ്രണയം തുടരുന്നു എന്ന സിനിമയ്ക്ക് ശേഷം ഞാൻ പ്രധാന വേഷത്തിൽ എത്തുന്ന എന്റെ പ്രണയം തുടരുന്നു എന്ന സിനിമയിൽ ഉണ്ടായിരുന്ന എല്ലാവരും  ഇപ്പോൾ എനിക്ക് എന്റെ ഫാമിലി ആണ്. 

ആ ഫാമിലിയിൽ നിന്നും അടുത്ത സിനിമ ഉടൻ വരുന്നു. അതിന്റെ ഷൂട്ടിംഗ് ഡബ്ബിംഗ് ഒക്കെ കഴിഞ്ഞു പോസ്റ്റ് പ്രൊഡക്ഷൻ നടക്കുന്നു. ഇടുക്കി സംഭവം എന്നാണ് ആ സിനിമയുടെ പേര്. എന്റെ പ്രൊഡക്ഷൻ കമ്പനി ആയ ക്രയോൺസ് പിക്ചേഴ്സ് തന്നെ ചിത്രം നിർമ്മിക്കുന്നു. സന്തോഷ് അണിമ എന്ന സുഹൃത്തും പ്രണയം തുടരുന്നു എന്ന എന്റെ സിനിമയുടെ ക്യാമറാമാനും കൂടിയായ അദ്ദേഹമാണ് ഇടുക്കി സംഭവത്തിന്റെ സംവിധായകൻ. കഥയും തിരക്കഥയും സംഭാഷണവും എന്റെതന്നെ ആണ്.

സിനിമാരംഗത്ത് എത്തിപ്പെടാൻ ബുദ്ധിമുട്ടുണ്ടായിരുന്നോ?

എത്തിപ്പെടാൻ ബുദ്ധിമുട്ട് ഒന്നും തന്നെ ഉണ്ടായില്ല. ഇവിടെ നിലനിൽക്കാനാണ് ബുദ്ധിമുട്ട്.

സിനിമാമേഖലയിലേക്ക് കടന്നുവരാൻ താൽപ്പര്യമുള്ള പുതുമുഖങ്ങളോട് പറയാനുള്ളത്?

റിസ്ക് എടുക്കാൻ ഉള്ള മനസ്സുണ്ടെങ്കിൽ മാത്രം സിനിമയിലേക്ക് വരുക. നല്ല സിനിമകൾ തിരിച്ചറിയാനും മനസ്സിലാക്കുവാനും ഉള്ള ബേസിക് ഉണ്ടായിരിക്കണം. ആത്മാർത്ഥമായി നമ്മൾ ജോലി ചെയ്താൽ ഇവിടെ നിന്നും നമുക്ക് വിജയമുണ്ടാകും. ഒരു സ്ഥിരവരുമാനം ഉള്ളവർ ഇത് ഒരിക്കലും ഇല്ലാതെയാക്കി സിനിമയിലേക്ക് വരരുത്. സിനിമ പണം ലഭിക്കാൻ മാത്രം എന്ന് വിചാരിക്കുന്നവർ ഇതിലേക്ക് വരരുത്. സിനിമ ഒരു പാഷൻ ആവണം. പബ്ലിസിറ്റി, പ്രശസ്തി ഒക്കെ മിനിമം ഒരു 10 വർഷം സിനിമയിൽ ജോലി ചെയ്തതിനുശേഷം മാത്രം ലഭിക്കുന്ന ഒന്നാണ്. ഇന്നിവിടെ വിജയിച്ചു നിൽക്കുന്നവരെ കണ്ടിട്ട് ആണ് വരുന്നത് എങ്കിൽ അവർ എല്ലാവരും ഒരുപാട് വർഷത്തെ പരിശ്രമം വിജയങ്ങൾ ആയും പരാജയങ്ങൾ ആയും ഏറ്റുവാങ്ങിയ ശേഷമാണ് നിലനിൽക്കുന്നത് എന്നുള്ള ബോധ്യം പുതിയതായി വരുന്നവർക്ക് ഉണ്ടാവണം. Rome was not built in a day.  ഇന്നലത്തെ മഴയിൽ മുളച്ചത് അല്ല ഇവിടെ ഒന്നും.

 


LATEST VIDEOS

Top News